വി എസും പാര്‍ട്ടിയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധരായതെങ്ങനെ?

WEBDUNIA|
PRO
PRO
എന്‍ഡോസള്‍ഫാന്‍ വിരുദ്ധരുടെ കുപ്പായമണിഞ്ഞ് നടക്കുന്ന സി പി എം ഒരുകാലത്ത് ഈ വിഷത്തെ അനുകൂലിച്ച് അക്രമങ്ങള്‍ നടത്തിയ കഥ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ? ഹര്‍ത്താല്‍, ഉപവാസം, കത്തെഴുത്ത് തുടങ്ങിയ പ്രതിഷേധപരിപാടികളുമായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും കൂട്ടരും കത്തിക്കയറുമ്പോള്‍ 11 വര്‍ഷം മുമ്പ് നടന്ന ആ സംഭവങ്ങള്‍ കാസര്‍ഗോട്ടെ ചിലരെങ്കിലും മറന്നിട്ടുണ്ടാവില്ല!

1999-ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്താണ് സി പി എം എന്‍ഡോസള്‍ഫാന്‍ പ്രണയം മൂത്ത് അക്രമത്തിലേക്ക് തിരിഞ്ഞത്. ആകാശത്ത് നിന്ന് ഈ കീടനാശിനി തളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ബോവിക്കാനത്ത് പ്രകടനം നടത്തിയ ഒരു കൂട്ടം ചെറുപ്പക്കാരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്റെ ഭീകരമുഖം തിരിച്ചറിഞ്ഞ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയവരെയാണ് സി പി എമ്മുകാര്‍ ആക്രമിച്ചത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാതിരിക്കാന്‍ സാധിക്കില്ലെന്നാണ് അന്ന് സി പി എം പറഞ്ഞത്. ഈ കീടനാശിനി തളിക്കുന്നത് നിര്‍ത്തിയാല്‍ കശുമാവിന്‍ തോട്ടങ്ങളെ അത് ബാധിക്കും, വിള നശിച്ചാല്‍ സി ഐ ടി യു പ്രവര്‍ത്തകരായ അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നായിരുന്നു സി പി എമ്മിന്റെ കണ്ടത്തല്‍. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ജീവന്‍ ബാക്കിവച്ചാല്‍ അല്ലേ തൊഴില്‍ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടൂ എന്ന സത്യം തിരിച്ചറിയാന്‍ പാര്‍ട്ടി വൈകിപ്പോയി എന്നതാണ് സത്യം!

പിന്നെ 2001-ല്‍ യു ഡി എഫ് അധികാരത്തിലെത്തി. വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവുമായി. അപ്പോഴേക്കും എന്‍ഡോസള്‍ഫാന്‍ എന്ന മഹാവിപത്ത് കാസര്‍ഗോട്ടെ ഗ്രാമങ്ങള്‍ വിഴുങ്ങിയിരുന്നു. തുടര്‍ന്ന് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ വി എസിന് ഇതൊക്കെ എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ചതാണെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടേണ്ടി വന്നു. ചില എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തകരോട് അദ്ദേഹം ഈ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. അതിന് ശേഷമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയാണ് താന്‍ കണ്‍‌മുന്നില്‍ കാണുന്നതെന്ന് വി എസിന് ബോധ്യമായത്.

എന്നാല്‍ ദുരന്തം നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടും ഈ കീടനാശിനി നിരോധിക്കണം എന്നത് സംബന്ധിച്ച് വി എസ് ഒരക്ഷരം പോലും പറഞ്ഞതുമില്ല. എന്‍ഡോസള്‍ഫാന്റെ ഭീകരത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ഒരു ഉപവാസ സമരം നടത്താന്‍ വി എസിന് വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്ന് ചുരുക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :