ഏത് പട്ടിക്കും ഒരു ദിവസമുണ്ട്: ഉണ്ണിത്താന്‍

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാന കോണ്‍ഗ്രസില്‍ വാക്കുകള്‍ കൊണ്ട് എതിരാളികളെ അരിഞ്ഞുവീഴ്ത്തുന്ന പടനായകനായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍, കുറച്ചുനാള്‍ മുമ്പുവരെ. എന്നാല്‍ മഞ്ചേരിയില്‍ ഒരു പെണ്‍‌വിഷയത്തില്‍ കുടുങ്ങിയതോടെ ഉണ്ണിത്താന്‍ ഒതുക്കപ്പെട്ടു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് ഒതുക്കിയതെന്ന് ഉണ്ണിത്താന്‍ പറയുന്നു. ‘ഏത് പട്ടിക്കും ഒരു ദിവസമുണ്ട്. ഞാന്‍ തിരിച്ചുവരും’ - കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണിത്താന്‍ ക്ഷോഭിക്കുന്നത്.

ഏത് പട്ടിക്കും ഒരു ദിവസമുണ്ട്. ഞാന്‍ തിരിച്ചുവരും. അതിനായാണ് ഞാന്‍ കാത്തിരിക്കുന്നത്. അന്ന് എന്നോട് ക്രൂരത കാട്ടിയവര്‍ക്കൊക്കെ തിരിച്ചടി ലഭിക്കും. മഞ്ചേരി സംഭവത്തിന്‍റെ പേരിലാണ് എനിക്ക് നിയമസഭാ സീറ്റ് നിഷേധിച്ചതെന്ന് ആരും പറയില്ല. കാരണം അങ്ങനെ പറയുന്നവരോട് ചോദിക്കേണ്ട ചോദ്യം എനിക്കറിയാം. അവരുടെയെല്ലാം ചരിത്രം എന്‍റെ കൈയിലുണ്ട് - ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

എന്നെ തകര്‍ക്കാന്‍ ശ്രമിച്ചത് എന്‍റെ പാര്‍ട്ടിക്കാര്‍ തന്നെയാണ്. മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായി തുടരണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ ചില കാര്യങ്ങള്‍ ഞാന്‍ മറച്ചുപിടിക്കുകയാണ്. ഞാന്‍ ഒരു സിന്ധു ജോയി അല്ല. കോണ്‍ഗ്രസുകാരനാണ്. സിന്ധു ജോയിയായിരുന്നു എങ്കില്‍ ആസ്വദിക്കാന്‍ കൂടുതല്‍ വിഭവങ്ങള്‍ എന്നില്‍ നിന്ന് കിട്ടുമായിരുന്നു - ഉണ്ണിത്താന്‍ പറയുന്നു.

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സംസ്കാരസമ്പന്നമായ നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടിയോടൊപ്പം യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലേ? അതുമായി ബന്ധപ്പെട്ട കേസ് കോടതി അവസാനിപ്പിച്ചു. സജീവരാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കുകയാണ്. കോണ്‍ഗ്രസില്‍ സി എം സ്റ്റീഫന്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച പ്രാസംഗികന്‍ ഇന്നും ഞാന്‍ തന്നെയാണ്. രാജ്മോഹന്‍ ഉണ്ണിത്താനെ കവച്ചുവയ്ക്കാന്‍ പാര്‍ട്ടിയില്‍ ഇനിയൊരാള്‍ ജനിക്കേണ്ടിയിരിക്കുന്നു - ആത്മവിശ്വാസത്തോടെ ഉണ്ണിത്താന്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :