മഞ്ജു വാര്യര്‍ എന്ന നടിയല്ല, മഞ്ജു എന്ന പെണ്ണ്!

മഞ്ജുവാണ് താരം.... എന്നും എപ്പോഴും മഞ്ജുവിനൊപ്പം....

അപര്‍ണ ഷാ| Last Modified ചൊവ്വ, 11 ജൂലൈ 2017 (16:23 IST)
2016 നവംബര്‍ 25 - മലയാളികള്‍ മറന്നാലും മഞ്ജു വാര്യര്‍ മറക്കാന്‍ സാധ്യതയില്ലാത്ത ദിനം. ദിലീപും കാവ്യാ മാധവനും വിവാഹിതരായ ദിവസം. അന്നത്തെ ദിവസം മലയാളികള്‍ തിരിച്ചറിയുകായിരുന്നു അവരുടെ ജീവിതത്തില്‍ സത്യത്തില്‍ എന്തായിരുന്നു നടന്നതെന്ന്. നിങ്ങളായിരുന്നു മഞ്ജു ചേച്ചി ശരിയെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറഞ്ഞു.

മാസങ്ങള്‍ക്ക് ശേഷം അതേ ഭാരവും വിഷമവും കഴിഞ്ഞ 24 മണിക്കൂറായി മഞ്ജു അനുഭവിക്കുകയാണ്. തന്റെ സുഹൃത്തിന് നേരിടേണ്ടി വന്ന ദുരിതത്തിന് പിന്നില്‍ ദിലീപ് ആയിരിക്കല്ലേ എന്ന് മഞ്ജു ആഗ്രഹിച്ചിട്ടുണ്ടാകും.ആക്രമിക്കപ്പെട്ട നടി ഇന്നത്തെ ദിവസം സുഖമായി, മനഃസമാധാനത്തോടു കൂടി ഉറങ്ങുമെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അത് സത്യമായിരിക്കാം.

അങ്ങനെ അവളെ സമാധാനത്തോടെ ഉറക്കുന്നതിനായി ഏറ്റവും കൂടുതല്‍ പങ്കു വഹിച്ചത് മഞ്ജു തന്നെയാണ്. മഞ്ജു വാര്യര്‍ എന്ന നടിയായിട്ടല്ല, മഞ്ജുവെന്ന കൂട്ടുകാരിയായിട്ടായിരുന്നു ആ നടിയോടൊപ്പം നിന്നത്. ആക്രമണത്തില്‍ ഗൂഡാലോചനയുണ്ടെന്നും ക്രിമിനലിനെ പുറത്തു കൊണ്ടുവരണമെന്നും പരസ്യമായി ആദ്യം പറഞ്ഞത് മഞ്ജു ആയിരുന്നു, മഞ്ജുവിലെ സ്ത്രീയായിരുന്നു.

എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ ആ സായാഹ്നം ആരും മറന്നിരിക്കുകയില്ല. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയര്‍പ്പിക്കാന്‍ മലയാള സിനിമാ മേഖലയിലെ ആളുകള്‍ എല്ലാം ഒത്തുകൂടിയ സായാഹ്നം. കൂട്ടത്തില്‍ ദിലീപുമുണ്ടായിരുന്നു. അദ്ദേഹം നന്നായി അഭിനയിച്ചു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താനൊരു നല്ല നടനാണെന്ന് തെളിയിക്കുകയായിരുന്നു ദിലീപ്. അന്ന് ദിലീപും മമ്മൂട്ടിയും ഇന്നസെന്റുമടക്കം പലരും സംസാരിച്ചു. നടിക്കായി കണ്ണീരൊഴുക്കുകയും നെടുവീര്‍പ്പിടുകയും കൂടെയുണ്ടെന്ന് പറയുകയും ചെയ്തു. എന്നാല്‍, ദര്‍ബാര്‍ ഹാള്‍ മാത്രമല്ല ആ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്നവര്‍ ഒന്നടങ്കം കാത്തിരുന്നത് മഞ്ജുവിന്റെ വാക്കുകള്‍ക്കായിരുന്നു.

‘ഇവിടെയിരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരേയും പല അര്‍ദ്ധ രാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ കൊണ്ടാക്കിയിട്ടുള്ള ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരേയും അങ്ങനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഇതിനു പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതു മാത്രമല്ല, ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയും ഒരു സ്ത്രീക്കുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. അതിന് നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു മാത്രം എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’. - ഇതായിരുന്നു മഞ്ജു പറഞ്ഞ വാക്കുകള്‍.

ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞപ്പോള്‍ ആ വാക്കിനെ പോലും പലരും വെറുതെ വിട്ടില്ല. ദിലീപിനെതിരെയാണ് മഞ്ജു വാക്കുകള്‍ ഉന്നയിക്കുന്നതെന്നും ദിലീപിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് മഞ്ജു ശ്രമിച്ചതെന്നും പലരും പറഞ്ഞു. എന്നാല്‍, അന്ന് അങ്ങനെ പറഞ്ഞവര്‍ തന്നെ ഇന്ന് തിരുത്തുന്നു. മഞ്ജുവെന്ന നടിയല്ല, മഞ്ജുവെന്ന കൂട്ടുകാരിയും മഞ്ജുവെന്ന സ്ത്രീയുമാണ് തന്റെ നിലപാട് വ്യക്തമാക്കിയതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.

ക്രിമിനല്‍ ഗൂഢാലോചന ഉണ്ടോയെന്ന കാര്യത്തില്‍ പൊലീസിനോ സഹപ്രവര്‍ത്തകര്‍ക്കോ യാതോരു അറിവുമുണ്ടായിരുന്നില്ല. ആ സമയത്താണ് മഞ്ജു ഉറപ്പിച്ച് പറഞ്ഞത് ‘ഇതു ഗൂഢാലോചനയാണ്, ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം‘. അതും മലയാള സിനിമാ ലോകം ഭരിക്കുന്ന തലമൂത്തവരുടെയും മാധ്യമങ്ങളുടെയും മുന്നില്‍ തന്നെ.

ആക്രമിക്കപ്പെട്ട നടിക്ക് ഇത്ര ഉറച്ച ശബ്ദത്തോടു കൂടി സപ്പോര്‍ട്ട് ചെയ്യാന്‍ മലയാള സിനിമയിലെ സ്ത്രീകളില്‍ മഞ്ജു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഞ്ജുവിന്റെ വാക്കുകളില്‍ മാത്രം ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന തോന്നലില്‍ നിന്നാകാം വുമണ്‍ ഇന്‍ കളക്ടീവ് എന്ന സംഘടന രൂപം കൊണ്ടത്. അതൊക്കെ കേസിലെ നിഗഢത പുറത്തു‌കൊണ്ട് വരുന്നതിനു വേണ്ടിയായിരുന്നുവെന്ന് വ്യക്തം. അതിനും മുന്നില്‍ നിന്നത് മഞ്ജു തന്നെ. മഞ്ജുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.

‘’മഞ്ജു, നിങ്ങളോട് ബഹുമാനവും സ്നേഹവും കൂടുന്നു. അതിജീവനത്തിന്റെ, മാന്യതയുടെ മാതൃക. സ്ത്രീ എന്ന നിലയില്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു"

"എന്നും നിങ്ങളുടെ കൂടെയായിരുന്നു മനസ്സ്, ധൈര്യമായി മുന്നോട്ടു പോകുക. ദൈവം അനുഗ്രഹിച്ച അതുല്യ കലാകാരി, കാലം സത്യം തെളിയിച്ചിരിക്കുന്നു"

"ഇപ്പോൾ നിങ്ങളോടുള്ള ബഹുമാനം ..കുറച്ചുകൂടി കൂടി...സത്യം എന്നും ജയിക്കട്ടെ...."

"മഞ്ജുനെ കുറ്റം പറഞ്ഞു നടന്നവർ ഒക്കെ ഇപ്പോ എവിടെ പോയി??? ഇപ്പോ യഥാർത്ഥ കാരണം മനസിലായോ??"

"മഞ്ജുവാണ് താരം.... എന്നും എപ്പോഴും മഞ്ജുവിനൊപ്പം...."

എന്നാല്‍, ദിലീപിന്റെ അറസ്റ്റ് എങ്ങനെയൊക്കെ മഞ്ജുവിന്റെ ജീവിതത്തില്‍ ബാധിക്കുകയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :