മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകനും സിനിമാ നടനുമായ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക-ബിനാമി ഇടപാടുകളെ സംബന്ധിച്ചും കേസുകളെക്കുറിച്ചും സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. സംസ്ഥാന ഇന്റലിജന്‍സ് ഡിജിപി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഈ അന്വേഷണം. പ്രതിപക്ഷനേതാവ് വിഎസ് അചുതാനന്ദന്‍റെ മകന്‍ അരുണ്‍കുമാറിന് എതിരെ വിജിലന്‍സ് അന്വേഷണം നടത്തിയതിന് സമാനമാണിതെന്നും വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഒരു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തുതന്നെ ബിനീഷിനെതിരായ ചില പരാതികള്‍ ലഭിച്ചിരുന്നുവെന്നും ഇടതുസര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങളില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ തുടരന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബിനീഷിനെതിരെയുള്ള അന്വേഷണം സ്ഥിരീകരിച്ചുകൊണ്ട് ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
റിയല്‍ എസ്റ്റേറ്റില്‍ ബിനാമിപ്പേരില്‍ ബിനീഷ് കോടിയേരി വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നാണ് പരക്കെ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇടുക്കി, കണ്ണൂര്‍, വയനാട്, തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളില്‍ ബിനീഷ് ഉള്‍പ്പെട്ടതായി കരുതുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകളുടേയും മറ്റ് ഇടപാടുകളുടെയും വിവരങ്ങളാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.
സിനിമാരംഗത്തുള്ള ചിലര്‍ ഭൂമാഫിയയായി വിലസുന്നുണ്ടെന്ന് മുമ്പുതന്നെ ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. നടനും ചലച്ചിത്ര സംവിധായകനുമായ ബാബുരാജ് ആനവിരട്ടി വില്ലേജിലെ കമ്പിലൈന്‍ ഭാഗത്ത് പട്ടയമില്ലാത്ത ഭൂമി വാങ്ങി റിസോര്‍ട്ട് നിര്‍മിച്ചിരുന്നു. ഇതിനെതിരായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബാബുരാജ് ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ ഭൂമി ഇടപാടില്‍ ബിനീഷിന് പങ്കുള്ളതായി ചില സൂചനകള്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ ഈ വരുന്ന ജനുവരിയില്‍ കളത്തിറങ്ങുന്ന കേരള സ്‌ട്രൈക്കേഴ്സിലെ കളിക്കാരനാണ് ബിനീഷ് കോടിയേരി. നടന്‍ ഇടവേള ബാബു ടീം കേരള സ്‌ട്രൈക്കേഴ്സിന്‍റെ ടീം ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ലക്ഷ്മി റായിയും ഭാവനയുമാണ്.