സജിത്ത്|
Last Modified ഞായര്‍, 26 മാര്‍ച്ച് 2017 (16:52 IST)
ചിരിച്ചുകൊണ്ടല്ലാതെ എ കെ ശശീന്ദ്രൻ എംഎൽഎയെ കാണാന്‍ സാധിക്കാറില്ല. ഇന്ന്, അശ്ലീല സംഭാഷണം സംബന്ധിച്ച ആരോപണത്തെ തുടര്‍ന്ന് തന്റെ രാജിപ്രഖ്യാപിക്കാൻ മാധ്യമങ്ങൾക്കു മുന്നിൽ വന്നപ്പോഴും പുഞ്ചിരിച്ചുകൊണ്ടാണ് അദ്ദേഹം ഓരോ ചോദ്യത്തിനും മറുപടി നൽകിയത്. പരാതി പറയാനെത്തിയ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയതിന്റെ ശബ്ദരേഖ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ എ കെ ശശീന്ദ്രന് ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്.
കോൺഗ്രസിൽനിന്ന് ഇടതുപക്ഷത്തേക്കെത്തി അവിടെതന്നെ തുടർന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു എ കെ ശശീന്ദ്രൻ. കണ്ണൂർ ചൊവ്വ സ്വദേശിയായ അദ്ദേഹം കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലത്തിൽ നിന്നാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച് ഇത്തവണ നിയമസഭയിലെത്തിയത്. നിലവിൽ എൻസിപി ദേശീയ പ്രവർത്തക സമിതി അംഗമായ ശശീന്ദ്രന്‍ രണ്ടു തവണയാണ് കണ്ണൂർ ജില്ലയിൽനിന്ന് എംഎൽഎ ആയി നിയമസഭയിലെത്തിയത്.
1962ല്‍ കെ എസ് യുവിലുടെയാണ് ശശീന്ദ്രന്‍ തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1965ല്‍ കെ.എസ്.യു. കോഴിക്കോട് ജില്ലാ പ്രസിഡന്റ്, 1967ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, 1969 ല്‍ സംസ്ഥാന യൂത്ത്കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി, 1978ല്‍ സംസ്ഥാനപ്രസിഡന്റ് എന്നിങ്ങനെ കോണ്‍ഗ്രസിന്റെ വിവിധ തലങ്ങളില്‍ അദ്ദേഹം ഭാരവാഹിയായി. പാര്‍ട്ടി പിളര്‍ന്നതോടെ കോണ്‍ഗ്രസ് എസ്സിലെത്തുകയും എ സി ഷണ്‍മുഖദാസ്,, കെ പി ഉണ്ണികൃഷ്ണന്‍ എന്നിവരോടൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു.
1980ൽ എ കെ.ആന്റണിയുടെ നേതൃത്വത്തിലാണ് ശശീന്ദ്രന്‍ ഇടതുമുന്നണിയിലെത്തിയത്. 1981 ൽ നായനാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ച് ആന്റണിയും കൂട്ടരും മുന്നണി വിട്ട് പോയെങ്കിലും മൂന്നരപ്പതിറ്റാണ്ട് ഇടതുപക്ഷത്ത് ഉറച്ചുനിന്നതിനുള്ള അംഗീകാരമായിരുന്നു ഇത്തവണ ശശീന്ദ്രനു ലഭിച്ച മന്ത്രിസ്ഥാനം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 1980 ല്‍ പെരിങ്ങളം മണ്ഡലത്തിലായിരുന്നു ശശീന്ദ്രന്റെ കന്നിയങ്കം. 1982 ൽ കോൺഗ്രസ് എസ് സ്ഥാനാർഥിയായി എടക്കാട് മണ്ഡലത്തിൽ വിജയിച്ച ശശീന്ദ്രൻ 1987ലും 91ലും കണ്ണൂർ മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെടുകയും ചെയ്തു. പിന്നീട് 2006ലാണ് ബാലുശ്ശേരിയില്‍ നിന്ന് വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2011ല്‍ എലത്തൂരില്‍ നിന്നും വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.