ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 6 ജനുവരി 2017 (14:16 IST)
യഥാര്‍ഥ അഗ്നിപരീഷണത്തിലേക്ക് കടക്കുകയാണ് വിരാട് കോഹ്‌ലി. മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്റെ കൈയില്‍ നിന്ന് നായകന്റെ ബാറ്റണ്‍ സ്വന്തമാക്കിയ കോഹ്‌ലിക്ക് മുന്നില്‍ പുതിയൊരു യുദ്ധക്കളമൊരുങ്ങുന്നു. സൌരവ് ഗാംഗുലിയടക്കമുള്ള ഇന്ത്യ കണ്ട മികച്ച നായകന്മാര്‍ക്ക് കഴിയാതിരുന്ന പലതും സ്വന്തമാക്കി നായകസ്ഥാനം അലങ്കരിച്ച ധോണി തെളിച്ച വഴിയിലൂടെ സഞ്ചരിക്കേണ്ട കോഹ്‌ലിക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്.
അനിശ്ചിതത്വങ്ങളുടെ ധാരാളിത്ത്വം അരങ്ങുവാഴുന്ന ക്രിക്കറ്റില്‍ എല്ലാം ‘കൂളാ’യി സ്വന്തമാക്കാന്‍ ധോണിക്ക് കഴിഞ്ഞു. 2007ന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായ സംഭവവികാസങ്ങളില്‍ ധോണിക്ക് പരോക്ഷമായെങ്കിലും പങ്കുണ്ടായിരുന്നു. വമ്പന്‍മാര്‍ക്ക് മുന്നില്‍ ടീമിന്റെ പടിവാതില്‍ കൊട്ടിയടച്ച ധോണി ചെറുപ്പക്കാര്‍ക്കായി പരവതാനി വിരിച്ചു. തനിക്ക് ആവശ്യമുള്ള കളിക്കാരെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുകയും ചെയ്‌തു. ഇതിന്റെ ഫലം പ്രതിഫലിച്ചത് 2011ലെ ലോകകപ്പിലാണ്.
ധോണി മെനഞ്ഞെടുത്ത സുന്ദരമായ ടീമിനെ വിജയകരമായി മുന്നോട്ട് നയിക്കുക എന്ന ഉത്തരവാദിത്വം മാത്രമെ ഇന്ന് കോഹ്‌ലിക്കുള്ളു. ആറ് പന്തുകള്‍ക്കിടെയില്‍ വിധി മാറ്റിയെഴുതുന്ന ക്രിക്കറ്റില്‍ കോഹ്‌ലിക്ക് ടെസ്‌റ്റ് ക്രിക്കറ്റ് പോലെയാകില്ല ഏകദിന, ട്വന്റി- 20 മത്സരങ്ങള്‍.
കോഹ്‌ലിയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍:-
സമകാലിക ക്രിക്കറ്റിലെ മികച്ചവനെന്ന നാമം ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വന്തമായ കോഹ്‌ലിക്ക് വേണ്ടിയാണ് മഹേന്ദ്ര സിംഗ് ധോണി നായകസ്ഥാനമൊഴിഞ്ഞതെന്ന പരാമര്‍ശങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിലും അതില്‍ ചില സത്യങ്ങളുണ്ട്. എല്ലാം കൂളായി കൈകാര്യം ചെയ്യുന്ന ധോണിയില്‍ നിന്ന് നേര്‍ വിപരീതമാണ് കോഹ്‌ലി. ഗ്രൌണ്ടില്‍ ആക്രമണോത്സുകത ക്രിക്കറ്റ് കളിക്കുന്ന താരമാണ് കോഹ്‌ലി.
ഇന്ത്യന്‍ ടീം ടെസ്‌റ്റില്‍ വിജയങ്ങള്‍ തുടര്‍ച്ചയാക്കുന്നുണ്ടെങ്കിലും മിക്ക വിജയങ്ങളും നാട്ടില്‍ നടന്ന പരമ്പരകളിലായിരുന്നു. ഏകദിന ക്രിക്കറ്റില്‍ കോഹ്‌ലിയുടെ തീരുമാനങ്ങള്‍ എന്താകുമെന്ന് മനസിലാകാന്‍ കാത്തിരിക്കേണ്ടതുണ്ട്. ചിലപ്പോള്‍ നേരത്തെയും അല്ലെങ്കില്‍ വൈകിയും ക്രീസിലെത്തുന്ന ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ എവിടെ പിടിച്ചു കെട്ടുമെന്ന കാര്യത്തില്‍ കോഹ്‌ലിക്ക് തലപുകഞ്ഞ് ആലോചിക്കേണ്ടിവരും.
ഗാംഗുലിക്ക് ശേഷം ആക്രമണോത്സുകതയില്‍ യാതൊരു കുറവും കാണിക്കാത്ത നായകനാണ് കോഹ്‌ലി. നിര്‍ണായക നിമിഷങ്ങളില്‍ ബോളര്‍മാരെ ബുദ്ധിപരമായി ഉപയോഗിക്കാനും ഫീല്‍ഡില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താനും കോഹ്‌ലിക്ക് സാധിക്കുമോ എന്ന് അറിയേണ്ടതുണ്ട്. വിദേശ പരമ്പരകളിലെ ജയമാകും കോഹ്‌ലിയെന്ന ഏകദിന നായകന് കൂടുതല്‍ മാര്‍ക്ക് നേടി കൊടുക്കുക. ഈ പരീക്ഷണം ജയിച്ചാല്‍ അദ്ദേഹം ധോണിയെക്കാളും ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരുമെന്ന് വ്യക്തമാണ്.
നിലവിലെ എല്ലാ താരങ്ങളുമായി കോഹ്‌ലിക്ക് അടുത്ത ബന്ധമാണുള്ളതെങ്കിലും 2019ലെ ലോകകപ്പ് ലക്ഷ്യമാക്കി പുതിയ യുവതാരങ്ങളെ ടീമിലേക്ക് എത്തിച്ച് ശക്തമായി ടീമിനെ പരുവപ്പെടുത്തിയെടുക്കേണ്ട ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ട്. തോല്‍വികളിലും കൂളായി പെരുമാറിയ ധോണിയ വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു. എന്നാല്‍ ഉരുളയ്‌ക്ക് ഉപ്പേരി പോലെ പെരുമാറുന്ന കോഹ്‌ലിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല.