പിണറായി വിജയന്‍ എവിടെ? നിയമസഭാതെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരികൊള്ളുമ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടറി എവിടെയാണ്? ലോക്‍സഭാ തിരഞ്ഞെടുപ്പിനു ശേഷം വാര്‍ത്തയായ വി എസ് ചിരി അനുകരിക്കാന്‍ മറഞ്ഞിരിക്കുകയാണോ പിണറായി? വി എസ് നയിച്ചുകാണിക്കട്ടെ എന്നതാണോ പിണറായിയുടെ ഉള്ളിലിരുപ്പ്?
വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സി പി എം സംസ്ഥാന സെക്രട്ടറി ഒടുവില്‍ വാര്‍ത്തയില്‍ വന്നത് പിറ്റേദിവസം ഇ എം എസ് അനുസ്മരണച്ചടങ്ങില്‍ ആയിരുന്നു. മാര്‍ച്ച് 19ന് ആ ചടങ്ങില്‍ മാധ്യമങ്ങളെ ശക്തമായ ഭാഷയില്‍ പിണറായി വിമര്‍ശിച്ചിരുന്നു. ചില മാധ്യമങ്ങള്‍ യുഡിഎഫിനു വേണ്ടി കാശുവാങ്ങുകയാണെന്നാണ് പിണറായി പറഞ്ഞത്. തലേദിവസം വി എസ് അച്യുതാനന്ദന്‍ കേരളത്തിലെ സിപിഎമ്മിലെ അനിഷേധ്യനായ നേതാവാണെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു.
പിന്നീട് പിണറായി അദൃശ്യ സാന്നിധ്യമായി മാത്രമാണ് വാര്‍ത്തകളില്‍ വരുന്നത്. മറ്റുള്ള ഇടതുപക്ഷ നേതാക്കള്‍ നല്‍കുന്ന അഭിമുഖങ്ങളിലെ പരാമര്‍ശം മാത്രമായിട്ടാണ് പിണറായി വിജയന്റെ പേര് വാര്‍ത്തകളിലുണ്ടാകുന്നത്. സാധാരാണ നേതാക്കള്‍ പാര്‍ട്ടി വിട്ടാല്‍ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തുന്ന ആളാണ് പിണറായി. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സ്ഥാനാര്‍ഥി പിന്‍മാറ്റത്തെക്കുറിച്ച്( മാര്‍ച്ച് 19ന് മുന്‍പ്) പരിഹസിച്ച പിണറായി സിന്ധു ജോയിയുടെ കാര്യത്തില്‍ ഒരു പ്രസ്താവന പോലും നടത്തിയില്ല എന്നത് ശ്രദ്ധേയമാണ്.
സി പി എം സ്ഥാനാര്‍ഥികളുടെ പ്രചാരണവേദിയില്‍ തിളങ്ങുന്ന വി എസിനെ മാത്രമാണ് പാര്‍ട്ടി നേതാവായി ഇപ്പോള്‍ കാണാനാകുന്നത്. കഴിഞ്ഞ തദ്ദേശ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രചരണവേദികള്‍ നിറഞ്ഞുനിന്ന പിണറായി വിജയന്‍ ഇത്തവണ മാറിനില്‍ക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം വരും ദിവസങ്ങളില്‍ വ്യക്തമാകും.
എന്തായാലും സി പി എമ്മില്‍ വി എസ് വീണ്ടും കരുത്തനാകുന്ന സൂചനകളാണ് കാണുന്നത്. ഔദ്യോഗിക പക്ഷത്തുള്ളവര്‍ പോലും വി എസിനെ നായകനായി ഉയര്‍ത്തിക്കാട്ടുന്നതാണ് രാഷ്ടീയകേരളം കാണുന്നത്. വി എസിനെ പലതവണ വിമര്‍ശിച്ച എം വി ജയരാജന്‍ പോലും ഇപ്പോള്‍ അനുകൂല നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നു. ഒരുപക്ഷേ വി എസിന്റെ ജനകീയത ഉപയോഗപ്പെടുത്താനാകും ഇതെന്നും വിലയിരുത്താം.
എന്തായാലും പാര്‍ട്ടിക്കുള്ളില്‍ വി എസിന് സ്വീകാര്യത കൂടിവരുന്നതിന്റെ തെളിവ് കൂടിയാണ് ഇത്. പാര്‍ട്ടിക്ക് ജനകീയമുഖം നല്‍കാന്‍ പിണറായിയേക്കാള്‍ നല്ലത് വി എസ് ആണ് എന്ന് നേതാക്കള്‍ കണക്കുകൂട്ടുന്നുവെന്ന് വേണം കരുതാന്‍.
അതോ നിയമസഭാതിരഞ്ഞെടുപ്പില്‍ മുന്നണി പരാജയപ്പെട്ടാല്‍ ശക്തമായ വിമര്‍ശനവുമായി ആഞ്ഞടിക്കാന്‍ പിണറായി തയ്യാറായിരിക്കുകയാണ് എന്നും സംശയിക്കാം. പാര്‍ട്ടി പരാജയപ്പെട്ടാല്‍ വി എസ് ആണ് എല്ലാത്തിനും കാരണം എന്ന് വരുത്തിതീര്‍ക്കാനാകുമെന്ന് കണക്കുകൂട്ടലുകള്‍ ഉണ്ടാകും.
പിണറായി തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമല്ലാത്തതിന് വേറൊരു കാരണം കൂടി പറയപ്പെടുന്നു. വിവാദമായ ലാവ്‌ലിന്‍ കേസ് ഈ ആഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സുപ്രീംകോടതി പിണറായിക്കെതിരെ പരാമര്‍ശം നടത്തിയാല്‍ ഇടതുമുന്നണിക്ക് ശക്തമായ തിരിച്ചടിയാകും. ഇപ്പോള്‍ അഴിമതിക്കേസുകളില്‍ മുങ്ങിനില്‍ക്കുന്ന യു ഡി എഫിന് അത് ഒരു ആയുധവുമാകും. ഇത് മുന്‍കൂട്ടി കണ്ടാണോ പിണറായി തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ഇതുവരെ സജീവമാകാത്തത് എന്നും കരുതാം.