ജോസിന് കൃഷി ചെയ്യാന്‍ ‘വിത്തും കൈക്കോട്ടും’ വേണ്ട!

അരുണ്‍ വാസന്തി

Jose Vaidyar
WD
WD
ഹരിത വിപ്ലവങ്ങളിലെ ഭക്‌ഷ്യ സമൃദ്ധികളില്‍ ഇനി വരും കാലം പട്ടിണിയില്ലാത്ത ലോകത്തിന്‍റേതാണ് എന്ന് നാം മേനിനടിച്ചപ്പോള്‍ ജപ്പാനിലെ ഷുക്കോക്കു എന്ന കൊച്ചു ദ്വീപിലിരുന്ന് മെല്ലിച്ച ഒരു മനുഷ്യന്‍ പറഞ്ഞതാണ് മുകളില്‍ ഉദ്ധരിച്ച വാക്യങ്ങള്‍. ‘നിങ്ങള്‍ മണ്ണിലേക്കും ഭൂമിയിലേക്കും മടങ്ങുക’ എന്ന ഒറ്റവയ്‌ക്കോല്‍ വിപ്ലവവുമായി ജൈവികതയിലേക്ക് മടങ്ങി. ഈ ആശയത്തിന് അനുയായികള്‍ കുറവായിരുന്നുവെങ്കിലും ഹരിത‍കാലത്തിന്‍റെ സമൃദ്ധികള്‍ അവസാനിച്ചപ്പോള്‍ നമുക്ക് മുന്നില്‍ ഈ വിപ്ലവം മാത്രമേ അവശേഷിച്ചുള്ളു. ഇന്ന് ലോകമൊട്ടാകെ ഈ കൃഷി സമ്പ്രദായത്തിന് പിറകെയാണ്.

ഫുക്കുവോക്കയെ പക്ഷെ തൃശൂര്‍ ജില്ലയിലെ വേലൂര്‍ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂര്‍ സ്വദേശിയായ ജോസിനറിയില്ല. പക്ഷെ ജോസിന്‍റെ കൃഷിയില്‍, കൃഷിരീതിയില്‍ നിങ്ങള്‍ക്ക് ഒരു ഫുക്കുവോക്കയെ കാണാം. ജൈവികതയിലേക്ക്, മണ്ണിലേക്ക്, ഉര്‍വരതയിലേക്ക് ഊളയിടുന്ന ജൈവകൃഷി... അതാണ് ഓരോ മുള പൊട്ടുമ്പോഴും ജോസിന്റെ ഉള്ളില്‍ കതിരിടുന്നത്.

വേലൂര്‍ ഗ്രൂപ്പ് ഫാമിംഗിന്റെ സെക്രട്ടറി കൂടിയായ ജോസിന് കൃഷി പാരമ്പര്യമാണ്. പക്ഷേ ജോസ് ചെറുപ്പത്തില്‍ തന്നെ വൈദ്യവൃത്തിയിലേക്ക് തിരിഞ്ഞു. ഉഴിച്ചിലും പിഴിച്ചിലും ചികിത്‌സയുമായി മുന്നോട്ടുപോയി. എങ്കിലും ഭൂമിയുടെ വിളി ജോസിലെ കര്‍ഷകനെ ഉണര്‍ത്തി. പക്ഷെ പാരമ്പര്യത്തിന്റെ പാതയില്‍ നടക്കാന്‍ ജോസ് തയ്യാറായില്ല. തന്റേതായ ഒരു പുതു വഴിയായിരുന്നു അദ്ദേഹം കണ്ടെത്തിയത്. മുണ്ടകന്‍ കൊയ്‌തൊഴിഞ്ഞ പാടത്ത് ജോസ് നടത്തിയ പരീക്ഷണം ഒരു വിജയമായിത്തീര്‍ന്നു.

മുണ്ടകന്‍ കൊയ്‌ത പാടത്തില്‍ വീഴുന്ന മണികളെ അവിടെ തന്നെ വളരാന്‍ അനുവദിക്കുക എന്ന രീതിയായിരുന്നു ജോസ് അവലംബിച്ചത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഫുക്കുവോക്കയുടെ രീതി. കൈക്കോട്ടും യന്ത്രങ്ങളും ഉപയോഗിച്ച് വയല്‍ കിളച്ച് മറിക്കാതെ വിത്തുകളെ സ്വയം വളരാന്‍ അനുവദിക്കുന്ന രീതിയായിരുന്നു ജോസ് അവലംബിച്ചത്.

കേരളത്തിലെ, ഈര്‍പ്പമില്ലാത്ത വിരിപ്പുനിലങ്ങളില്‍ ഈ കൃഷി സമ്പ്രദായം വിജയം നേടുമെന്ന് ജോസിന്റെ അനുഭവ സാക്‌ഷ്യം. ഈര്‍പ്പമുള്ള മണ്ണിലും ഈ കൃഷി രീതി പരീക്ഷിക്കാം. എന്നാല്‍ നിലം ഉഴേണ്ടിവരുമെന്ന് മാത്രം. അല്ലെങ്കില്‍ കളകളുടെ ശല്യം ഉണ്ടാവും.

സാധാരണ കര്‍ഷകര്‍ നേരിടുന്ന തൊഴിലാളി ക്ഷാ‍മം പോലുള്ളവ ഇദ്ദേഹത്തിന് ബാധകമല്ല. കൃഷി ലാഭകരമല്ല എന്ന പതിവ് രോദനവും അദ്ദേഹത്തിനില്ല. തന്റെ വിജയം തന്നെ അതിന് ഉദാഹരണമായി ജോസ് ചൂണ്ടിക്കാട്ടുന്നു. ഉമ എന്ന വിത്തിനമാണ് തന്റെ നെല്‍‌പ്പാടത്തില്‍ ജോസ് പരീക്ഷിച്ചത് അത് പരിപൂര്‍ണ്ണ വിജയമാകുകയും ചെയ്‌തു. ഉമ വിത്തിന്റെ, പല കാര്യങ്ങളിലുമുള്ള ‘ക്ഷമത’ ജോസിന് തന്റെ വിജയത്തിന് കൂട്ടായി. ഐ‌ആര്‍‌എട്ടില്‍ നിന്നും പൊക്കാളിയില്‍ നിന്നും വികസിപ്പിച്ചെടുത്ത സങ്കരയിനം വിത്തിനമാണ് ഉമ.

കൃഷിയിലെ ഏറ്റവും വലിയ തലവേദനയായ കള നശിപ്പിക്കുന്നതിനും ഇദ്ദേഹത്തിന് തന്റേതായ ചില കണ്ടുപിടുത്തങ്ങള്‍ ഉണ്ട്. കൃഷി ചെയ്യുന്ന വയലില്‍ മാവിന്റേയോ പ്ലാവിന്റേയോ ഇല വിതറിയാല്‍ കളകളെ പൂര്‍ണ്ണമായും തടയാമെന്നാണ് ജോസ് സാക്‌ഷ്യപ്പെടുത്തുന്നത്. കൃഷി ഓഫീസുകള്‍ പ്രോത്സാഹനം നല്‍കുന്നുവെങ്കിലും അതിലും ചില പരിമിതികള്‍ ഉണ്ടെന്ന് ജോസ് പറയുന്നു. എന്നിരുന്നാലും ആത്‌മാര്‍ത്ഥമായ സഹകരണങ്ങളെ ജോസ് മറക്കുന്നുമില്ല.

കൃഷിയും വയലുകളും അപ്രത്യക്ഷമാകുന്ന ഈ കാലത്തിലും കാര്‍ഷികവൃത്തിയില്‍ വിജയഗാഥ തെളിയിക്കുകയാണ് ഈ മനുഷ്യന്‍. മണ്ണും പ്രകൃതിയും ഒരിക്കലും ചതിക്കില്ലായെന്നും ജോസ് ഉറച്ചു വിശ്വസിക്കുന്നു. സ്‌ക്കൂളിലും ആശുപത്രികളിലും നമ്മുടെ നാട്ടില്‍ വിളയിച്ചെടുക്കുന്ന നെല്ല് തന്നെ വിതരണം ചെയ്‌താല്‍ ഇന്ന് നമ്മള്‍ അനുഭവിക്കുന്ന എല്ലാ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് ഇദ്ദേഹം നിര്‍ദ്ദേശിക്കുന്നു. കൃഷിയ്‌ക്കും വൈദ്യത്തിനും പുറമേ മറ്റു ചില നൂതന വിദ്യകളും ജോസ് പരീക്ഷിക്കുന്നുണ്ട് ഇതിലൊന്ന് കിണറുകളില്‍ ഉപയോഗിക്കുന്ന കളിമണ്ണിലുണ്ടാക്കുന്ന റിംഗുകളാണ്.

വൈറ്റ്‌കോളറുകള്‍ തേടിയും സില്‍വര്‍‌വാലികള്‍ തേടിയും നമ്മുടെ ചെറുപ്പക്കാര്‍ പരദേശങ്ങളിലേക്ക് ചേക്കേറുമ്പോഴും മണ്ണിനേയും കൃഷിയേയും സ്‌നേഹിക്കുന്ന ജോസിനെ പോലുള്ളവര്‍ ഇപ്പോഴും ഇവിടെയുണ്ട്. ഭൂമിയുടെ സ്‌പന്ദനങ്ങള്‍ അവര്‍ അറിയുന്നവര്‍, ഭൂമിയില്‍ പൂക്കള്‍ വിരിയിക്കുന്നവര്‍.
WEBDUNIA|
“ഭൂമി ഇന്ന് നിങ്ങള്‍ക്കായി ഉര്‍വരത നല്‍കുന്നില്ല, നിങ്ങള്‍ ഭക്ഷിക്കുന്നതെന്തും കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടതാണ്”
മസനോബു ഫുക്കുവോക്ക, മദര്‍ എര്‍ത്ത്

.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :