വി എസ് പൊളിറ്റ് ബ്യൂറോയിലേക്ക്?

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വി എസ്‌ അച്യുതാനന്ദനെ പൊളിറ്റ്‌ ബ്യൂറോയിലേക്ക്‌ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. ആന്ധ്ര, ഡല്‍ഹി, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച്‌ പി ബിക്ക്‌ കത്ത്‌ നല്‍കിയിരിക്കുകയാണ്. വി എസിനെ പി ബിയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്തോളം അംഗങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ വി എസ് പി ബിയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

നേരത്തെ ഈ ആവശ്യം ഉന്നയിച്ചതാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പരിഗണിക്കാമെന്ന നിലപാടാണ് അപ്പോള്‍ നേതൃത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയത്തിന് വി എസ് ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചതാണ്. ഇത്തരത്തില്‍ ഉള്ള ഒരു നേതാവിനെ പി ബിക്ക് പുറത്ത് നിര്‍ത്തുന്നത് ശരിയല്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തേയും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ വി എസിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.

ലാവ്‌ലിന്‍ അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടി ഘടകത്തിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വി എസിനെ പി ബിയില്‍ നിന്ന് പുറത്താക്കിയത്. 2009 ജൂലൈ ഒന്‍പതിനായിരുന്നു വി എസിനെ പി ബിയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തരം താഴ്ത്തിയത്‌.

വി എസ് മുഖ്യമന്ത്രിയിരുന്ന കാലത്ത് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുവദിച്ചതിനെതിരെ പാര്‍ട്ടിയും, ആഭ്യന്തരമന്ത്രിയടക്കം ചില മന്ത്രിമാരും പരസ്യമായി രംഗത്തു വന്നിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ ഗവര്‍ണര്‍ക്ക് വിവേചനാധികാരമുണ്ടെന്നും, ഗവര്‍ണറുടെ നടപടിയില്‍ അദ്‌ഭുതപ്പെടേണ്ട്തില്ലെന്നും വി എസ് വ്യക്തമാക്കുകയായിരുന്നു. ഇത് പാര്‍ട്ടിയിലും, മന്ത്രി സഭയിലും മുഖ്യമന്ത്രിക്കെതിരെ കടുത്ത അമര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വി എസ് അച്യുതാനന്ദനെ പി ബിയില്‍ പുറത്താക്കാന്‍ തീരുമാനിച്ചത്.

വി എസിന്റെ പൊളിറ്റ് ബ്യൂറോ പുനഃപ്രവേശനം കോഴിക്കോട് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടായേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ വിശകലനത്തില്‍ പ്രകാശ് കാരാട്ടും വി എസിന് അനുകൂലമായ അഭിപ്രായം അന്ന് രേഖപ്പെടുത്തിയതാണ്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങളാരും തന്നെ വി എസിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :