എന്തും ഏതും വില്‍പ്പനച്ചരക്കാവുന്ന ആധുനിക കാലത്ത് സ്വന്തം കല്യാണവും വിറ്റുകളയാമെന്ന് ഒരാള്‍ വിചാരിച്ചാല്‍ അയാളെ കുറ്റം പറയാന്‍ പറ്റില്ല. എന്നാല്‍ ആരോപണങ്ങള്‍ക്കും അപവാദങ്ങള്‍ക്കും ഒടുവില്‍ വിവാഹമോചനത്തിനും ശേഷം നടക്കുന്ന ഒരു വിവാഹം കോടിക്കണക്കിന് രൂപയ്ക്ക് ടെലിവിഷന്‍ ചാനലുകള്‍ക്ക് വില്‍ക്കണമെങ്കില്‍ അത് ചെയ്യുന്ന വ്യക്തിക്ക് ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന തുകല്‍ പന്തിനേക്കാള്‍ തൊലിക്കട്ടി വേണം. അതുണ്ടെന്ന് ഇന്ത്യയില്‍ വെച്ചേ ഷൊയൈബ് മാലിക് തെളിയിച്ചതാണ്.
ആയേഷ സിദ്ദീഖിയ്ക്ക് വിവാഹമോചനത്തിന്‍റെ പേരില്‍ 15 കോടി രൂപ കൊടുക്കേണ്ടി വന്നതാണോ ഷൊയൈബിനെ സ്വന്തം വിവാഹ സല്‍ക്കാരം വില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന് ചോദിച്ചാല്‍ കാറ്റുള്ളപ്പോള്‍ തൂറ്റണം എന്നായിരിക്കും താരത്തിന്‍റെ മറുപടി. മൂന്നരക്കോടി രൂപയ്ക്കാണ് ഷൊയൈബ് പാകിസ്ഥാനിലെ വിവാഹ സല്‍ക്കാര ചടങ്ങുകള്‍ ഒരു ടെലിവിഷന്‍ ചാനലിന് വിറ്റത്. ഇതാദ്യമായാണ് ഒരു പാക് വിവാഹം ഇത്തരത്തില്‍ ചാനലുകള്‍ക്ക് വില്‍ക്കുന്നത്.
ഹോളിവുഡില്‍ വിവാഹവും സല്‍ക്കാരവും പ്രസവവും വരെ ചാനലുകള്‍ക്കും മാഗസിനുകള്‍ക്കും വില്‍ക്കുമ്പോള്‍ ഷൊയൈബ് മാത്രം എന്തിന് മടിച്ചു നില്‍ക്കണം. ഇതിന് ഇന്ത്യയില്‍ തന്നെ മികച്ച മാതൃകയുള്ളപ്പോള്‍ സാനിയയ്ക്കും പേടിക്കാനില്ല. ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായ്‌യുടെയും വിവാഹം ഇതു പോലെ ചാനലുകള്‍ക്ക് വിറ്റിരുന്നു.
ഇവിടെ വിവാഹ സല്‍ക്കാരം മാത്രമല്ല വിവാഹ ക്ഷണപത്രിക കൂടി വില്‍ക്കാമെന്ന പുതിയൊരു ആശയം അവതരിപ്പിച്ച് ഷൊയൈബ് വീണ്ടൂം കൈയടി നേടുകയും ചെയ്തു. 5000 രൂപമുതല്‍ 10000 രൂപവരെ നല്‍കിയാണ് പലരും ക്ഷണപത്രികള്‍ സ്വന്തമാക്കിയത്. ഇത് പലരും കൂടിയ തുകയ്ക്ക് മറിച്ചു വില്‍ക്കുകയും ചെയ്തു. 15000 രൂപ നല്‍കി ക്ഷണപത്രികയും വാങ്ങി അകത്ത് കയറിയ മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാമറ പിടിച്ചു വാങ്ങി.
ഒടുവില്‍ ക്ഷണപത്രിക കിട്ടിയവരും കിട്ടാത്തവരും പണം കൊടുത്തുവരുമെല്ലാം വിവാഹ സല്‍ക്കാരത്തിനെത്തിയപ്പോള്‍ ഷൊയൈബിന്‍റെ ജന്‍മനാടായ സിയാല്‍കോട്ടില്‍ നടന്ന സല്‍ക്കാരം അലങ്കോലമാവുകയും ചെയ്തു. സിയാല്‍ക്കോട്ടിലെ ഹോക്കി ഗ്രൌണ്ടിലായിരുന്നു ചടങ്ങുകള്‍. തൃശൂര്‍ പൂരത്തിനെന്ന പോലെ കല്യാണത്തിന് ആളെത്തിയപ്പോള്‍ സ്വന്തം അമ്മയെപ്പോലും തിരക്കിനിടയില്‍ സാനിയയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.
ഷൊയൈബിനും സാനിയയ്ക്കും ഒപ്പം ഫോട്ടോ എടുക്കാനുള്ളവരുടെ തിരക്ക് കൂടിയായപ്പോള്‍ പലരും നവദമ്പതിമാരെ കൈവയ്ക്കുന്ന ഘട്ടം വരെയെത്തി. എന്തായാലും മറ്റ് മാധ്യമങ്ങളെയെല്ലാം ഒഴിവാക്കിയതു കൊണ്ട് ഷൊയൈബ് രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ തിക്കിലും തിരക്കിലും പെട്ട് പൊട്ടിക്കരയുന്ന സാനിയയുടെ ദൃശ്യങ്ങളും ഇന്ത്യന്‍ പ്രേക്ഷകര്‍ കാണേണ്ടി വന്നേനെ.
ചൊവ്വാഴ്ച ലാഹോറിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിവാഹ സല്‍ക്കാരവും ഇത്തരത്തില്‍ അതിഥികളുടെ ബാഹുല്യം കാരണം അലങ്കോലമായി. ഇതോടെ തല്‍ക്കാലം വിവാഹ സല്‍ക്കാരങ്ങള്‍ക്ക് ബ്രേക്ക് പറഞ്ഞിരിക്കുകയാണ് താരദമ്പതികള്‍.
വാല്‍ക്കഷണം: വിവാഹ സല്‍ക്കാരം അലങ്കോലമായ സ്ഥിതിയ്ക്ക് ഹണിമൂണിന്‍റെ ചാനല്‍ അവകാശം തങ്ങള്‍ക്ക് വേണമെന്ന് ചാനലുകാര്‍ വാശിപിടിക്കുമോ എന്ന് ഭയന്നിരിക്കുകയാണ് ഷൊയൈബ് ഇപ്പോള്‍.