ജാക്സന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നൊ?

ജികെ

WEBDUNIA|
PRO
ചില പ്രതിഭകള്‍ അങ്ങനെയാണ്. മരിച്ചാലും നമുക്കിടയില്‍ ജീവിക്കും. ജാക്കോയെ പോലെ. മരണത്തിന്‍റെ സ്റ്റേജില്‍ അവസാന പാട്ടും പാടി, പാതി മുറിഞ്ഞ സംഗീതം പോലെ മൈക്കല്‍ ജാക്സന്‍ വിടവാങ്ങിയിട്ട് വെള്ളിയാഴ്ച ഒരാണ്ട് തികയുമ്പോഴും പോപ് സംഗീതത്തെ കൂടുതല്‍ പോപ്പുലറാക്കിയ ജാക്സന്‍ ശ്രോതാക്കളുടെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.

എട്ടുവര്‍ഷം മുമ്പ് പാടിനിര്‍ത്തിയ പാട്ടുമായാണ് ജാക്‌സന്‍ വിടവാങ്ങിയത്. അത് ഒരു കാലഘട്ടത്തിന്റെ വിടവാങ്ങല്‍ കൂടിയായിരുന്നു. ജീവിതം പോലെ മരണവും ദുരൂഹമാക്കിയ അപൂര്‍വ പ്രതിഭയായിരുന്നു ജാക്സന്‍. മരിച്ചതിനുശേഷവും ജാക്സന്‍ മരിച്ചിട്ടില്ലെന്നും വേറെ ഒരു പേരില്‍ വേറൊരു ഇടത്ത് ജീവിച്ചിരിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ക്ക് പോലും പഞ്ഞമില്ലായിരുന്നു. എന്നാല്‍ ജാക്സന്‍ മരിച്ചുവെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഓര്‍ക്കാത്ത ഒരു കാര്യമുണ്ട്.

ജാക്സന്‍ ഈ ഭൂമിയില്‍ ജീവിക്കുകയായിരുന്നില്ല. പാട്ടെഴുതിയും, പാടിയും, ആടിയും, ആട്ടമൊരുക്കിയും, അഭിനയിച്ചും ആഘോഷിക്കുകയായിരുന്നു. പൊരുത്തവും പൊരുത്തക്കേടും നിറഞ്ഞ സങ്കീര്‍ണപ്രശ്‌നമായിരുന്നു ജാക്‌സന്റെ ജീവിതം. അതുല്യമായ സംഗീത ആവിഷ്‌കാരങ്ങള്‍ക്കൊപ്പം അരാജകത്വത്തിന്റെ വന്യതയെയും ജാക്സന്‍ ഒരുപോലെ ആശ്ലേഷിച്ചു. ആരാധകര്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും ഏകനായി ജാക്‌സണ്‍. ''ലോകത്തെ കടുത്ത ഏകാകികളില്‍ ഒരാളാണ് ഞാന്‍''- 'മൂണ്‍ വാക്ക്' എന്ന ആത്മകഥയില്‍ ജാക്‌സണ്‍ എഴുതി.

പ്രണയവും ജീവിതനൈരാശ്യവുമെല്ലാം വിഷയമാവുന്ന ഗാനങ്ങള്‍ മാത്രം ശീലിച്ച കാതുകളെയാണ് ത്രില്ലര്‍ എന്ന ഒറ്റ ആല്‍ബത്തിലൂടെ ജാക്സ്ന്‍ വിഭ്രമിപ്പിച്ചത്. ഈ ഗാനത്തിന്റെ വീഡിയോയില്‍ ജാക്‌സന്‍ ഒരു മൃതരൂപമായും മനുഷ്യച്ചെന്നായ് ആയും മാറുന്നുണ്ട്. ഇത് ജാക്സന്‍റെ തന്നെ വ്യക്തിത്വത്തിന്‍റെ യഥാര്‍ത്ഥ ആവിഷ്കാരമായിരുന്നു. 1971ലായിരുന്നു ജാക്സന്‍റെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബം പുറത്തുവന്നത്- 'ഗോഡ് ടു ബി ദേര്‍'. മ്യൂസിക് ആന്‍ഡ് മി (1973), ഫോര്‍ എവര്‍ മൈക്കല്‍ (1975), ഓഫ് ദ പോള്‍ (1979) എന്നീ ആല്‍ബങ്ങളിലൂടെ എഴുപതുകളില്‍ തന്നെ ജാക്സന്‍ സംഗീതമനസ്സുകളില്‍ ഇരുപ്പുറപ്പിച്ചിരുന്നു.

