തിരുവനന്തപുരം|
VISHNU N L|
Last Modified ചൊവ്വ, 19 മെയ് 2015 (13:03 IST)
സരസന്‍, ജനകീയന്‍, ദൃഢചിത്തന്‍, കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ കാവൽ ഭടന്‍ ഈ വിശേഷനങ്ങള്‍ കൊണ്ട് കേരളീയര്‍ക്ക് ചിരപരിതിനായ കമ്യൂണിസ്റ്റ്കാരനായിരുന്നു മുന്‍ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച് ഇ കെ നായനാര്‍. അയത്നലളിതമായ പ്രസംഗങ്ങൾ, ഓർത്തു ചിരിക്കാനുതകുന്ന തമാശകൾ, കുറിക്കു കൊള്ളുന്ന മറുപടികൾ എന്നിവ കൊണ്ട് കേരളത്തിന്റെ ഹൃദയത്തില്‍ ഇടം നേടിയ നായനാരുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് പതിനൊന്ന് വയസ് തികയുകയാണ്. ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ.കെ. നായനാർ ഡിസംബർ 1918 ഡിസംബർ ഒൻപതിനാണ് ജനിച്ചത്.
ആറു പതിറ്‍റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ
നേടിയ സ്ഥാനമാനങ്ങൾക്കപ്പുറം, ജനകീയനും സരസനുമായൊരു ഭരണാധികാരിയെന്ന നിലയിൽ ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ.കെ. നായനാർ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞു നിന്നു. സ്‌കൂൾ വിദ്യാഭ്യാസകാലത്തുതന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഉപ്പുസത്യാഗ്രഹത്തിന് കല്യാശ്ശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ നായനാർക്ക് പതിമൂന്നു വയസായിരുന്നു പ്രായം. പിന്നീട് കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ തുടങ്ങി. കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന സമയത്താണ് അതിലെ ഇടതു പക്ഷ ചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നത്. ഇടതുപക്ഷ ചിന്തകൾ വച്ചു പുലർത്തിയിരുന്ന നായനാർക്ക് അതിൽ ചേരാൻ രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല.
1939ൽ ആറോൺ മിൽ തൊഴിലാളി യൂണിയൻ നടത്തിയ പണിമുടക്കുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ആറുമാസത്തെ തടവുശിക്ഷ ലഭിക്കുകയും ചെയ്തു.
ഈ സമയത്താണ് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനം, ആ സമ്മേളനത്തിൽ പങ്കെടുത്ത് നായനാരും കമ്മ്യൂണിസ്റ്റുകാരനായി. 1958ൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനായ കെ.പി.ആർ ഗോപാലന്റെ അനന്തരവളായ ശാരദയെ വിവാഹം കഴിച്ചു. പിന്നീടിങ്ങോട്ട് പാർട്ടിയിലും രാഷ്ട്രീയത്തിലും വിസ്മയകരമായ വളർച്ചയുടെ നാളുകളായിരുന്നു അദ്ദേഹം കൈവരിച്ചത്.
1939ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന നായനാർക്ക് കയ്യൂർ മൊറാഴ കർഷകലഹളകളിൽ വഹിച്ച പങ്കിനെ തുടർന്ന് അറസ്റ്റിൽനിന്ന് രക്ഷപെടാൻ ഒളിവിൽ പോകേണ്ടിവന്നു. 1940ൽ മിൽ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നൽകിയതിന് ജയിലിലായി. അതിനുശേഷം കയ്യൂർ സമരത്തിൽ പങ്കെടുത്തു. മൂന്നാം പ്രതിയായിരുന്ന നായനാർ ഒളിവിൽ പോയി. കയ്യൂർ സമരനായകനെന്ന് വിളിപ്പേരുണ്ടെങ്കിലും കയ്യൂർ സമരത്തിൽ നായനാർ പങ്കെടുത്തതിന് തെളിവൊന്നുമില്ലെന്ന് പലരും ആരോപിച്ചിട്ടുണ്ട്. കയ്യൂർ സമര നായകനല്ല കയ്യൂർ തട്ടിപ്പുകാരനാണ് നായനാരെന്ന് തെളിയിക്കുന്ന ലേഖനങ്ങൾ വരെ ഇറങ്ങിയിരുന്നു .
1956ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ നായനാർ സിപിഐഎമ്മിൽ
ചേർന്നു. 1964ൽ ഏപ്രിലിലെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്നവരിൽ നായനാരും ഉണ്ടായിരുന്നു. ഏഴാം കോൺഗ്രസ്സിൽ നായനാരെ കേന്ദ്ര കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തു. 1967ൽ പാലക്കാടുനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972 മുതൽ 1980 വരെ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗമായിരുന്നു. 1972ൽ സി.എച്ച്. കണാരന്റെ മരണത്തോടെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയായി. ഇരിക്കൂറിൽ നിന്നും ജയിച്ച ഉടൻ തന്നെ ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം ഒളിവിൽ പോയി.
കേരള നിയമസഭയിലേക്ക് ആറു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1974ൽ ഇരിക്കൂറിൽ നിന്നും മൽസരിച്ച് ആദ്യമായി നിയമസഭാ അംഗമായി. 1980ൽ മലമ്പുഴയിൽ നിന്നും ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1982ൽ മലമ്പുഴയിൽ നിന്നും വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി. 1996ൽ അദ്ദേഹം മൽസരിച്ചില്ല. എന്നാൽ തെരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയായി. അതിനു ശേഷം തലശ്ശേരിയിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചു.
1980-1981, 1987-1991, 1996-2001 കാലഘട്ടങ്ങളിൽ
കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയെന്ന പദവിക്കും നായനാർ അർഹനായിരുന്നു. തീപ്പൊരി രാഷ്ട്രീയ പ്രസംഗങ്ങളും സംവാദങ്ങളും കേട്ടുപഴകിയ കേരള ജനതയ്ക്ക് വ്യതസ്തമായൊരു രാഷ്ട്രീയ അനുഭവമായിരുന്നു അദ്ദേഹം .
കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ കാവൽ ഭടനെന്ന് പാർട്ടി പ്രകീർത്തിക്കുമ്പോഴും ഇ കെ നായനാരുടെ പല ശൈലികളും വിമർശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട് . അമേരിക്കയിലൊക്കെ ചായ കുടിക്കുന്നത് പോലെയാണ് ബലാത്സംഗം എന്ന പരാമർശം ഏറെ വിവാദമായിരുന്നു. മുൻ മന്ത്രി എം എ ഹരിജൻ കുട്ടപ്പനെന്ന് വിളിച്ച കേസ് സുപ്രീം കോടതി വരെ പോയി. ആ ഹരിജനില്ലേടോ , എം എൽ എ കുട്ടപ്പൻ അയാള് മേശപ്പുറത്ത് കയറി എന്നോ മറ്റോ ആയിരുന്നു പരാമർശം .
നിസ്വാർത്ഥനായ നേതാവെന്ന് വാഴ്ത്തപ്പെടുമ്പോഴും നായനാർ അവസരവാദിയും പാർലമെന്ററി വ്യാമോഹിയുമായിരുന്നെന്നാണ് പഴയ സുഹൃത്ത് എം വി രാഘവൻ പറഞ്ഞിട്ടുള്ളത് . സീറ്റ് കിട്ടാത്തതിന്റെ പേരിൽ രണ്ട് പ്രാവശ്യം പാർട്ടി പ്രവർത്തനം മതിയാക്കി വീട്ടിലേക്ക് പോയ നായനാരെ രണ്ട് വട്ടവും മടക്കിക്കൊണ്ടു വന്നത് താനാണെന്ന് ആത്മകഥയിൽ രാഘവൻ പറയുന്നുണ്ട് . താൻ പുറത്താകാൻ കാരണമായ ബദൽ രേഖയുടെ സംവിധായകൻ നായനാരാണെന്നും രാഘവൻ ആരോപിച്ചിട്ടുണ്ട് .
വിമർശനങ്ങൾ തമാശകളുടെ ആവരണത്തിൽ അവതരിപ്പിക്കുന്പോഴും ഒരിക്കൽ പോലും പാർട്ടിയുടെ വേലിക്കെട്ടുകൾ തകർത്ത് ശാസനക്കു വിധേയനാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു നായനാർ. രാഷ്ട്രീയമായി എതിർപക്ഷത്തു നിൽക്കുന്നവർക്ക് അനഭിമതനാകാതിരിക്കാനും ഈ ശൈലി അദ്ദഹത്തെ സഹായിച്ചിട്ടുണ്ട്.
പ്രമേഹരോഗത്തെ തുടർന്ന് 2004 ൽ AIMS പ്രവേശിപ്പിച്ച നായനാർ മെയ് 19 ന് ഹൃദയാഘാതത്തെ തുടർന്നാണ്
അന്തരിച്ചത്.