തമിഴ് വികാരം ഉയര്‍ത്തി കരുണാനിധി, ലക്‍ഷ്യങ്ങള്‍ പലത്!

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PTI
ഡി‌ എം കെ പിന്തുണ പിന്‍‌വലിച്ചതോടെ രാജ്യമൊന്നാകെ കേന്ദ്രസര്‍ക്കാരിനെ ഉറ്റുനോക്കുകയാണ്. യു പി‌ എ സര്‍ക്കാര്‍ നിലനില്‍ക്കുമോ തകര്‍ന്നുവീഴുമോ എന്നതാണ് ചര്‍ച്ചാവിഷയം. ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഡി എം കെയുടെ പിന്തുണ പിന്‍‌വലിക്കല്‍. ശ്രീലങ്കന്‍ തമിഴരുടെ വികാരം ഇന്ത്യ മനസ്സിലാക്കുന്നില്ലെന്നാണ് കരുണാനിധിയുടെ വാദം.

തന്ത്രപരമായ നീക്കത്തിലൂടെ കരുണാനിധി ലക്‍ഷ്യം വയ്ക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, തമിഴ്നാട്ടില്‍ നിറം മങ്ങിനില്‍ക്കുന്ന പാര്‍ട്ടി ഘടകത്തിന് പുതുജീവന്‍ നല്‍കുക. കേന്ദ്രഭരണത്തിലുള്ള പങ്കിനെയും ഒപ്പം ഡി‌എംകെയുടെ സ്വാധീനത്തെയും ദേശീയതലത്തില്‍ ഉയര്‍ത്തിക്കാട്ടുകയെന്നതാ‍ണ് രണ്ടാമത്തെ വിഷയം. ശ്രീ‍- തമിഴ് പ്രശ്നത്തിലെ യുഎന്‍ പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചാല്‍ നിലപാട് മാറ്റുമെന്നാണ് കരുണാനിധിയുടെ നിലപാട്. വെള്ളിയാഴ്ച വരെ യുപിഎ സര്‍ക്കാരിന് സമയം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കില്ലെന്നും കരുണാനിധി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷമായെങ്കിലും ഡി‌ എം കെയുടെ ഭീഷണിക്കു വഴങ്ങുമോയെന്ന് കണ്ടറിയണം.

539 അംഗങ്ങളുള്ള സഭയില്‍ ഭൂരിപക്ഷത്തിന് 270 പേരുടെ പിന്തുണയാണ് വേണ്ടത്. 18 പ്രതിനിധികളുള്ള ഡി‌എംകെ പിന്തുണ പിന്‍‌വലിച്ചതോടെ യുപിഎയുടെ അംഗബലം 232 ആയി ചുരുങ്ങി. എന്നാല്‍ പുറമേ നിന്ന് 49 അംഗങ്ങളുടെ പിന്തുണയുള്ളതിനാല്‍ സര്‍ക്കാരിന് തല്‍ക്കാലം നിലനില്‍ക്കാം. സമാജ്‌വാദി പാര്‍ട്ടി(22) ബി എസ് പി(21) ആര്‍ ജെ ഡി(3), ജെ ഡി എസ്(3) എന്നീ കക്ഷികളാണ് സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്നത്. ഇവരുടെ പിന്തുണ കൂടിയാകുന്നതോടെ 281 പേരാകും. അതുകൊണ്ട് ഭരണം ഉറപ്പിക്കാന്‍ യു പി എ സര്‍ക്കാരിനാകും.

കാബിനറ്റ് റാങ്കുള്ള എം കെ അഴഗിരി ഉള്‍പ്പടെ അഞ്ച് മന്ത്രിമാരാണ് ഡിഎംകെയ്ക്ക് കേന്ദ്രമന്ത്രിസഭയിലുള്ളത്. എസ് എസ് പളനിമാണിക്യം, നെപ്പോളിയന്‍ , എസ് ജഗത്രാക്ഷന്‍, എസ് ഗാന്ധിസെല്‍വന്‍ എന്നിവരാണ് സഹമന്ത്രിമാര്‍. മുന്‍പ് എ രാജ, ദയാനിധിമാരന്‍ എന്നിവര്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജിവച്ചിരുന്നു.

