മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓടിനടക്കുകയാണ്. എങ്ങനെ ഈ പ്രശ്നമൊന്ന് സോള്‍വ് ചെയ്യണമെന്ന് യാതൊരു ഐഡിയയുമില്ല. ‘എല്ലാ കുറ്റവും ഞാന്‍ ഏല്‍ക്കുന്നു’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുമാറ്റ വിവാദത്തിന് അന്ത്യംകുറിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. മുഖ്യമന്ത്രി മാറിയേ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ കഴിയൂ എന്ന് കോണ്‍ഗ്രസിലെ ചില താപ്പാനകള്‍ വാശിപിടിച്ചാല്‍ എന്തുചെയ്യും?
‘തോളില്‍ കൈയിട്ടുനടക്കുന്ന സുഹൃത്തായി രമേശ് ചെന്നിത്തലയെ ഉമ്മന്‍ചാണ്ടി കാണരുത്. കാര്യങ്ങളെല്ലാം ഔദ്യോഗികമായി അറിയിക്കണം’ - ചെന്നിത്തലയുടെ ക്യാമ്പിലെ പ്രമുഖനായ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ പി അനില്‍കുമാര്‍ തുറന്നടിച്ചു. മന്ത്രിമാരുടെ വകുപ്പുമാറ്റം കെ പി സി സി അധ്യക്ഷനെ അറിയിക്കാതെ നടത്തിയതിലുള്ള രോഷം സംസ്ഥാന കോണ്‍ഗ്രസില്‍ പുകയുകയാണ്.
മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചുകഴിഞ്ഞു. കെ പി സി സി പ്രസിഡന്‍റിനെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള തീരുമാനം തിരുത്തണം - അവര്‍ പറയുന്നു.
കെ പി സി സി നിര്‍വാഹക സമിതിയോഗം ഉടന്‍ ചേര്‍ന്നില്ലെങ്കില്‍ ചില കാര്യങ്ങളൊക്കെ പരസ്യമായി പറയാന്‍ നിര്‍ബന്ധിതരാകുമെന്ന വി എം സുധീരന്‍റെ ഭീഷണി ഉമ്മന്‍ചാണ്ടിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉടന്‍ നിര്‍വാഹക സമിതി യോഗം ചേരുമെന്ന് ചെന്നിത്തല അറിയിച്ചുകഴിഞ്ഞു. നിര്‍വാഹക സമിതി യോഗം വിളിച്ചുകൂട്ടുന്നത് ചെന്നിത്തലയ്ക്ക് താല്‍പ്പര്യമുള്ള കാര്യമാണ്. ഉമ്മന്‍ചാണ്ടിയെ നിര്‍ത്തിപ്പൊരിക്കുന്നത് ലൈവായി കാണാമല്ലോ.
ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഗൂഢാലോചന നടക്കുന്നു എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഗൂഢാലോചന എന്ന് വിശേഷിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ചില കൂടിയാലോചനകള്‍ പല ഭാഗത്ത് നടക്കുന്നുണ്ട് എന്ന് വ്യക്തം. അത് ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് ലക്‍ഷ്യം വയ്ക്കുന്നത് എന്നും വ്യക്തം.
എന്തായാലും മുരളീധരന്‍, സുധീരന്‍ തുടങ്ങിയവര്‍ നയിക്കുന്ന ആക്രമണ സംവിധാനങ്ങളെ മറികടന്ന് മുഖ്യമന്ത്രിയായി തുടരാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമെങ്കില്‍ അതായിരിക്കും ഈ പതിറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ സര്‍ക്കസ്. കാത്തിരുന്നുകാണാം.