സുജിത്|
Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (21:18 IST)
ഡി വൈ എഫ് ഐയുടെ സംസ്‌ഥാന നേതാക്കളുടെ പ്രായപരിധി നാല്‍പ്പതു വയസ്സില്‍ കവിയരുതെന്ന തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ സംഘടന. അതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. നേതൃത്വനിരയില്‍ വന്‍ അഴിച്ചുപണിയാണ് ഡിവൈഎഫ്‌ഐ ലക്‍ഷ്യമിടുന്നത്. അതിനുള്ള ആദ്യപടിയായി 2007 മുതല്‍ സംസ്‌ഥാന പ്രസിഡന്റ് ആയിരുന്ന ടി വി രാജേഷ് എംഎല്‍എ പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ പോകുന്നു. പകരം കേരളത്തിലെ സംസ്‌ഥാന ജോയിന്റ് സെക്രട്ടറി എ എന്‍ ഷംസീര്‍ പ്രസിഡന്റ് സ്‌ഥാനത്തേക്ക് എത്തും. ഡി വൈ എഫ് ഐയില്‍ അംഗത്വം എടുക്കാനുള്ള പ്രായപരിധി 15–40 ആണെങ്കിലും ഇത് ഇതുവരെ കര്‍ശനമാക്കിയിരുന്നില്ല. 40ന് മുകളിലുള്ളവര്‍ വേണ്ടെന്ന് തീരുമാനമെടുത്തതോടെ 81 അംഗങ്ങള്‍ ഉള്ള സംസ്ഥാന കമ്മിറ്റിയില്‍ പകുതിയോളം പുതുമുഖങ്ങള്‍ കടന്നെത്തും.
ജില്ലാ നേതൃത്വത്തിലുള്ളവരുടെ പ്രായപരിധി 37 വയസ്സെന്നതു ജില്ലാ സമ്മേളനങ്ങളില്‍ കര്‍ശനമായി നടപ്പാക്കിയിരുന്നു. പ്രായപരിധി കര്‍ശനമാക്കുകയും ഡിവൈഎഫ്‌ഐയുടെ തലപ്പത്തേക്ക് എസ്‌എഫ്‌ഐ നേതാക്കളെ കൊണ്ടുവരുകയും ചെയ്യുന്ന നിലപാടിനോടു ജില്ലാ സമ്മേളനങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
കഴിഞ്ഞ തവണയും സംസ്ഥാന സമിതിയില്‍ പകുതിയോളം പേര്‍ പുതുമുഖങ്ങളായിരുന്നു. ഇത്തവണയും അത്തരത്തിലുള്ള വന്‍ അഴിച്ചുപണിക്കാണ്
ഡി വൈ എഫ് ഐ ഒരുങ്ങുന്നത്.
കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ മന്ത്രിസഭയെന്ന ഖ്യാതി നേടിയ യു ഡി എഫ് മന്ത്രിസഭയ്ക്കെതിരെ പല കാര്യങ്ങളിലും സംഘടനയുടെ ശേഷിക്കനുസരിച്ചുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഡി വൈ എഫ് ഐ പരാജയപ്പെട്ടിരുന്നു എന്നാണ് സംഘടനയ്ക്കുള്ളില്‍ തന്നെയുള്ള വിലയിരുത്തല്‍. വേണ്ട രീതിയില്‍ സംഘടനയെ ചലിപ്പിക്കാന്‍ നേതൃത്വത്തിന് കഴിയാതിരുന്നത് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സംഘടന ഇത്തരത്തിലൊരു തീരുമാനം കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.
എന്തായാലും ഡി വൈ എഫ് ഐ യഥാര്‍ത്ഥ യുവജനങ്ങള്‍ക്ക് അവസരം നല്‍കുമ്പോള്‍, അത് മറ്റ് യുവജന സംഘടനകള്‍ക്കും മാതൃകയാണെന്ന് പറയാതെ വയ്യ.