ഡി എം കെ മന്ത്രിമാര്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ രാജിക്കത്ത് നല്‍കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഡിഎംകെ പിന്തുണ പിന്‍വലിച്ചതിനെക്കുറിച്ച് അറിയില്ലെന്നാണ് കേന്ദ്രമന്ത്രി എം കെ അഴഗിരിയുടെ നിലപാട്. പക്ഷേ പിന്തുണ പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ച് രാജി വയ്ക്കുമെന്നും അഴഗിരി പറയുന്നു. അഴഗിരി രാജിവച്ചാല്‍ ഡി എം കെയില്‍ സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള അധികാര വടംവലി വീണ്ടും മുറുകുമെന്ന് ഉറപ്പാണ്.

ഡി എം കെ പിന്തുണ പിന്‍‌വലിച്ചതോടെ പ്രാദേശിക രാഷ്ട്രീയത്തില്‍ പ്രതിച്ഛായ വീണ്ടെടുക്കാന്‍ കരുണാനിധിക്ക് കഴിഞ്ഞാലും ദേശീയ രാഷ്ടീയത്തില്‍ നേരിടേണ്ടി വരുന്ന നഷ്ടം വലുതാകുമെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഡി എം കെ മന്ത്രിമാരുടെ അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന കഥകള്‍ സജീവമാക്കാന്‍ പിന്മാറ്റം കാരണമാകാം. രാജയുടെയും ദയാനിധി മാരന്റെയും കനിമൊഴിയുടെയും കേസുകള്‍ വീണ്ടും സജീവമായാല്‍ ഡി എം കെയുടെ രാഷ്ടീയ ഭാവി അപകടത്തിലാകും. അതുകൊണ്ട് ഒരു ഒത്തുതീര്‍പ്പിനുള്ള സാധ്യത തള്ളിക്കളഞ്ഞു കൂടാ. കൂടാതെ സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള ഉള്‍പാര്‍ട്ടിപ്പോരും ഒരുപോലെ ശക്തമായാല്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധി രൂക്ഷമാണ്. ഡി എം കെയുടെ നിലപാടിനെക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട്, പ്രതികരിക്കാനില്ലെന്ന് ഗാന്ധി പറയാനുള്ള കാരണവും ഇതാവാം.

ശ്രീലങ്കന്‍ സര്‍ക്കാരിന് എതിരായൊരു നിലപാട് എടുക്കാനാണ് കരുണാനിധി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. അതു സമ്മതിച്ചുകൊടുക്കാന്‍ കോണ്‍ഗ്രസ് ഭൂരിപക്ഷ സര്‍ക്കാര്‍ തയാറാവില്ല. പ്രത്യേകിച്ചും ബി ജെ പി പോലും അങ്ങനൊരു നിലപാട് വേണ്ടെന്ന ആശയവുമായി മുന്നോട്ടു പോകുന്ന സമയം മറിച്ചൊരു തീരുമാനം ആത്മഹത്യാപരമായിരിക്കും.

കരുണാനിധിക്ക് അനുകൂലമായൊരു തീരുമാനം കൈക്കൊണ്ടാല്‍ പരോക്ഷമായി എല്‍ ടി ടി ഇ അനുകൂല തീരുമാനമായി അതുമാറും. അത് കോണ്‍ഗ്രസില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം വലുതാവും. കാരണം 1987ല്‍ രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് എല്‍ ടി ടി ഇയെ അടിച്ചമര്‍ത്താന്‍ ഐപികെ‌എഫിനെ(ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്സ്) ശ്രീലങ്കയിലേക്ക് അയച്ചത്. പിന്നീട് രാജീവ് ഗാന്ധിയുടെ മരണത്തിനുതന്നെ അത് കാരണമായി. അതുകൊണ്ടുതന്നെ, രാജീവ് ഗാന്ധി സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമായൊരു കാര്യം കോണ്‍ഗ്രസില്‍നിന്നു ചിന്തിക്കാനാവില്ല. ഡി എം കെ പിണങ്ങിത്തന്നെ നിന്നാല്‍ ചുരുങ്ങിയ ഭൂരിപക്ഷവുമായി മുന്നോട്ടുപോവുകയെന്നതു തന്നെയാ‍വും യു പി എയ്ക്ക് മുന്നിലുള്ള ഏക പോംവഴി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :