Last Modified ശനി, 3 ഓഗസ്റ്റ് 2019 (12:50 IST)
ദേവികുളം സബ് കളക്ടർ ആയിരിക്കെ കയ്യേറ്റക്കാർക്കെതിരെ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ്
ശ്രീറാം വെങ്കിട്ടരാമൻ എന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥനെ താരമാക്കി മാറ്റിയത്. ജനകീയ ഇടപെടലുകളിലൂടെ കളക്‌ടർ ബ്രോ ആയി മാറിയ പ്രശാന്തിനു ശേഷം കേരളം നിറഞ്ഞു സ്വീകരിച്ച സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്നു ശ്രീറാം. എന്നാൽ ഇപ്പോൾ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതൊടു കൂടെ വില്ലൻ റോളിലേക്ക് മാറിയിരിക്കുകയാണ് ശ്രീറാം.
കേരളത്തിലെ മികച്ച കരിയർ കൺസൾട്ടെന്റായ ഡോ. പിആർ വെങ്കിട്ട രാമന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥ രാജം രാമമൂർത്തിയുടെയും മകനാണ് ശ്രീറാം. എറണാകുളം ഭവൻസ് വിദ്യാമന്ദിറിലായിരുന്നു സെക്കണ്ടറി വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം. 2013 ബാച്ചിൽ റാങ്കോടെ സിവിൽ സർവീസിലെത്തി.
ദേവികുളം സബ് കളക്ടർ ആയിരിക്കെ മൂന്നാറിൽ പ്രാർത്ഥനാ ഗ്രൂപ്പിന്റെത് ഉൾപ്പെടെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ശ്രീറാം പഴുതടച്ച പദ്ധതികളാണ് തയ്യാറാക്കിയിരുന്നത്. എന്നാൽ തന്റെ നടപടിക്രമങ്ങളുമായി മുന്നോട്ട് ശ്രീറാം പോയപ്പോൾ ഭരണപക്ഷത്തെ ഉന്നതർക്ക് അപകടം മണത്തു. റവന്യൂ മന്ത്രി കൂടെ നിന്നിട്ടും ശ്രീറാമിന് സ്ഥാനം തെറിച്ചു. എംപ്ലോയ്‌മെന്റ ഡയറക്ടറായി ആയിരുന്നു നിയമനം.
എംപ്ലോയ്‌മെന്റ ഡയറക്ടറായി നിയമിതനായ ശേഷം പിന്നീട് അധികമൊന്നും വാർത്തകളിൽ വന്നില്ല ശ്രീറാം. പ്രളയത്തിനു ശേഷം നവകേരള നിർമ്മാണ ചർച്ചകൾ നടന്നു കൊണ്ടിരിക്കുമ്പോൾ ഹാവാർഡിൽ പഠനത്തിനു ചേർന്നു ശ്രീറാം. പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ്, സർവേ ഡയറക്ടായി നിയമനം ലഭിക്കുന്നത്. നിയമനം നടന്നതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ശ്രീറാം ഉൾപ്പെടുന്നത്.