രേണുക വേണു|
Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2024 (10:31 IST)
Supermoon 2024: ഇന്ന് ആകാശത്ത് ചാന്ദ്രവിസ്മയം കാണാം. തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.56 നാണ് സൂപ്പര്‍മൂണ്‍ ദൃശ്യമാകുക. മേഘങ്ങളുടെ തടസമില്ലാതെ തെളിഞ്ഞ ആകാശമാണെങ്കില്‍ നിങ്ങള്‍ക്ക് ചാന്ദ്രവിസ്മയം നേരിട്ടു കാണാം. ഇത്തവണത്തെ സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ ആണെന്ന പ്രത്യേകതയും ഉണ്ട്.
ഭൂമിയുടെ ഭ്രമണപഥത്തോടു ചന്ദ്രന്‍ ഏറ്റവും അടുത്തുനില്‍ക്കുന്ന സമയത്തു പ്രത്യക്ഷപ്പെടുന്ന പൂര്‍ണചന്ദ്രനാണ് സൂപ്പര്‍മൂണ്‍. ഈ വര്‍ഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായ പൂര്‍ണചന്ദ്രന്മാരില്‍ ഒന്നാണ് ഇത്തവണത്തെ സൂപ്പര്‍മൂണ്‍. നാല് പൂര്‍ണചന്ദ്രന്‍മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനെയാണ് ബ്ലൂമൂണ്‍ എന്നറിയപ്പെടുക. ഇന്ന് പ്രത്യക്ഷമാകുന്നത് മൂന്നാമത്തെ പൂര്‍ണ ചന്ദ്രനും ബ്ലൂമൂണും ആണ്.
അതേസമയം ബ്ലൂമൂണ്‍ എന്നാണ് പേരെങ്കിലും ചന്ദ്രന് നീലനിറം ആയിരിക്കില്ല. സീസണിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനും ഭൂമിയുടെ അടുത്തു നില്‍ക്കെ ദൃശ്യമാകുന്ന പൂര്‍ണചന്ദ്രനും ആയതുകൊണ്ട് ഇത്തവണത്തെ പ്രതിഭാസത്തെ 'സൂപ്പര്‍ ബ്ലൂമൂണ്‍' എന്ന് വിളിക്കുന്നു. സ്റ്റര്‍ജന്‍ മൂണ്‍ എന്നും ഇതിനു പേരുണ്ട്.