കോണ്‍ഗ്രസില്‍ അടി തുടങ്ങി

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
പഞ്ചായത്തു തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി യഥാര്‍ത്ഥ അങ്കം കോണ്‍ഗ്രസില്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അടി തുടങ്ങി. ഉമ്മന്‍‌ചാണ്ടി തന്നെയായിരിക്കും വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ കഴിഞ്ഞില്ല, ‘ആ ബുദ്ധി തലയില്‍ തന്നെ ഇരിക്കട്ടെ’ എന്ന മട്ടില്‍ വയലാര്‍ രവി മറുപടി നല്‍കിക്കഴിഞ്ഞു. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ട, അതൊക്കെ അങ്ങ് ഡല്‍ഹിയില്‍ തീരുമാനിച്ചോളുമെന്നാണ് രവിയുടെ പക്ഷം.

രവി ഉറച്ചുതന്നെയാണെന്ന് ബോധ്യമായതോടെ ചെന്നിത്തല ഒരു ചുവടു പിന്നാക്കം വലിഞ്ഞു. ‘ഞാനും പറഞ്ഞത് അതുതന്നെ’ എന്നാണ് ചെന്നിത്തല ഇപ്പോള്‍ പറയുന്നത്. ഉമ്മന്‍‌ചാണ്ടി പ്രതിപക്ഷനേതാവാണ്, ഒരുതവണ മുഖ്യമന്ത്രിയായിരുന്ന ആളാണ് എന്നതുകൊണ്ട് അദ്ദേഹമായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് സൂചിപ്പിച്ചെന്നേയുള്ളൂ എന്നാണ് ചെന്നിത്തല മലക്കം മറിഞ്ഞത്.

ഉമ്മന്‍‌ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള വഴി അത്ര സുഗമമല്ലെന്ന് ഇതോടെ വ്യക്തമായി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രമം വയലാര്‍ രവി ശക്തമാക്കിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ‘നേതാവ് ഉമ്മന്‍‌ചാണ്ടി തന്നെ’ എന്ന് ഉറപ്പിക്കാനുള്ള ആദ്യശ്രമമാണ് ചെന്നിത്തല ഇന്നലെ നടത്തിയത്. എതിര്‍പ്പുമായി രവി തന്നെ നേരിട്ടെത്തിയതോടെ വരും‌നാളുകള്‍ പ്രശ്നകലുഷിതമാകുമെന്ന് ഉറപ്പ്.

കോണ്‍ഗ്രസ് തുടര്‍ച്ചയായി രണ്ടുതവണ ക്രിസ്ത്യന്‍ മുഖ്യമന്ത്രിയെ സംഭാവന ചെയ്തതുകാരണം ഭൂരിപക്ഷ സമുദായത്തില്‍ നിന്നാകണം ഇനി മുഖ്യമന്ത്രിയെന്ന വാദം ഉയര്‍ത്തിയാകും വയലാര്‍ രവി പ്രധാനമായും പോരിനിറങ്ങുക. എന്നാല്‍ ഇതേ വാദവുമായി കെ ശങ്കരനാരായണനും രംഗത്തുണ്ടെന്നത് രവിക്ക് തിരിച്ചടിയാണ്.
PRO


നിലവില്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായതുകൊണ്ട് ഈഴവ സമുദായത്തില്‍ നിന്ന് ഇനിയൊരു മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി ആവശ്യമില്ലെന്ന നിലപാട് ഉന്നത നേതാവ് എ കെ ആന്‍റണി കൈക്കൊണ്ടേക്കുമെന്നും അറിയുന്നു. ഇത് ശങ്കരനാരായണന്‍റെ സാധ്യത വര്‍ദ്ധിപ്പിക്കും. എന്‍ എസ് എസുമായി സംസ്ഥാന കോണ്‍ഗ്രസ് ഇടഞ്ഞുനില്‍ക്കുന്നതിന് ഒരു പരിഹാരമായി ശങ്കരനാരായണനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം.

എന്തായാലും ഇനി കളികളുടെ സമയമാണ്. വെട്ടലും നിരത്തലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തുടങ്ങാന്‍ പോകുന്നു എന്നതിന്‍റെ സൂചനയാണ് രവിയും ചെന്നിത്തലയുമായി ആരംഭിച്ചിട്ടുള്ള തര്‍ക്കം. ഉമ്മന്‍‌ചാണ്ടി പരസ്യപ്രസ്താവനകളില്‍ നിന്ന് അകന്ന് നിശബ്ദമായി കളികള്‍ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. ജയം ആര്‍ക്കാവും, കാത്തിരുന്നു കാണുക തന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :