ചെന്നൈ|
Last Modified തിങ്കള്‍, 13 ഫെബ്രുവരി 2017 (15:21 IST)
ചാണക്യന്‍റെ ബുദ്ധിയാണ് ഒ പനീര്‍സെല്‍വത്തിന് എന്ന് എതിരാളികള്‍ പോലും തിരിച്ചറിഞ്ഞിരുന്നില്ല. പിന്നെയാണോ, എപ്പോഴും ഒപ്പമുണ്ടായിരുന്ന ശശികലയും കൂട്ടരും. എന്തായാലും ഒ പി എസ് ആരാണെന്ന് ഇപ്പോള്‍ എല്ലാവരും മനസിലാക്കിത്തുടങ്ങിയിരിക്കുകയാണ്. ഒരു തട്ടുപൊളിപ്പന്‍ തമിഴ് സിനിമയിലെ ട്വിസ്റ്റുകളെ വെല്ലുന്ന രീതിയിലാണ് പനീര്‍സെല്‍വത്തിന്‍റെ കളികള്‍.
രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ സെക്രട്ടേറിയറ്റില്‍ പോയി കര്‍മ്മനിരതനാകാന്‍ ഒ പി എസ് കാണിച്ച ബുദ്ധിയെ ഏവരും ശ്ലാഘിക്കുകയാണ്.
ശശികല എം എല്‍ എമാര്‍ പാര്‍ക്കുന്ന കൂവത്തൂര്‍ റിസോര്‍ട്ടിലേക്ക് മൂന്നാം തവണയും പോകാനൊരുങ്ങുമ്പോള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു മുഖ്യമന്ത്രിയുടെ കടമ നിറവേറ്റുകയാണ് താനെന്ന് പറയാതെ പറയുകയാണ് ഒ പി എസ്.
അതുമാത്രമല്ല, ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ് എം എല്‍ എമാര്‍ കഴിയുന്ന റിസോര്‍ട്ട് വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ ശശികല തയ്യാറാകുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഓരോ ദിവസവും ശശികല പക്ഷത്തുനിന്ന് നേതാക്കള്‍ പനീര്‍സെല്‍വത്തിന്‍റെ ചേരിയിലേക്കെത്തുകയാണ്.
എം എസ് ധോണിയെപ്പോലെയാണ് ഒ പി എസ് എന്നാണ് ഒരു അണ്ണാ ഡി എം കെ നേതാവ് നടത്തിയ പുതിയ ഉപമ. വൈകാരികമായ ഒരു പദപ്രയോഗത്തിനുപോലും തയ്യാറാകാതെ പനീര്‍സെല്‍വം കൃത്യമായ നീക്കങ്ങളിലൂടെയാണ് ശശികലയുടെ വഴി തടഞ്ഞ് മതില്‍ കെട്ടിയുയര്‍ത്തുന്നത്.
നേരിട്ടുള്ള നീക്കങ്ങള്‍ കൂടാതെ സോഷ്യല്‍ മീഡിയ വഴിയും പനീര്‍സെല്‍വം ആധിപത്യം സ്ഥാപിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ശശികലയ്ക്ക് തീരെ പിന്തുണയില്ലാത്ത സാഹചര്യമാണുള്ളത്. അവിടെ താര പരിവേഷത്തില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഒ പി എസ്.