എന്നാല്‍ 1982ല്‍ പുറത്തിറങ്ങിയ 'ത്രില്ലര്‍' എന്ന ആല്‍ബം പോപ് സംഗീതത്തെ രണ്ടായി വിഭജിച്ചു. സംഗീതരംഗത്തെ എക്കാലത്തെയും വലിയ വാണിജ്യവിജയത്തിന്റെ ഗിന്നസ് റെക്കോഡ് നേടിയ ത്രില്ലറിന്റെ 6.5 കോടി കോപ്പികളാണ് വിറ്റുപോയത്. എല്‍വിസ് പ്രസ്‌ലിക്കും ബീറ്റില്‍സിനുമൊപ്പം നില്‍ക്കുന്ന തരംഗമായിരുന്നു 'ത്രില്ലര്‍' സൃഷ്ടിച്ചത്. 'ത്രില്ലറി'ലൂടെയാണ് ജാക്‌സണ്‍ 'മൂണ്‍ വാക്ക്' തുടങ്ങിയത്. അതിലെ 'ബില്ലി ജീന്‍' എന്ന ഗാനത്തിന്റെ അരങ്ങവതരണത്തിലൂടെ 'മൂണ്‍ വാക്ക്' പ്രചാരം നേടി. ജാക്‌സന്റെ സംഗീതം പാട്ടിനപ്പുറം ഒരു പ്രകടനമായി മാറി.

ലോക്കിങ്, റോബോട്ട്, മൂണ്‍വാക്ക് തുടങ്ങിയ പ്രയാസമേറിയ നൃത്തരൂപങ്ങളെ ചടുലചലനങ്ങളോടെ ജനകീയമാക്കുകയായിരുന്നു ജാക്‌സന്‍. കാലമേറെക്കഴിഞ്ഞിട്ടും 2001നുശേഷം പാടാതിരുന്നിട്ടും 'കിങ് ഓഫ് പോപ്പ്' എന്ന വിശേഷണം വിട്ടുപോയില്ല. എന്നാല്‍ ദൈവത്തിനു പോലും കഷ്ടകാലമുണ്ടെന്ന് പുരാണങ്ങളില്‍ പറയുന്നതുപോലെയായി പിന്നീടുള്ള കാര്യങ്ങള്‍. പോപ്പ് സംഗീതലോകത്ത് തൊണ്ണൂറുകള്‍വരെ നിലനിര്‍ത്തിയിരുന്ന ആധിപത്യം ജാക്സന് പതുക്കെ നഷ്ടമായി. 2001ല്‍ പുറത്തുവന്ന 'ഇന്‍വിന്‍സിബ്ള്‍' എന്ന ആല്‍ബം ആറാഴ്ച മാത്രമേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചുള്ളൂ. അതിനുശേഷം ജാക്‌സന്‍ പാടിയില്ല. ഇതിനിടെ വന്‍ കടക്കെണിയിലുംപെട്ടു. പുറമെ ലൈംഗിക ആരോപണങ്ങളും ജാക്സ്ന്‍റെ പ്രതിച്ഛായ തകര്‍ത്തു.

കോടികള്‍ സമ്പാദിച്ച ജാക്‌സന് മരിക്കുമ്പോള്‍ 40 കോടി ഡോളറായിരുന്നു കടബാധ്യത. എട്ടുവര്‍ഷത്തിനുശേഷം സംഗീതലോകത്തേക്ക് തിരിച്ചുവരണമെന്ന ആഗ്രഹവുമായി രൂപം നല്‍കിയ 'ദിസ് ഈസ് ഇറ്റ്' എന്ന സംഗീതപരിപാടിയുമായി ഉലകം ചുറ്റാനിരിക്കേ പാതിമുറിഞ്ഞ പാട്ടുപോലെ ജാക്സന്‍റെ ജിവിതം നിലച്ചു. സംഗീത വീഡിയോകളില്‍ പലപ്പോഴും അതിമാനുഷനായി എത്തിയ ജാക്സന് ജീവിതത്തിലും അതേ പരിവേഷം തന്നെയായിരുന്നു ആരാധകര്‍ നല്‍കിയത്. കെട്ടുകഥകളും സത്യവും ഏതെന്നു വേര്‍തിരിക്കാനാവാത്തവിധമാണ് അദ്ദേഹത്തെപ്പറ്റി കഥകളും വാര്‍ത്തകളുമിറങ്ങിയത്. മരണത്തിനുശേഷവും അത് തുടരുന്നു. ഒരിക്കലും നിലയ്ക്കാത്ത ജാക്സന്‍ സംഗീതം പോലെ...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :