ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും, കാര്‍ത്തികേയന്‍ കെ പി സി സി അധ്യക്ഷപദത്തിലേക്ക്

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരികയാണ്. രമേശ് കെ പി സി സി അധ്യക്ഷ പദവി ഒഴിയുമെന്ന് ഉറപ്പായി. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കെ പി സി ഐ അധ്യക്ഷനാകുമെന്ന കാര്യത്തിലും തീരുമാനമായതായാണ് സൂചന.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി യു ഡി എഫ് മന്ത്രിസഭയിലെത്തും എന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയോടെ ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്നാണ് ചെന്നിത്തലയുടെ ആവശ്യമെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കും എ ഗ്രൂപ്പിനും അതിനോട് യോജിപ്പില്ല. ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയാല്‍ സര്‍ക്കാരില്‍ രണ്ട് അധികാരകേന്ദ്രമുണ്ടാകുമെന്നതിനാല്‍ അത് ഉണ്ടാകില്ലെന്നാണ് സൂചന.

ചെന്നിത്തല ആഭ്യന്തരമന്ത്രിയായാല്‍ മന്ത്രിസഭയില്‍ നിന്ന് ഒരാള്‍ സ്പീക്കര്‍ സ്ഥാനത്തെത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറായി നിയമിക്കാനും സാധ്യതയുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിനുകൂടി കൂടുതല്‍ സമ്മതനായ ഒരാളെ സ്പീക്കര്‍ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആലോചനയും നടക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സി പി എമ്മും തമ്മില്‍ അത്ര നല്ല ബന്ധമല്ലാത്തതിനാല്‍ മറ്റൊരാളെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.

റവന്യൂ വകുപ്പിലേക്കും രമേശ് ചെന്നിത്തലയ്ക്ക് കണ്ണുണ്ട്. എന്നാല്‍ അത് വിട്ടുകൊടുക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറായേക്കില്ല എന്നാണ് അറിയുന്നത്. എ കെ ആന്‍റണി ശനിയാഴ്ച കേരളത്തിലെത്തുന്നുണ്ട്. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അന്തിമ നടപടികളുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :