World Introvert Day: ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ഒരു ദിവസമുണ്ട്

World Introvert Day, Introverts, Personality, ലോക അന്തർ മുഖത്വ ദിനം, ഇൻട്രോവേർട്ട്,വ്യക്തിത്വം
അഭിറാം മനോഹർ| Last Modified വെള്ളി, 2 ജനുവരി 2026 (14:35 IST)
ക്രിസ്മസ് അവധിക്കാലവും ന്യൂ ഇയര്‍ ആഘോഷവുമെല്ലാം കഴിഞ്ഞ് ബഹളങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുകയാണ് ലോകമെങ്ങുമുള്ള ജനങ്ങള്‍. ബഹളങ്ങള്‍ക്ക് ശേഷം എത്തിയ ദിനമായ ജനുവരി 2ന് ബഹളങ്ങളില്ലാതെ ആഘോഷിക്കുന്ന മറ്റൊരു കൂട്ടരുണ്ട്.
ഇന്ന് അവരുടെ ദിനമാണ്. വേള്‍ഡ് ഇന്‍ട്രോവര്‍ട്ട് ഡേ. സമൂഹത്തില്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വങ്ങളെ പറ്റി സ്വയം ബോധവത്കരിക്കാനുള്ള ഒരു ദിവസം കൂടിയാണ് ഇന്ന്. അധികം സംസാരിക്കാത്തതോ ശാന്തത ഇഷ്ടപ്പെടുന്നതോ ഒരു തെറ്റല്ലെന്നും അത് സ്വാഭാവികമായ ഒരു കാര്യമാണെന്നും സമൂഹത്തെ അറിയിക്കാനുള്ള അവസരം കൂടിയാണ് വേള്‍ഡ് ഇന്‍ട്രോവേര്‍ട്ട് ഡേ.

ഇന്‍ട്രോവര്‍ട്ടുകളെ പലപ്പോഴും സാമൂഹിക ഇടപെടലുകളില്‍ നിന്ന് മാറിനില്‍ക്കുന്നവരായാണ് വിശേഷിപ്പിക്കാറുള്ളത്. ഇത് ലജ്ജ(shy)ആകുന്നത് കൊണ്ടല്ല മറിച്ച് അവരുടെ സ്വാഭാവികമായ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്ന അവബോധമാണ് ലോക ഇന്‍ട്രോവേര്‍ട്ട് ദിനം നല്‍കുന്നത്. തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് ബഹളങ്ങളില്‍ നിന്നും മാറി ഒറ്റയ്ക്ക് ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇന്‍ട്രോവേര്‍ട്ടുകളുടെ ശക്തി ആഴത്തിലുള്ള ചിന്തയും ആത്മപരിശോധനയുമാണ്. തീരുമാനങ്ങള്‍ എടുക്കും മുന്‍പ് വിശദമായി ചിന്തിച്ച ശേഷം മാത്രമാകും ഇന്‍ട്രോവേര്‍ട്ടുകള്‍ തീരുമാനമെടുക്കുക. ശാസ്ത്രം, സാഹിത്യം, ഗവേഷണം,കല തുടങ്ങി എല്ലാ മേഖലകളിലും നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള പലരും ഇന്‍ട്രോവേര്‍ട്ടുകളായിരുന്നു.

സാമൂഹികബന്ധങ്ങളും നൂറ് കണക്കിന് സുഹൃത്തുക്കളേയും അധികം ആഴമുള്ള ബന്ധമാണ് ഇന്‍ട്രോവേര്‍ട്ടുകള്‍ക്ക് താത്പര്യം. ദീര്‍ഘകാല സൗഹൃദങ്ങള്‍ക്ക് ഇത് വലിയ അടിത്തറയാണ്. നല്ല ലിസണര്‍ ആയിരിക്കും എന്നതാണ് ഇന്‍ട്രോവെര്‍ട്ടുകളുടെ മറ്റൊരു ഗുണം. ആളുകള്‍ക്ക് മുന്നില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന അനേകരുള്ള ഇന്നത്തെ ലോകത്ത് ശാന്തതയേയും ആന്തരിക ശക്തിയേയുമെല്ലാമാണ് ഇന്‍ട്രോവേര്‍ട്ടുകള്‍ പ്രതിനിധീകരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :