കൊല്‍ക്കത്ത നവരാത്രി പന്തല്‍ വിവാദത്തിലേക്ക്

ഹോഗ് വാട്ട്‌സ് കോട്ടയുടെ മാതൃകയിലുള്ള പന്തലിനെതിരെ കേസ്

T SASI MOHAN| Last Modified ശനി, 13 ഒക്‌ടോബര്‍ 2007 (13:19 IST)

ഇക്കുറി നവരാത്രി ആഘോഷിക്കാനായി കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് പ്രദേശത്തെ യുവാക്കള്‍ പുതുമയാര്‍ന്ന പന്തലാണ് ഒരുക്കിയത്. ജെ.കെ.റൌ‍ളിംഗിന്‍റെ ഹാരി പോട്ടര്‍ മാന്ത്രിക നോവല്‍ പരമ്പരയിലെ ഹോഗ്‌വാട്ട്‌സ് കോട്ടയുടെ മാതൃകയിലായിരുന്നു ചെറുപ്പക്കാര്‍ പന്തല്‍ പണിതത്.

ഹാരിപോട്ടര്‍ വായിച്ച് ലോകം മുഴുവന്‍ പുളകമണിഞ്ഞപ്പോള്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് തോന്നി അതിന്‍റെ ആവേശം ഉള്‍ക്കൊണ്ട് അതിലെ കോട്ടയുടെ മട്ടില്‍ ഒരു പന്തല്‍ ഉണ്ടാക്കാന്‍. ഒരു കൌതുകം അത്രയേ അവര്‍ ഉദ്ദേശിച്ചുള്ളു. എന്നാല്‍ അത് വാര്‍ത്താ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുകയും വലിയൊരു വിവാദത്തില്‍ ചെന്നു പെട്ടിരിക്കുകയുമാണ്.

ഇന്ത്യന്‍ പകര്‍പ്പവകാശ നിയമ പ്രകാരം ജെ.കെ.റൌളിംഗിന് 50,000 അമേരിക്കന്‍ ഡോളര്‍ നല്‍കണം എന്ന് ആവശ്യപ്പെട്ട് പെന്‍‌ഗ്വിന്‍ ഇന്ത്യ ബുക്ക് കമ്പനി ഡെല്‍‌ഹി ഹൈക്കോടതിയില്‍ പരാതി നല്‍കുകയും കോടതി യുവക്കള്‍ക്ക് സമന്‍സ് അയയ്ക്കുകയും ചെയ്തു.

5,000 ഡോളര്‍ പോലും ചെലവില്ലാതെ പണിതൊരുക്കിയ കോട്ടയ്ക്ക് 50,000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോള്‍ യുവാക്കള്‍ പേടിച്ചുപോയി എന്ന് പറയേണ്ടതില്ലല്ലോ ! ജെ.കെ.റൌളിംഗിനു വേണ്ടി പെന്‍‌ഗ്വിന്‍ ഏതാണ്ട് 400 പേജുള്ള പരാതിയാണ് കോടതിയില്‍ നല്‍കിയത്.

ഇതോടെ ലോകമെമ്പാടുമുള്ള ടി.വി ചാനലുകളും പത്രങ്ങളും മാസികകളും എല്ലാം കൊല്‍ക്കത്ത നവരാത്രി കോട്ടയ്ക്കും അതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ക്കും വന്‍ പ്രാധാന്യം നല്‍കി. അതീവ രസകരമായ ഒരു കോടതി കേസ് ആയിട്ടാണ് പാശ്ചാത്യമാധ്യമങ്ങളിലെ ഉന്നതരായ പത്രപ്രവര്‍ത്തകര്‍ ഇതിനെ കാണുന്നത്.

അതോടൊപ്പം റൌളിംഗിന്‍റെ അത്യാഗ്രഹത്തേയും സ്വാര്‍ത്ഥതയേയും ചില മാധ്യമങ്ങള്‍ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. മിക്ക മാധ്യമങ്ങളും കോട്ട കെട്ടിയ കുട്ടികളുടെ കൂടെയായിരുന്നു.

മാര്‍ബിള്‍ ഗോവണിയും ഫ്ലാഗ് സ്റ്റോണ്‍ പതിച്ച തറയും ഒക്കെ വരച്ചുണ്ടാക്കി ഹാരി പോട്ടറുടെയും കൂട്ടുകാരുടെയും കളിമണ്‍ പ്രതിമകളും കുട്ടികള്‍ ഈ പന്തലില്‍ ഒരുക്കിയിരുന്നു. ഹോഗ്‌വാട്ട് എക്സ്‌പ്രസ് എന്ന നോവലിലെ വിചിത്ര തീവണ്ടിയുടെ പതിപ്പും അവര്‍ ശരിപ്പെടുത്തിവച്ചു.

വാസ്തവത്തില്‍ ഇന്ത്യയിലെ യുവത്വത്തെ ഇത്രയേറെ ആഴത്തില്‍ സ്വാധീനിച്ചു എന്ന് റൌളിംഗ് സന്തോഷിക്കുകയായിരുന്നു വേണ്ടിയത്. അല്ലെങ്കില്‍ കുട്ടികളുടെ മനസ്സില്‍ നിന്ന് ഭാരതീയ പൈതൃക ഭാവനകളെ ഉന്മൂല നാശനം ചെയ്തതിന്‍റെ പേരില്‍ അവരുടെ രക്ഷിതാക്കള്‍ റൌളിംഗിനെതിരെ ഇതിലും വലിയൊരു തുകയ്ക്ക് കേസ് കൊടുക്കേണ്ടതായിരുന്നു.

എന്തായാലും ദില്ലി ഹൈക്കോടതി ഇവിടെ ശരിക്കും ഒരു ഹാരി പോട്ടറായി. കോടതിയുടെ മായാജാലം കൊല്‍ക്കത്താ പന്തലിനു തുണയായി. കോടതി മാന്ത്രിക ദണ്ഡ് വീശിയതോടെ ഒരു ദുഷ്ട ശക്തിക്കും പൊളിക്കാന്‍ ആവാത്തവിധം കോട്ട സുരക്ഷിതമായി.

ഈ കോട്ട വാണിജ്യാവശ്യത്തിനല്ല പണിഞ്ഞത് എന്നതു കൊണ്ട് നിയമ പ്രകാരം റൌളിംഗിന്‍റെയും പെന്‍‌ഗ്വിന്‍റെയും അവകാശവാദം നിലനില്‍ക്കുന്നില്ലെന്ന് വെള്ളിയാഴ്ച ദില്ലി ഹൈക്കോടതിയുടെ വിധി വന്നു.

പക്ഷെ, ഒന്നു കൂടി കോടതി പറഞ്ഞു, നവരാത്രി കാലം കഴിഞ്ഞാല്‍ ഹാരിപോട്ടര്‍ കഥാപാത്രങ്ങളെ കമ്മിറ്റിക്കാര്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന്. ഈ സംഭവം റൌളിംഗിന് മറ്റൊരു പ്രചോദനമാവാം. ഹാരി പോട്ടര്‍ ആന്‍റ് ദി ഗോഡസ് ഓഫ് ദുര്‍ഗ്ഗ എന്നൊരു നോവല്‍ അവര്‍ എഴുതിയേക്കും എന്നാണു ചില രസികന്‍‌മാര്‍ പറയുന്നത്. എന്നാല്‍ ഹാരി പോട്ടര്‍ രചയിതാവിന്‍റെ മേല്‍ മഹിഷാസുരന് (മഹിഷി) മേല്‍ എന്നപോലെ ദുര്‍ഗ്ഗ നേടിയ വിജയം അവര്‍ ഉദ്ഘോഷിക്കുമോ ആവോ ?




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :