യോഗി ആദിത്യ നാഥ്: തീവ്ര വര്‍ഗീയ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ കാവി പ്രചാരകന്‍

യോഗി ആദിത്യ നാഥെന്ന ബിജെപിയുടെ ‘ഫയര്‍ ബ്രാന്‍ഡ്’

Yogi Adityanath, Up Election 2017, UP CM, ബിജെപി, യോഗി ആദിത്യ നാഥ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി, ഉത്തർപ്രദേശ്, മുഖ്യമന്ത്രി
ഉത്തർപ്രദേശ്| സജിത്ത്| Last Modified ശനി, 18 മാര്‍ച്ച് 2017 (19:46 IST)
ബിജെപിയുടെ തീവ്രമുഖമായ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ഞായറാഴ്ച സ്ഥാനമേല്‍ക്കും. ഖൊരക്പൂര്‍ നിയമസഭാംഗമായ ആദിത്യനാഥിനെ ഇന്ന് ചേർന്ന ബിജെപി എംഎൽഎമാരുടെ നിയമസഭകക്ഷി യോഗത്തിലാണ് യോഗി ആദിത്യനാഥിനെ നേതാവായി തെരഞ്ഞെടുത്തത്. വര്‍ഗീയ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ആദിത്യനാഥ് എന്ന തീവ്രമുഖത്തെ രംഗത്തിറക്കിയത് ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

‘ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ ഞാന്‍ നൂറ് മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റുമെന്നും ഒരു ഹിന്ദു കൊല്ലപ്പെട്ടാല്‍ നമ്മള്‍ നൂറ് മുസ്ലീങ്ങളെ കൊല്ലുമെന്നും’ ഉള്ള വിവാദപ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ നേതാവാണ് നിയുക്ത യുപി മുഖ്യമന്ത്രിയായ ആദിത്യനാഥ്. ഇത്തരത്തിലുള്ള തീവ്ര വര്‍ഗീയ പ്രസ്താവനകള്‍ നടത്താന്‍ ഒരു തരത്തിലുള്ള മടിയും കാണിക്കാത്ത ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കുന്നതിലൂടെ യുപിയിലെ സവര്‍ണരുടെ താല്‍പര്യമാണ് ബിജെപി സംരക്ഷിക്കുന്നത്.

1998 മുതല്‍ ഖോരക്പൂര്‍ എംപിയായ യോഗി ആദിത്യനാഥിന് യുപി ബിജെപിയിലെ വര്‍ഗീയ മുഖം എന്ന വിശേഷണമാകും കൂടുതലായി ചേരുന്നത്. പല തരത്തിലുള്ള വിവാദ വര്‍ഗീയ പ്രസംഗത്തിലൂടെ മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുള്ള യോഗി ആദ്യത്യനാഥ് എന്ന അജയ് സിങ്ങ് അച്ചന്റെ മരണശേഷമാണ് മുഖ്യ പുരോഹിത സ്ഥാനം ഏറ്റെടുത്തത്. ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന് ഖ്യാതിയോടു കൂടിയാണ് 1998 ല്‍ യോഗി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഹിന്ദു മത പ്രചാരത്തിന്റെ ഭാഗമായി ഹിന്ദു യുവ വാഹിനിയെന്ന സംഘടന രൂപീകരിച്ചാണ് അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത്‍. ഇന്ത്യയെ ക്രൈസ്തവ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് മദര്‍തെരേസ പ്രവര്‍ത്തിക്കുന്നതെന്നും പാക് ഭീകരന്‍ ഹാഫിസ് സയിദിനെപ്പോലെയാണ് ഷാരൂഖ് ഖാന്റെ ചിന്താഗതികളെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വന്‍ വിവാ‍ദം സൃഷ്ടിച്ചിരുന്നു. സൂര്യനമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ രാജ്യം വിട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അയോധ്യയില്‍ രാമക്ഷേത്രവും മുസ്ലിം പള്ളിയും പണിത് പ്രശ്‌നപരിഹാരമുണ്ടാക്കുന്നത്
മക്കയില്‍ ക്ഷേത്രം പണിയുന്നതിന് തുല്യമാണെന്നായിരുന്നു ഒരിക്കല്‍ ആദിത്യനാഥ് പറഞ്ഞത്. 2007 ല്‍ ഖോരക്പൂരില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ യോഗി ആദിത്യ നാഥിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പോകാന്‍ പാടില്ലെന്ന മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനായിരുന്നു യോഗി ആദിത്യ നാഥിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

കഴിഞ്ഞ തെരഞ്ഞടുപ്പ് കാലത്ത് താന്‍ നിര്‍ദേശിക്കുന്ന ആളുകളെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന ആവശ്യമുന്നയിച്ച ആദിത്യനാഥ് ബിജെപിയുമായി നിരന്തരം കലഹിച്ചിരുന്നു. 2007 ലും ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലുമാണ് ഇദ്ദേഹം സീറ്റിനായി കലാപമുയര്‍ത്തിയിരുന്നത്. യു പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി യോഗിയെ ഉയര്‍ത്തികാണിക്കാത്തതിനാല്‍ യോഗിയുടെ സംഘടന ഹിന്ദു യുവവാഹിനി ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന ഭീഷണിയും മുഴക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :