AISWARYA|
Last Updated:
തിങ്കള്‍, 20 നവംബര്‍ 2017 (08:33 IST)
പതിനേഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം ലോക സുന്ദരി പട്ടം ലഭിച്ച ഇന്ത്യക്കാരി
മാനുഷി തൽവാറിന് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഗ് ബി അമിതാബ് ബച്ചനും മാനുഷിയെ അഭിനന്ദിച്ചു. ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. ചൈനയിൽ നടന്ന മൽസരത്തിൽ 108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിറകിലാക്കിയാണ് ഹരിയാന സ്വദേശിയായ മാനുഷി ഈ നേട്ടം കരസ്ഥമാക്കിയത്.
2000ല്‍ പ്രിയങ്ക ചോപ്രയായിരുന്നു ഈ പട്ടം അവസാനമായി ഇന്ത്യയിലെത്തിച്ചത്.“അഭിനന്ദനം മാനുഷി ചില്ലാർ,ഈ വിജയത്തിൽ ഇന്ത്യക്ക് അഭിമാനമുണ്ട്” എന്ന് മോദി പറഞ്ഞു.അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. “ലോക സുന്ദരി ഇന്ന് നമ്മുടെ ലോകത്താണ്, അഭിനന്ദനങ്ങൾ, ഇന്ത്യയുടെ കൊടി ലോക സമ്മേളനത്തിൽ പാറിപ്പറപ്പിച്ച മാനുഷി,നിനക്ക് അഭിനന്ദനങ്ങൾ”-അമിതാബ് ബച്ചൻ എഴുതി.
ബ്യൂട്ടി വിത്ത് എ പർസ് എന്ന പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ആർത്തവ ശുചിത്വത്തെക്കുറിച്ച് ഇരുപതോളം ഗ്രാമങ്ങളിൽ ബോധവല്‍ക്കരണം നടത്തിയ മാനുഷി, ബംഗീ ജംപിങ്, പാരാഗ്ലൈഡിങ്, സ്കൂബാ ഡൈവിങ് എന്നിങ്ങനെയുള്ള മേഖലകളിലും പ്രഗത്ഭയാണ്. മത്സരത്തിന്റെ അവസാന റൗണ്ടിലെ നിര്‍ണായകമായ ഒരു ചോദ്യത്തിന് മാനുഷിയുടെ മറുപടി വിധികര്‍ത്താക്കളെ മാത്രമല്ല, സദസിന്‍റെയും ഹൃദയം കവര്‍ന്നു. ആ ഒരു മറുപടിയാണ് രാജ്യത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ കിരീടനേട്ടത്തിന് അവരെ അര്‍ഹയാക്കിയത്.
ലോകത്തില്‍വച്ച് ഏറ്റവും മികച്ച ശമ്പളം ലഭിക്കേണ്ട തൊഴില്‍ ഏത് ? എന്തുകൊണ്ട് ? എന്നതായിരുന്നു ആ ചോദ്യം. തന്റെ അഭിപ്രായത്തില്‍ ‘അമ്മ’ എന്ന ജോലിയാണ് ഏറ്റവും മികച്ച ശമ്പളം അര്‍ഹിക്കുന്നതെന്നായിരുന്നു മാനുഷി നല്‍കിയ മറുപടി. അമ്മയാണ് ഏറ്റവും വലിയ ആദരം അര്‍ഹിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഒരാള്‍ക്ക് നല്‍കുന്ന ആദരം, സ്നേഹം എന്നിവയെല്ലാം വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എന്റെ ഏറ്റവും വലിയ പ്രചോദനവും അമ്മയാണെന്നും മാനുഷി പറഞ്ഞു.