നന്ദമുരി ഹരികൃഷ്ണയുടെ മരണകാരണം എന്ത്? ആ കാര്‍ അപകടത്തില്‍ പെട്ടതെങ്ങനെ?

ഐ വെങ്കിടേഷ്| Last Updated: ബുധന്‍, 29 ഓഗസ്റ്റ് 2018 (16:03 IST)
തെലുങ്ക് സിനിമാലോകം ആകെ ഞെട്ടലിലാണ്. കാറപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് ബുധനാഴ്ച അതിരാവിലെ ഏവരെയും തേടിയെത്തിയത്. എന്‍ ടി ആറിന്‍റെ മകനും ജൂനിയര്‍ എന്‍ ടി ആറിന്‍റെ പിതാവുമായ ഹരികൃഷ്ണ സിനിമാതാരവും തെലുങ്ക്ദേശം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പറുമായിരുന്നു.

ഒരു ആരാധകന്‍റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി അതിരാവിലെ കാര്‍ ഡ്രൈവ് ചെയ്ത് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നന്ദമുരി ഹരികൃഷ്ണ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്.

അമിതവേഗതയില്‍ എത്തിയ ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞാണ് അപകടം സംഭവിച്ചത്. നന്ദമുരി ഹരികൃഷ്ണ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടുണ്ടായിരുന്നില്ല. സീറ്റ് ബെല്‍റ്റ് ഇടാതെ ഡ്രൈവ് ചെയ്തതാണ് അദ്ദേഹത്തിന് ഗുരുതരമായി പരുക്കേല്‍ക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.

എയര്‍ബാഗ് ഉള്‍പ്പടെ എല്ലാ സുരക്ഷാസംവിധാനങ്ങളുമുള്ള കാര്‍ ആണ് അപകടത്തില്‍ പെട്ടത്. സീറ്റ് ബെല്‍റ്റ് ഇടാതിരുന്നതിനാല്‍ ഇടിയുടെ ആഘാതത്തില്‍ അദ്ദേഹത്തിന് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റു. മാത്രമല്ല, വണ്ടിയില്‍ നിന്ന് തെറിച്ചുപുറത്തേക്ക് വെഴുകയും ചെയ്തു.

അതിരാവിലെ 4.30നാണ് ഹരികൃഷ്ണ ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ടത്. അപകടം നടക്കുന്ന സമയത്ത് 160 കിലോമീറ്റര്‍ സ്പീഡിലായിരുന്നു ഹരികൃഷ്ണയുടെ കാര്‍. അമിതവേഗതകാരണം കാര്‍ നിയന്ത്രണം വിട്ടാണ് ഡിവൈഡറില്‍ ഇടിച്ചത്. മഴ പെയ്തിരുന്നതിനാല്‍ റോഡില്‍ വാഹനം തെന്നി മറിയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടായിരുന്നു.

കേരളത്തോട് അതീവ സ്നേഹമുണ്ടായിരുന്നു നന്ദമുരി ഹരികൃഷ്ണയ്ക്ക്. അദ്ദേഹത്തിന്‍റെ ജന്‍‌മദിനം സെപ്റ്റംബര്‍ രണ്ടിനാണ്. അന്ന് ആഘോഷമൊന്നും വേണ്ടെന്നും ആ പണം കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും ഹരികൃഷ്ണ ആരാധകരോട് നിര്‍ദ്ദേശിച്ചിരുന്നു.

ആന്ധ്രപ്രദേശിലെ നാല്‍‌ഗോണ്ട ഹൈവേയില്‍ നെല്ലൂരിനടുത്തുവച്ചാണ് ഹരികൃഷ്ണയുടെ വാഹനം അപകടത്തില്‍ പെടുന്നത്. അതിവേഗം ഡിവൈഡറില്‍ തട്ടിയ കാര്‍ കരണം മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഹരികൃഷ്ണയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്‍ ടി ആറിന്‍റെ നാലാമത്തെ മകനാണ് നന്ദമുരി ഹരികൃഷ്ണ. ഒട്ടേറെ ഹിറ്റ് സിനിമകളില്‍ ഇദ്ദേഹം നായകനായിരുന്നു. കേരളത്തില്‍ പോലും ഏറെ ആരാധകരുള്ള ജൂനിയര്‍ എന്‍ ടി ആറിന്‍റെ പിതാവാണ്.

സമാനമായ ഒരപകടത്തില്‍ 2014ല്‍ ഹരികൃഷ്ണയുടെ മകനായ ജാനകിറാം കൊല്ലപ്പെട്ടിരുന്നു. ഹരികൃഷ്ണയുടെ സഹോദരന്‍ നന്ദമുരി ബാലകൃഷ്ണ തെലുങ്കിലെ മറ്റൊരു സൂപ്പര്‍താരമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :