മുല്ലപ്പെരിയാര്‍ വിഷയം തമിഴ്നാട്ടില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിന് എ ഐ എ ഡി എം കെ ഒരുങ്ങുന്നു. കരുണാനിധി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തമിഴ് ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് ജയലളിത കുറ്റപ്പെടുത്തുന്നു. എന്തായാലും സര്‍ക്കാരിനെ അടിക്കാന്‍ അടുത്തകാലത്തൊന്നും കിട്ടാതിരുന്ന ഒരു വടി ജയലളിതയ്ക്ക് കിട്ടിയിരിക്കുന്നു എന്നാണ് തമിഴകത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി സര്‍വേ നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് അനുമതി നല്‍കിയതാണ് തമിഴക രാഷ്ട്രീയത്തില്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്രം ഇങ്ങനെ ഒരു അനുമതി നല്‍കിയത് തമിഴ്നാട് സര്‍ക്കാരിന്‍റെ പരാജയമായാണ് കാണേണ്ടതെന്ന് തമിഴര്‍ ദേശീയ ഇയക്കം നേതാവ് പി നെടുമാരന്‍ ആരോപിക്കുന്നു.
കേന്ദ്രത്തിന്‍റെ ഇടപെടല്‍ കേരളത്തിന് അനുകൂലമായി വരുന്നു എന്നു കണ്ടതോടെ തമിഴ്നാട് സര്‍ക്കാര്‍ കടുംപിടിത്തങ്ങള്‍ ഉപേക്ഷിച്ച് അനുനയ സമീപനം സ്വീകരിച്ചു എന്നത് സത്യമാണ്. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് കേരളം ഔദ്യോഗികമായ അറിയിപ്പ് തങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കേന്ദ്രത്തിന് കത്തുനല്‍കിയിട്ടുണ്ട്.
നിലവിലെ അണക്കെട്ട് വളരെ ദുര്‍ബലമാണെന്നും ഈ അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന ഭവിഷ്യത്ത് വളരെ വലുതാണെന്നും കേരളം കേന്ദ്രസര്‍ക്കാരിനെ ബോധിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിനും ഇപ്പോള്‍ അത് ബോധ്യമായ മട്ടാണ്. പുതിയ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തങ്ങള്‍ക്ക് വെള്ളം തരുന്നത് നിലയ്ക്കുമോ എന്നതാണ് തമിഴ്‌നാടിന്‍റെ ഭയം. തമിഴ്നാടിന് വെള്ളം നല്‍കണമെന്ന അഭിപ്രായമാണ് കേരള സര്‍ക്കാരിനെന്നും മറിച്ചൊരു നിലപാട് ചിന്തയിലില്ലെന്നും കേരളം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ അണക്കെട്ട് നിര്‍മ്മിച്ചാലും തമിഴ്നാടിന് വെള്ളം നല്‍കുന്നതു തുടരുമെന്ന കേരളത്തിന്‍റെ നിലപാട് സത്യസന്ധതയുള്ളതാണെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. നിലവിലെ അണക്കെട്ടിന്‍റെ ശോചനീയാവസ്ഥയും കേന്ദ്രത്തിനു മുന്നില്‍ വ്യക്തമാണ്. അതിനാലാണ് പുതിയ അണക്കെട്ടിന്‍റെ സര്‍വേ നടത്താനുള്ള അനുമതി നല്‍കിയിട്ടുള്ളത്. ഇതിനെ എതിര്‍ക്കാന്‍ മാത്രം കരുത്തുള്ള വാദങ്ങളൊന്നും തമിഴ്‌നാട് സര്‍ക്കാരിന്‍റെ പക്കലില്ല എന്നതാണ് വസ്തുത.
എന്നാല്‍ തമിഴ്നാട്ടിലെ പ്രതിപക്ഷത്തിനും രാഷ്ട്രീയ മുതലെടുപ്പ് നിലനില്‍പ്പിന് അത്യാവശ്യമായ ചില ചെറുപാര്‍ട്ടികള്‍ക്കും മുല്ലപ്പെരിയാര്‍ തല്‍ക്കാലത്തേക്കെങ്കിലും ഒരു രാഷ്ട്രീയ ആയുധമാണ്. തമിഴ് ജനതയെ ദ്രോഹിക്കുന്ന നിലപാടുമായി കേരളം മുന്നോട്ടു പോകുകയാണെന്നും പുതിയ അണക്കെട്ട് വരുന്നതോടെ തമിഴ്നാട്ടിലേക്കുള്ള വെള്ളത്തിന്‍റെ വരവ് നിലയ്ക്കുമെന്നും ജയലളിത ആരോപിക്കുന്നു. യാഥാര്‍ത്ഥ്യം ഇതല്ലെന്നിരിക്കെ സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വഴികളാണ് ജയലളിത തിരയുന്നതെന്ന് തമിഴ്നാട് സര്‍ക്കാരിനും അറിയാം. എങ്കിലും തമിഴ്നാട് പരാജയപ്പെട്ടിട്ടില്ല എന്ന് ബോധ്യപ്പെടുത്താനായി ചില ശ്രമങ്ങള്‍ ഡി എം കെയും നടത്തുന്നു.
PTI
വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തീരുമാനത്തോടുള്ള പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ ദയാനിധി മാരന്‍റെയും കനിമൊഴിയുടെയും നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള എം പിമാര്‍ കേന്ദ്രമന്ത്രിമാരെ കാണുന്നുണ്ട്. മുല്ലപ്പെരിയാര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്ന് സാരം.
മുല്ലപ്പെരിയാറിന് ബലക്ഷയമില്ലെന്ന വാദം കേന്ദ്രത്തെ ബോധ്യപ്പെടുത്താല്‍ തമിഴ്നാടിന് കഴിയാത്തിടത്തോളം ഇത്തരം രാഷ്ട്രീയ പുകമറകളിലൂടെ ഈ പ്രശ്നം മുന്നോട്ടുകൊണ്ടുപോകാനായിരിക്കും അവര്‍ ശ്രമിക്കുക. എന്നാല്‍, ചര്‍ച്ചകളും മേല്‍ചര്‍ച്ചകളുമായി വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ മുല്ലപ്പെരിയാറിന്‍റെ തീരങ്ങളിലും സമീപ ജില്ലകളിലുമുള്ളവരുടെ ജീവന്‍ വച്ചുള്ള കളിയാണിതെന്ന് ജനപ്രതിനിധികളും രാഷ്ട്രീയക്കാരും മറന്നു പോകാതിരുന്നെങ്കില്‍. എന്തായാലും ജയലളിതയുടെയും കൂട്ടരുടെയും രാഷ്ട്രീയലക്‍ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ്, ഫലപ്രദമായ രീതിയില്‍ തമിഴ്നാട് സര്‍ക്കാര്‍ ചിന്തിക്കാതെ ഇതിന് പരിഹാരമാകില്ല.