തെന്നിന്ത്യയില്‍ ബി.ജെ.പിയുടെ മോഹങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി ബൂക്കനാക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ കര്‍ണ്ണാടകത്തില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയായി അധികാരമേറ്റു. നവംബറില്‍ ഒരാഴ്ച കഷ്ടിച്ച് മുഖ്യമന്ത്രിയായ ശേഷം രാജിവയ്ക്കേണ്ടിവന്ന യദ്യൂരപ്പയ്ക്ക് ഇത് മഹത്തായ രണ്ടാമൂഴമാണ്.
രണ്ട് പതിറ്റാണ്ട് കൊണ്ട് പൂജ്യത്തില്‍ നിന്ന് 110 സീറ്റിലേക്ക് പാര്‍ട്ടിയെ വളര്‍ത്തിയെടുത്തതിനു പിന്നില്‍ യദ്യൂരപ്പയുടെ രാഷ്ട്രീയ കൌശലവും കഠിനാധ്വാനവും ഉണ്ടായിരുന്നു.
കര്‍ണ്ണാടകത്തിലും തെക്കേ ഇന്ത്യയിലും ഇതാദ്യമായാണ് ബി.ജെ.പി ഒറ്റയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്നതും. ആറ് സ്വതന്ത്രന്‍മാരുടെ പിന്തുണ കൂടി ബി.ജെ.പിക്കുണ്ട്.
യെഡിയൂരപ്പ സംഖ്യാശാസ്ത്രജ്ഞന്‍മാരുടെ ഉപദേശ പ്രകാരം യെദ്യൂരപ്പയായി മാറി. ‘ഐ’ എന്ന അക്ഷരത്തിനു പകരം ഒരു ‘ഡി’ കൂടി ചേര്‍ത്തായിരുന്നു പേരിലെ മാറ്റം. ഇത് കര്‍ണ്ണാടകത്തില്‍ കാവിതരംഗം സൃഷ്ടിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.