കോണ്‍ഗ്രസിന്‍റെ എതിര്‍പ്പും മാണി വിഭാഗത്തില്‍ നിന്നു തന്നെ ചിലര്‍ പ്രകടിപ്പിക്കുന്ന അനിഷ്ടങ്ങളും പി ജെ ജോസഫിനെ വിഷമിപ്പിക്കുകയാണ്. ലയനം നടക്കുമെങ്കിലും മാണി ഗ്രൂപ്പിലെ പ്രമുഖനായി വിലസാന്‍ ജോസഫിനു കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാണി വിഭാഗത്തില്‍ ലയിച്ച് ഒതുങ്ങിക്കഴിയാനാകും ജോസഫ് വിഭാഗത്തിന്‍റെ വിധിയെന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ നിന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ജോസഫ് വിഭാഗം മാണി ഗ്രൂപ്പിലേക്ക് വരുന്നതിനോട് കടുത്ത എതിര്‍പ്പാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കഴിഞ്ഞകാലത്ത് നടന്നതും പറഞ്ഞതുമൊന്നും ആര്‍ക്കും പെട്ടെന്ന് മറക്കാന്‍ കഴിയില്ലെന്ന് തുറന്നടിച്ച് ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തിയത് ജോസഫിന് വിനയായി. മാത്രമല്ല രമേശ് ചെന്നിത്തലയും ആര്യാടന്‍ മുഹമ്മദും ലയനത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.
കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ് അവഗണിക്കാമെന്ന് വയ്ക്കാം. ഇത് ഞങ്ങളുടെ ആഭ്യന്തരകാര്യമാണെന്ന് മാണിക്കും ജോസഫിനും പറയാം. എന്നാല്‍ ജോസഫിനോട് മാണിഗ്രൂപ്പിലെ പ്രമുഖനായ പി സി ജോര്‍ജ്ജിന് ഉള്ളിന്‍റെ ഉള്ളില്‍ വിദ്വേഷമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. വിമാനയാത്രാ വിവാദമുണ്ടായപ്പോള്‍ ജോസഫിനെതിരെ ഏറ്റവും ശക്തമായി രംഗത്തെത്തിയത് പി സി ജോര്‍ജ്ജാണ്.
മാത്രമല്ല, ജോസഫിനെ മാണിവിഭാഗത്തിന്‍റെ വര്‍ക്കിംഗ് ചെയര്‍മാനായാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ വൈസ് ചെയര്‍മാനായ പി സി ജോര്‍ജ്ജിന് ഇക്കാര്യത്തിലും അനിഷ്ടമുണ്ട്. അത് കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാണിവിഭാഗത്തിനുള്ളില്‍ പി ജെ ജോസഫിന്‍റെ ഭാവി അത്ര ശോഭനമല്ലെന്ന് സാരം.
മാത്രമല്ല, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സീറ്റുകളിലും പി ജെ ജോസഫിന് ത്യാഗം ചെയ്യേണ്ടിവരും. ജോസഫിനു പൊലും സീറ്റു ലഭിക്കുമോ എന്നത് കണ്ടറിയണം. എന്തായാലും ജോസഫ് അടര്‍ന്നു മാറിയത് ഏറ്റവും ഗുണം ചെയ്തത് പി സി തോമസിനാണ്. എല്‍ ഡി എഫില്‍ മാന്യമായ സ്ഥാനം തോമസിന് കൈവരുകയാണ്. മാത്രമല്ല, സുരേന്ദ്രന്‍ പിള്ള മന്ത്രിയാകുമെന്നും അറിയുന്നു.