Rijisha M.|
Last Modified വെള്ളി, 31 ഓഗസ്റ്റ് 2018 (17:59 IST)
സെപ്‌തംബർ - അഞ്ച്, അധ്യാപക ദിനം. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സർവേപള്ളി രാധാകൃഷ്ണന്‍റെ പിറന്നാളാണ് അധ്യാപക ദിനമായി കൊണ്ടാടുന്നത്. ലോകത്തെമ്പാടും അധ്യാപകരെ ആദരിക്കുന്നു, അധ്യാപക ദിനം ആചരിക്കുന്നു. എല്ലായിടങ്ങളിലും അധ്യാപകദിനം ഉണ്ടെങ്കിലും സെപ്‌തംബർ അഞ്ചിനല്ല. എങ്കിലും മിക്കയിടത്തും ഇത് സെപ്റ്റംബറിലാണ്.
ഐക്യരാഷ്ട്രസഭയുടെ - യുനസ്കോയുടെ - ലോക അധ്യപക ദിനം ഇന്ത്യയുടെ അധ്യാപക ദിനത്തില്‍ നിന്ന് കൃത്യ ഒരുമാസം കഴിഞ്ഞാണ് , അതായത് ഒക്ടോബര്‍ അഞ്ചിന്. ലോകത്ത് അഞ്ചു കോടിയിലേറെ അധ്യാപകരുണ്ട്. സമൂഹത്തിന് അവര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച് ഓര്‍ക്കാനും അവരെ ബഹുമാനിക്കാനുമാണ് യുനസ്കോ ലോക അധ്യാപക ദിനം ആചരിക്കുന്നത്.
1966 ഒക്ടോബര്‍ അഞ്ചിന് അധ്യാപകരുടെ പദവി സംബന്ധിച്ച് യുനസ്കോ നടത്തിയ രാജ്യാന്തര-സര്‍ക്കാര്‍ തല സമ്മേളനത്തിന്‍റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം അധ്യാപക ദിനമായി പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ചീനയില്‍ സെപ്റ്റംബര്‍ പത്തിനാണ് അധ്യാപകദിനം. 1985 മുതല്‍ ഈ ആഘോഷം നടക്കുന്നു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിൽ, അര്‍ജന്‍റീനയിലെ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ഡിമിന്‍ഗോ ഫൗസ്റ്റിനോ സചാരിറ്റോയുടെ ചരമദിനമായ സെപ്റ്റംബര്‍ 11നാണ് അധ്യാപക ദിനം. തായ്വാനില്‍ സെപ്റ്റംബര്‍ 28നാണ് അധ്യാപക ദിനം. അമേരിക്ക മെയിലെ ആദ്യത്തെ ചൊവ്വാഴ്ച അധ്യാപക ദിനമായി ആചരിക്കുന്നു. എങ്കിലും മാസാച്ചുസെറ്റ്സില്‍ സെപ്റ്റംബര്‍ ഏഴിന് ആഘോഷം നടക്കുന്നു. ബ്രസീലില്‍ ഒക്ടോബര്‍ 15നും വിയറ്റ്നാമില്‍ നവംബര്‍ 20നുമാണ് അധ്യാപകദിനം.