ക്ഷേത്രത്തില്‍ അനാഥശിശു; ദത്തെടുക്കാന്‍ മത്സരം!

പൊള്ളാച്ചി| WEBDUNIA|
PRO
PRO
നാടിന്റെ നാനാഭാഗങ്ങളിലെ അനാഥാശ്രമങ്ങളില്‍ ആയിരക്കണക്കിന് അനാഥശിശുക്കള്‍ ദത്തെടുക്കാന്‍ ആരുമെത്താതെ കഷ്ടപ്പെടുമ്പോള്‍ ക്ഷേത്രസന്നിധിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തപ്പെട്ട അനാഥശിശുവിനെ ദത്തെടുക്കാന്‍ ഇരുപതോളം ദമ്പതികള്‍ രംഗത്ത്. പൊള്ളാച്ചിയിലെ പ്രശസ്ത ക്ഷേത്രമായ ആനൈമലൈ മാസാനിയമ്മന്‍ കോവിലിലാണ് വ്യാഴാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു പെണ്‍‌കുഞ്ഞിനെ കണ്ടെത്തിയത്. ദേവിയാണ് പെണ്‍‌കുഞ്ഞിന്റെ അവതാരമെടുത്ത് ക്ഷേത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് അഭ്യൂഹം പ്രചരിക്കുകയും ഇരുപതോളം ദമ്പതികള്‍ കുട്ടിയെ ദത്തെടുക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് എത്തുകയുമായിരുന്നു.

പൊക്കിള്‍ കൊടി പോലും മുറിക്കാത്ത നിലയില്‍ കിട്ടിയ കുട്ടിയെ ക്ഷേത്ര ഭാരവാഹികള്‍ പൊള്ളാച്ചി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പൊലീസാകട്ടെ, കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവിയുടെ അവതാരമാണ് കുട്ടി എന്ന അഭ്യൂഹം കേട്ടറിഞ്ഞ ആയിരക്കണക്കിന് ആളുകള്‍ കുട്ടിയെ കാണാന്‍ ആശുപത്രിയിലെത്തി. പൊള്ളാച്ചിയില്‍ നിന്നും തിരുപ്പൂര്‍, തിരുനെല്‍‌വേലി, ദിണ്ടുഗല്‍, മധുരൈ തുടങ്ങിയ ജില്ലകളില്‍ നിന്നും എത്തിയ ഇരുപതോളം കുടുംബങ്ങളാണ് കുട്ടിയെ തങ്ങള്‍ക്ക് വേണമെന്ന് വാശിപിടിച്ചത്. കുട്ടിക്ക് സ്വത്തെല്ലാം എഴുതിവയ്ക്കാമെന്നും കുട്ടിയെ പൊന്നുപോലെ നോക്കാമെന്നും അവര്‍ ആശുപത്രി അധികൃതരെ അറിയിച്ചു.

പിറന്നുവീണ ഉടനെയാണ് കുട്ടി ഉപേക്ഷിക്കപ്പെട്ടത് എന്നും അതിനാല്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും ആശുപത്രി അധികൃതര്‍ ദമ്പതികളോട് പറഞ്ഞു. മാത്രമല്ല, സര്‍ക്കാര്‍ അനുമതി കൂടാതെ കുട്ടിയെ ദത്തെടുക്കാന്‍ പറ്റില്ലെന്നും അവര്‍ അറിയിച്ചു. ഒരാഴ്ച കൂടി കുട്ടിക്ക് വൈദ്യപരിചരണം ആവശ്യമാണെന്നും കുട്ടിയെ ദത്തെടുക്കണമെങ്കില്‍ പൊള്ളാച്ചി കളക്‌ടറുകായി ബന്ധപ്പെടണമെന്നും അറിയിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ മനസില്ലാമനസ്സോടെ ആശുപത്രിയില്‍ നിന്ന് മടങ്ങി. ജില്ലാ കളക്ടറെ കണ്ട് എങ്ങിനെയെങ്കിലും കുട്ടിയെ ദത്തെടുത്ത് ‘ദേവിയുടെ അവതാരത്തെ സ്വന്തമാക്കാനുള്ള’ ശ്രമത്തിലാണ് ഇവരിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :