കോണ്‍ഗ്രസും ക്വത്റോച്ചിയും പിന്നെ അഴിമതിയും

ഷിജു രാമചന്ദ്രന്‍

WEBDUNIA|
PRO
കോണ്‍ഗ്രസിന് അഴിമതി ഒരു നിസാ‍ര കാര്യമാണെന്ന് ആരോപണം ഉയരുന്നതില്‍ കാര്യമില്ലാതില്ല. ബോഫോഴ്സ് കരാറിന്‍റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഒട്ടാവിയോ ക്വത്‌റോച്ചിക്ക് എതിരായ കേസ് പിന്‍‌വലിക്കാന്‍ തീരുമാനിച്ചതായി കോണ്‍‌ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരമോന്നത നീതിപീഠത്തെ അറിയിച്ചതോടെ ഈ ആരോപണത്തിന് ശക്തിയേറുകയാണ്.

അല്‍‌പസ്വല്‍‌പം അഴിമതിയില്ലാത്തവര്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നാണ് പരക്കെയുള്ള ആരോപണം. അഴിമതി കേസുകളുടെ കാര്യത്തിലും കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുമുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. കേസ് പാര്‍ട്ടിക്കും പാര്‍ട്ടിയിലെ സമുന്നത നേതാക്കള്‍ക്കുമെതിരാണെങ്കില്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അതിയായ താല്പര്യം കാണിക്കുമെത്രെ. എന്നാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത ഘടകകക്ഷി നേതാക്കളോ മറ്റാരെങ്കിലും ആണ് കേസില്‍ ഉള്‍പ്പെട്ടു എന്ന ആരോപണം വന്നതെങ്കില്‍ സി ബി ഐയെക്കൊണ്ട് നിര്‍ബന്ധിച്ച് കേസെടുപ്പിക്കുകയും ഇല്ലാത്ത കുറ്റം ചാര്‍ത്തുകയും ചെയ്യും.

അഴിമതി മൂടിവയ്ക്കാനും അത്‌ നടത്തിയവരെ രക്ഷിക്കാനും കോണ്‍ഗ്രസ് ഏത് വഴിയും സ്വീകരിക്കുമെന്നതിന്‍റെ അവസാനത്തെ ഉദാഹരണമാണ് ബോഫോഴ്സ് കേസിന്റെ പരിണാമമെന്ന് കോണ്‍‌ഗ്രസ് വിമര്‍ശകര്‍ ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു. രാജ്യത്തെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ അഴിമതിയില്‍ കോണ്‍ഗ്രസിന്‍റെ പ്രതിച്ഛായ അപ്പാടെ മുങ്ങിപ്പോയതാണ്. എന്നാല്‍, കേസിലെ മുഖ്യ പ്രതിയായ ക്വത്റോച്ചിക്കെതിരെയുള്ള കേസ് പിന്‍‌വലിച്ച് ബോഫോഴ്സ് കേസ് തന്നെ തേച്ചുമായ്ക്കാനാണ് ഉന്നതങ്ങളില്‍ നടക്കുന്ന നീക്കം.

ബോഫോഴ്സ് അഴിമതിയുടെ വെടിയുണ്ടകള്‍ പായുന്നത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേര്‍ക്കാണ് എന്നതാണ് കേസ് അവസാനിപ്പിക്കുന്നതിന് കാരണമായതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. മറ്റനേകം കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ട ഈ അഴിമതി വീരചരിതം നാട്ടില്‍ പാട്ടായാല്‍ നാറുന്നത് രാജീവ് ഗാന്ധി മാത്രമല്ലെന്ന് കോണ്‍ഗ്രസിന് നന്നായറിയാം.

1986ല്‍ ഒപ്പിട്ട ബോഫോഴ്സ് കരാറിന്‍റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഒട്ടാവിയോ ക്വത്‌റോച്ചിയെ വിട്ടയക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ മാനസിക വശം ഇതുതന്നെയാണെന്ന് പൊതുജനം വിശ്വസിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. 1987 ഏപ്രില്‍ 16ന്‌ സ്വീഡിഷ്‌ റേഡിയോയിലൂടെയാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി കഥ പുറംലോകമറിയുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ മധ്യമങ്ങള്‍ കേസ് ഏറ്റുപിടിക്കുകയും ചെയ്തു.

ഇടപാടിന്‍റെ ഇടനിലക്കാരനും ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയുടെ കുടുംബവും തമ്മിലുള്ള അടുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ മാത്രമേ കോണ്‍ഗ്രസിന് ഈ കേസ് തേച്ചുമായ്ച്ച് കളയാനുള്ള കോണ്‍ഗ്രസിന്‍റെ മനോധര്‍മ്മം പൂര്‍ണമായി ബോധ്യപ്പെടുകയുള്ളൂ. കേസ് നീട്ടിക്കൊണ്ടു പോയാല്‍ അഴിമതിയുടെ വാള്‍മുന ഇനിയും കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ വരും എന്ന് മനസിലാക്കാന്‍ അത്രയ്ക്ക് കൂര്‍മ്മബുദ്ധിയൊന്നും വേണ്ട.

രണ്ടാമതും അധികാരമേറ്റതുമുതല്‍ കേസ് അവസാനിപ്പിക്കാനുള്ള അതിയായ വ്യഗ്രത കോണ്‍ഗ്രസ് കാണിച്ചിരുന്നു. ഇന്‍റര്‍പോളിന്‍റെ സഹായം ആവശ്യപ്പെടാമെന്നിരിക്കെ മലേഷ്യയിലായിരുന്ന ക്വത്‌റോച്ചിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചതും കോണ്‍ഗ്രസിന്‍റെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിത്തന്നെയാണ്. സ്വിസ് ബാങ്കിലായിരുന്ന കോഴപ്പണം അവിടെ നിന്ന് പിന്‍‌വലിക്കാനുള്ള സൌകര്യം കൂടി ചെയ്തുകൊടുത്ത് കോണ്‍ഗ്രസ് അധ്യക്ഷയുടെ കുടുംബ സുഹൃത്തിനോടുള്ള വിധേയത്വം കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിച്ചുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

മാത്രവുമല്ല, സി ബി ഐയെ ഉപയോഗിച്ച് ഇന്‍റര്‍പോളിന്‍റെ റെഡ്കോര്‍ണര്‍ പട്ടികയില്‍ നിന്ന് ക്വത്‌റോച്ചിയെ ഒഴിവാക്കിക്കൊടുക്കാനും കോണ്‍ഗ്രസ് മറന്നില്ലെത്രെ. 2007ല്‍ അര്‍ജന്‍റീനയില്‍ വച്ച് ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്ത ക്വത്‌റോച്ചിയെ നയപരമായ ഇടപെടലിലൂടെ ഇന്ത്യയിലെത്തിക്കാമായിരുന്നു. എന്നിട്ടും കേന്ദ്രം ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം പുലര്‍ത്തി. ആരെ സംരക്ഷിക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ ഈ വ്യഗ്രത? രാജ്യസുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെട്ട അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലും നിയമത്തിന്‍റെ പഴുതുകളുപയോഗിച്ച് രക്ഷപ്പെടുത്തിയ കോണ്‍ഗ്രസ്, അഴിമതിയോടുള്ള അവരുടെ തനിനിറം ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണെന്ന് ആളുകള്‍ ചിന്തിച്ചാല്‍ അത്ഭുതപ്പെടേണ്ടതുണ്ടോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :