കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി ഡല്‍ഹി കേന്ദ്രീകരിച്ച് സെക്സ് വിപണിയും സജീവമാകുന്നു. ഗെയിംസ് വീക്ഷിക്കാനെത്തുന്ന വിദേശികളെ ലക്‍ഷ്യമിട്ട് കാത്തിരിക്കുന്ന ഇവര്‍ വന്‍ ബിസിനസാണ് പ്രതീക്ഷിക്കുന്നത്. മുംബൈയും ഗോവയും പോലുള്ള ഇന്ത്യയിലെ പരമ്പരാഗത സെക്സ് മാര്‍ക്കറ്റില്‍ നിന്നും മറ്റും നാളുകള്‍ക്ക് മുന്‍പുതന്നെ ഇത്തരം സംഘങ്ങള്‍ ഡല്‍ഹിയില്‍ ചുവടുറപ്പിച്ചുകഴിഞ്ഞു. ലൈംഗികതൊഴിലിന്‍റെ പുത്തന്‍ പതിപ്പായ എസ്കോര്‍ട്ട് ഏജന്‍സീസ് എന്ന ലേബലിലാണ് ഇത്തരം സംഘങ്ങള്‍ ഡല്‍ഹിയില്‍ താവളമിട്ടിരിക്കുന്നത്.
മുംബൈയും ഗോവയും കൂടാതെ ബാംഗ്ലൂര്‍, ഹരിയാന, പൂനെ, ഗോവ പഞ്ചാബ്, ഹിമാചല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള എസ്കോര്‍ട്ട് ഏജന്‍സികളാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യയിലെയും ചില വിദേശരാജ്യങ്ങളിലെയും സെക്സ് വര്‍ക്കേഴ്സിന്‍റെ പട്ടിക ഇവര്‍ തയ്യാറാക്കിക്കഴിഞ്ഞു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിനോദസഞ്ചാരികള്‍ക്കായി ലൈംഗികതൊഴില്‍ ചെയ്യുന്ന യുവതികളെയാണ് വിദേശരാജ്യങ്ങളില്‍ നിന്നും ഇവര്‍ വലവീശിയിരിക്കുന്നത്. ഗെയിംസിനെത്തുന്ന കൂടുതല്‍ വിദേശികളും ഇവിടെ നിന്നുള്ളവരാണെന്ന കണക്കുകൂട്ടലിലാണ് ഈ നീക്കം. വിദേശ രാജ്യങ്ങളിലെ ചില ഏജന്‍റുമാരുടെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
ആയിരത്തിലധികം യുവതികളെയാണ് ചില എസ്കോര്‍ട്ട് ഏജന്‍സികള്‍ തയ്യാറാക്കിയിരിക്കുന്നത്. അത്‌ലറ്റുകളും കാണികളും മറ്റുമായി കോമണ്‍വെല്‍ത്തിന് ഒരു ലക്ഷത്തോളം സന്ദര്‍ശകരുണ്ടാകുമെന്നാണ് കണക്കുകള്‍. ആഴ്ചയില്‍ 2000 മുതല്‍ 5000 വരെ എസ്കോര്‍ട്ടുകള്‍ ഏറ്റെടുക്കാന്‍ തങ്ങളുടെ സ്ഥാപനത്തിന് കഴിയുമെന്നാണ് മുംബൈ കേന്ദ്രമാക്കിയുള്ള ചില എസ്കോര്‍ട്ട് ഏജന്‍റുമാര്‍ പറയുന്നത്. ഗെയിംസിനെത്തുന്ന വിദേശികള്‍ സെക്സിനായി വാരിക്കോരി പണം ചെലവാക്കുമെന്ന കണക്കുകൂട്ടലിലാണിവര്‍. ചില ഏജന്‍സികള്‍ ഗെയിംസ് അതിഥികള്‍ക്കായി പ്രത്യേക പാക്കേജുകള്‍ പോലും തയ്യാറാക്കിയിട്ടുണ്ട്. ഒരു മണിക്കൂറും ഒരു ദിനവും മുതല്‍ സഞ്ചാരികള്‍ ഡല്‍ഹിയില്‍ തങ്ങുന്ന കാലയളവ് മുഴുവന്‍ സേവനം നല്‍കുന്ന പാക്കേജുകള്‍ വരെ ഇതിലുണ്ട്.
എയര്‍ഹോസ്റ്റസുമാര്‍ മുതല്‍ നടിമാര്‍ വരെ ഇവരുടെ പട്ടികയിലുണ്ട്. എല്ലാ സ്ഥാപനങ്ങളും വിദേശികളെയാണ് നോട്ടമിടുന്നത്. ഇന്‍റര്‍നെറ്റിന്‍റെ സേവനവും ഇവര്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാനായി മോഡലുകളുടെയും മറ്റും ചിത്രങ്ങള്‍ സഹിതം ഉള്‍പ്പെടുത്തിയ വെബ്സൈറ്റുകള്‍ പല ഏജന്‍സികളും തയ്യാറാക്കിക്കഴിഞ്ഞു. എന്നാല്‍ നേരത്തെ വെബ്സൈറ്റ് തുറക്കുന്നത് പൊലീസിനും മറ്റും സംശയത്തിനിട നല്‍കുമെന്നതിനാല്‍ ഗെയിംസിന് അടുത്ത ദിവസങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണിവര്‍.
ഗെയിംസിന് ഒരു മാസം മുമ്പ് റേറ്റ് കുത്തനെ ഉയര്‍ത്താനും എസ്കോര്‍ട്ട് ഏജന്‍റുമാര്‍ ധാരണയിലെത്തിയിട്ടുണ്ട്. ഏതാണ്ട് 25,000 രൂപ വരെയാണ് ഒരു മണിക്കൂറിന് ഈടാക്കാന്‍ ഇവര്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ചില എന്‍ജിഒ കള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത് കാര്യമാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണിവര്‍. കാരണം ഗെയിംസിന്‍റെ സമയത്ത് പൊലീസും നിയമവൃത്തങ്ങളും അതിന്‍റെ തിരക്കിലാകുമെന്നും എസ്കോര്‍ട്ട് ഏജന്‍സീസ് എന്ന ലേബലില്‍ ബിസിനസ് കൊഴുപ്പിക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. പൊലീസിന് സംശയം തോന്നാത്ത വിധത്തില്‍ പല ഹോട്ടലുകളിലായി ഇവര്‍ മുറികളും ബുക്ക് ചെയ്തുകഴിഞ്ഞു. ഇവരോടൊപ്പം ഗെയിംസ് വിപണി പ്രതീക്ഷിച്ച് നൈറ്റ് ക്ലബ്ബുകളും ഡല്‍ഹിയില്‍ ഒരുക്കം തുടങ്ങിയിട്ടുണ്ട്. ചുരുക്കത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ മറവില്‍ ഒരു വന്‍ സെക്സ് ടൂറിസത്തിന് തന്നെയാകും ഇന്ദ്രപ്രസ്ഥം സാക്‍ഷ്യം വഹിക്കുക.