സജിത്ത്|
Last Modified ശനി, 1 ജൂലൈ 2017 (11:37 IST)
ഒരു വീട് പണിയുക എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതലക്ഷ്യമാണ്. ചെറുതായാലും വലുതായാലും നല്ലൊരു വീട് സ്വന്തമാക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. ഒരുപാടുകാലം കഷ്ടപ്പെട്ട് അധ്വാനിച്ച് കാശുണ്ടാക്കി ഒരു വീട് ഉണ്ടാക്കമെന്നു വയ്ക്കുമ്പോൾ തുടക്കം മുതല്‍ക്കു തന്നെ അബദ്ധങ്ങളുടെ ഘോഷയാത്ര ആയിരിക്കും ഉണ്ടാവുക. നമ്മൾ ചെലവാക്കുന്ന പണത്തിനു അനുസരിച്ച മൂല്യം, പണിയുന്ന വീടിന് ഉണ്ടാകണമെങ്കിൽ നാം പല കാര്യങ്ങളും മുൻകൂട്ടി അറിഞ്ഞിരിക്കണം. അബദ്ധങ്ങൾ ഒഴിവാക്കിയാൽ തന്നെ പണിയുന്ന വീട് അക്ഷരാർഥത്തിൽ നമുക്കൊരു സ്വത്തായി മാറുകയും ചെയ്യും.
* ഏതെങ്കിലുമൊരു ആർക്കിടെക്ട്: ചെലവു ചുരുക്കുന്നതിനു വേണ്ടി പലരും തങ്ങൾക്കെന്താണു വേണ്ടതെന്ന് ആലോചിക്കാതെ, അടുത്തുള്ള ഏതെങ്കിലുമൊരു ആർക്കിടെക്ടിനെ സമീപിക്കും. എന്നാല്‍ മറ്റു ചിലരാകട്ടെ, മുൻകൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന പ്ലാനുകളിൽ ഒരെണ്ണം സ്വീകരിക്കുകയാണ് ചെയ്യുക. സമകാലിക ഡിസൈൻ താത്പര്യമുള്ള ആർക്കിടെക്ട് പരമ്പരാഗത ഡിസൈനിൽ വൈദഗ്ധ്യം കാണിക്കണമെന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ ആവശ്യം മനസിലാക്കിയായിരിക്കണം ആർക്കിടെക്ട്നെ തെരഞ്ഞെടുക്കേണ്ടത്.
* ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ: വില കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് വീട് നിര്‍മ്മിക്കുന്നതിനാല്‍ ചോർച്ച എന്ന പ്രശ്നം ഇപ്പോൾ സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. കോൺട്രാക്ടർമാർ ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിക്കുന്നതിനാൽ കരാറിലേർപ്പെടുന്നതിനു മുമ്പ് തന്നെ ഉപയോഗിക്കുന്ന സാധനങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണം.
* സെറ്റ്ബാക്ക് ഒഴിച്ചിടാതെ അടിത്തറ: ചെറിയ സ്ഥലത്താണ് വീട് പണിയുന്നതെങ്കില്‍ വശങ്ങളിൽ നിയമപ്രകാരമുള്ള സ്ഥലം ഒഴിച്ചിട്ട ശേഷമായിരിക്കണം അടിത്തറ കെട്ടേണ്ടത്. നിയമം പാലിക്കാതെയാണ് വീടുനിർമാണം നടത്തുന്നതെങ്കില്‍ അത് പൊളിച്ചു കളയുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ടെന്ന കാര്യം ഒരു കാരണവശാലും മറക്കരുത്.
*
വെള്ളക്കെട്ടുള്ള സ്ഥലത്ത് വീടുപണിയുക: സ്ഥലത്തിന് വിലക്കുറവാണെന്ന് കരുതി വീടുവയ്ക്കാനായി വെള്ളക്കെട്ടുള്ള സ്ഥലം വാങ്ങുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇത്തരം സ്ഥലാങ്ങളില്‍ നിലം നികത്തി, അടിത്തറ കെട്ടാൻ ഭീമമായ തുക ചെലവാകുന്നതോടെ തന്നെ ‘ലാഭം നഷ്ടമാകുകയാണ് ചെയ്യുക.
* ആവശ്യത്തിൽ കൂടുതൽ സിമന്റ് തേക്കുക: വീട് പണിയുമ്പോൾ സിമന്റിന്റെ അളവ് കൂട്ടിയാൽ തേപ്പിന് ഉറപ്പ് കൂടുമെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാൽ, സിമന്റിന്റെ അളവ് കൂടിയാൽ പ്ലാസ്റ്ററിങ്ങിൽ പൊട്ടൽ വീഴാന്‍ സാധ്യതയുണ്ട്. 1:3 എന്ന അനുപാതത്തിലാണ് പ്ലാസ്റ്ററിങ്ങിനായി സിമന്റും മണലും ചേർക്കേണ്ടത്.
*
ഭിത്തി നനയ്ക്കാൻ പായൽവെള്ളം:
തേപ്പിനു ശേഷം ഭിത്തി നനയ്ക്കാനായി അടുത്തുള്ള തോട്ടിൽ നിന്നും കുളത്തിൽ നിന്നുമെല്ലാം വെള്ളം പമ്പ് ചെയ്തെടുക്കുന്നത് സര്‍വ്വസാധാരണയാണ്. എന്നാൽ പായൽ നിറഞ്ഞ വെള്ളം കൊണ്ട് ഭിത്തി നനച്ചാൽ പെയിന്റ് ചെയ്ത് കുറച്ചുനാൾ കഴിയുമ്പോഴേക്കും പലഭാഗങ്ങളിലേയും പെയിന്റ് ഇളകുകയും അങ്ങിങ്ങായി പൂപ്പൽ പിടിച്ചതുപോലെ നിറംമാറ്റം ഉണ്ടാകുകയും ചെയ്യും. അതിനാൽ പായൽ വെള്ളം ഒഴിവാക്കുക.
*
സ്റ്റോറേജ് സ്പേസിന്റെ കുറവ്: ആവശ്യത്തിന് സ്റ്റോറേജ് ഇല്ല എന്നത് പല വീടുകളുടെയും ഒരു പ്രധാന പ്രശ്നമാണ്. ബാത്ത്റൂമിലും ബെഡ്റൂമിലുമെല്ലാം പ്രത്യേകം സ്റ്റോറേജ് സ്പേസ് ആവശ്യമാണ്. അതുകൊണ്ടുതന്നെ ഓരോ മുറികളിലും പൊതുവായ സ്റ്റോറേജ് ഒരുക്കുന്നത് നന്നായിരിക്കും.
*
ചെലവ് കുറഞ്ഞ കോൺട്രാക്ടർമാര്‍: ഏറ്റവും കുറഞ്ഞ റേറ്റ് ആരുടേതാകുമെന്നറിയാന്‍ മിക്ക ആളുകളും വീടുപണിക്കുമുമ്പായി മൂന്നോ നാലോ കോൺട്രാക്ടർമാരിൽ നിന്നും ക്വട്ടേഷൻ വാങ്ങും. ഏറ്റവും കുറഞ്ഞ തുക പറയുന്ന ആൾക്കായിരിക്കും നമ്മള്‍ കരാർ നൽകുക. വീടുപണിയുടെ ചെലവ് കുറയ്ക്കാനായി കണ്ടെത്തുന്ന ഒരു എളുപ്പ വഴിയാണ് ഇത്. പക്ഷെ ഇത് കൊണ്ട് ദോഷം മാത്രമേ ഉണ്ടാകുകയുള്ളൂ. നിരക്ക് കുറയുന്നതനുസരിച്ച് ക്വാളിറ്റിയിലും കുറവ് വരുമെന്നത് അറിയുക.
*
പ്ലഗിനു പകരം എക്സ്റ്റൻഷൻ കോഡ്: താമസമാക്കിയതിനു ശേഷമായിരിക്കും പുതിയ ഗൃഹോപകരണങ്ങൾക്കും സൗകര്യങ്ങൾക്കും മറ്റും കൂടുതൽ പ്ലഗുകൾ ആവശ്യമാണെന്ന കാര്യം നമ്മള്‍ തിരിച്ചറിയുന്നത്. പിന്നെ, എക്സ്റ്റൻഷൻ കോഡുകളെയും മൾട്ടി പിന്നുകളെയുമാണ് ആശ്രയിച്ചു തുടങ്ങുക. ഇത് വീടിനകം വൃത്തികേടാക്കും. ആവശ്യമായ ഉപകരണങ്ങള മുൻകൂട്ടി കണ്ട് പ്ലഗ് പോയിന്റുകൾ നേരത്തെ കണ്ടു വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.
*
ക്രോസ് വെന്റിലേഷൻ നൽകാതിരിക്കുക: ബെഡ്റൂമുകളിൽ ക്രോസ് വെന്റിലേഷൻ നിർബന്ധമാണ് . എതിരെയുള്ള രണ്ടു ഭിത്തികളിൽ വെന്റിലേഷൻ വരുന്നതാണ് എന്തുകൊണ്ടും ഉത്തമം. അതില്ലെങ്കിൽ രണ്ടു ഭിത്തിയിലെങ്കിലും വായുസഞ്ചാരത്തിന് സഹായകമാകുന്ന തരത്തിലുള്ള ജനലുകൾ ഉണ്ടായിരിക്കണം. ഇല്ലാത്ത പക്ഷം, മുറികളിൽ നിർജീവ വായു തങ്ങി നിൽക്കും.