ആശയസംവാദങ്ങളും മുഖം നോക്കാതെയുള്ള വിമര്‍ശനങ്ങളുമെല്ലാം അഴീക്കോട് മാഷിന്റെ കൂടപ്പിറപ്പായിരുന്നു. ജി ശങ്കരക്കുറുപ്പും കെ കരുണാകരനും മുതല്‍ മോഹന്‍ലാല്‍ വരേയുള്ളവര്‍ അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് പാത്രമായവരാണ്. പക്ഷേ ആരോടും വ്യക്തിപരമായ വെറുപ്പില്ലെന്നും കാരണങ്ങള്‍ മറ്റ് പലതും ആണെന്നുമാണ് മാഷ് എന്നും പറയാറുള്ളത്.
മോഹന്‍ലാലിനെ കോടതി കയറ്റി, ടി പത്മനാഭനേയും വെള്ളപ്പള്ളി നടേശനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു, വി എസ് അച്യുതാനന്ദനുമായി പ്രസ്താവനാ യുദ്ധത്തില്‍ ഏര്‍പ്പെട്ടു- പക്ഷേ ഒടുവില്‍ രോഗക്കിടക്കയില്‍ മാഷിനെ കാണാന്‍ എല്ലാവരുമെത്തി. സ്നേഹത്തിന്റെ റോസാപുഷ്പങ്ങളുമായി വിലാസിനി ടീച്ചറുമെത്തി. തൃശൂര്‍ അമല മെഡിക്കല്‍ കോളജിലെ ആശുപത്രിക്കിടക്കയില്‍ എല്ലാ പിണക്കങ്ങളും പരിഭവങ്ങളും പെയ്ത് തോരുകയായിരുന്നു. എല്ലാ തെറ്റിദ്ധാരണകളും പറഞ്ഞവസാനിപ്പിച്ചാണ് മാഷ് വിട പറഞ്ഞത്.
അഭിപ്രായവ്യത്യാസങ്ങളാല്‍ അകന്നുനിന്ന ടി പത്മനാഭന്‍ കാണാന്‍ എത്തിയപ്പോള്‍, തനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം പകരുന്നത് അദ്ദേഹത്തിന്റെ വരവാണെന്നാണ് അഴീക്കോട് മാഷ്പറഞ്ഞത്. 16 വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ചയായിരുന്നു അത്. "നീ വരുമെന്ന് എനിക്കറിയാമായിരുന്നു', പത്മനാഭന്‍റെ കൈയില്‍ പിടിച്ച് അദ്ദേഹം പറഞ്ഞു. പത്മനാഭനാകട്ടെ ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു. “ഇവിടെയും നീയാണ് ജയിച്ചത്. ഇപ്പോള്‍ നീന്നോടു ഗുസ്തി പിടിക്കാന്‍ എനിക്ക് ആരോഗ്യമില്ല. എന്തിന് വെറുതെ ഓരോരോ വാശി നമ്മള്‍ കാണിച്ചു“- അഴീക്കോട് വാചാലനായി. ഇത്രയും കാലം അകന്ന് നിന്നത് എന്തിനാണെന്ന് ഇരുവരും ചിന്തിച്ചുപോയ നിമിഷം.
മാഷിന്റെ നടക്കാതെ പോയ വിവാഹത്തിലെ നായികയായ വിലാസിനി ടീച്ചര്‍ ആശുപത്രിയിലെത്തിയതും അദ്ദേഹത്തിന് സാന്ത്വനമായി. കൂടെ വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ടീച്ചര്‍ മടങ്ങിയത്. വിവാഹം കഴിക്കാതിരിക്കുക എന്ന രീതിയിലുള്ള സങ്കല്പം പണ്ട് മുതല്‍ക്കെ തന്റെ മനസ്സില്‍ ഉണ്ടായിരുന്നു എന്നാണ് വിലാസിനി ടീച്ചറെ കല്യാണം കഴിക്കാത്തതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ മാഷ് ഒരിക്കല്‍ പറഞ്ഞത്.
ആശുപത്രിയില്‍ വച്ച് വെള്ളാപ്പള്ളി നടേശന്റെ കണ്ണില്‍ നിന്ന് ഉതിര്‍ന്ന് വീണ നീര്‍ത്തുള്ളികളും മാഷുമായുള്ള പിണക്കം അലിയിച്ചു തീര്‍ക്കുന്നതായിരുന്നു.
നടന്‍ മോഹന്‍ലാലും മാഷും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ കോടതിക്ക് മുന്നില്‍ വരെയെത്തി. എന്നാല്‍ മാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഈ കേസ് രാജിയായി. ഇരുവരും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പരസ്പരം പറഞ്ഞവസാനിപ്പിച്ചു. ഒടുവില്‍ അഴീക്കോട് എന്നെന്നേക്കുമായി വിടപറയുന്നതിന്റെ തൊട്ടുതലേന്ന് മോഹന്‍ലാല്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. അദ്ദേഹം മാഷിന്റെ കൈകളില്‍ തലോടി, കാല്‍ തൊട്ട് വന്ദിച്ചു. ഗുരുതരാവസ്ഥയില്‍ ആണെങ്കിലും ഞാന്‍ വന്നത് മാഷ് അറിഞ്ഞിട്ടുണ്ടാകുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
എന്നും ഗാന്ധിയനായിരുന്നു മാഷ്. പക്ഷേ ഗാന്ധിയന്‍ പാരമ്പര്യമുള്ള കോണ്‍ഗ്രസ് വിട്ട് അദ്ദേഹം ഇടതുപക്ഷത്തേക്ക് ചാഞ്ഞത് വ്യക്തമായ കാരണങ്ങളോടെയായിരുന്നു. കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നതും, ചെയ്യാന്‍ കൂട്ടാക്കാത്തതുമായ കാര്യങ്ങള്‍ കമ്മ്യൂണിസത്തില്‍ കാണാന്‍ കഴിഞ്ഞു എന്നാണ് അദ്ദേഹം അതിന് കാരണമായി പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളെ എക്കാലത്തും വിമര്‍ശിച്ച അദ്ദേഹം മന്‍മോഹന്‍സിംഗ് എന്ന കഴിവുകെട്ട പ്രധാനമന്ത്രി നമുക്ക് ഉണ്ടായിപ്പോയത് സോണിയാ ഗാന്ധിയുടെ ദുര്‍ബല നേതൃത്വം മൂലമാണെന്ന് ഒരിക്കല്‍ തുറന്നടിക്കുകയുണ്ടായി.
ജുഡിഷ്യറി വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ജുഡിഷ്യറി തന്നെ പരിശോധിക്കേണ്ട വിഷയമാണെന്നും, നീതിബോധത്തിന്റെ തൃക്കണ്ണ് കൊണ്ട് തന്നെയാണ് സ്വയം വിശകലനം ചെയ്യേണ്ടതെന്നും പറയാനുള്ള ആര്‍ജ്ജവം കാണിച്ചയാളാണ് അഴീക്കോട് മാഷ്.
ഓര്‍മ്മകള്‍ ബാക്കിയാക്കി മാഷ് മടങ്ങുമ്പോള്‍ ആ നിശബ്ദതയും ശൂന്യതയും സമ്മാനിക്കുന്നത് വേദന മാത്രം.