പി കെ വാസുദേവന്‍ നായരോ പന്ന്യന്‍ രവീന്ദ്രനോ ജയിച്ചുകയറിയതുപോലെ അനായാസവിജയം നേടാന്‍ തിരുവനന്തപുരത്തെ സി പി ഐ സ്ഥാനാര്‍ത്ഥിക്ക് കഴിയില്ലെന്നാണ് സി പി എം വിലയിരുത്തുന്നത്. ശശി തരൂര്‍, എന്‍ എന്‍ കൃഷ്ണദാസ്, എം പി ഗംഗാധരന്, നീലലോഹിതദാസ നാടാര്‍ എന്നിവരാണ് തിരുവനന്തപുരത്തിന്റെ ഗോദയില്‍ സ്വര്‍ണം വിളയുമെന്ന് പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയിരിക്കുന്ന പ്രമുഖര്‍. തിരുവനന്തപുരം അതുകൊണ്ടുതന്നെ പ്രവചനങ്ങള്‍ക്ക് അതീതമാകുന്നു. സി പി ഐ സ്ഥാനാര്‍ത്ഥിയായ പി രാമചന്ദ്രന് നായര്‍ തന്റെ മുന്‍ഗാമികളെപ്പോലെ സംസ്ഥാനരാഷ്ട്രീയത്തിലെ തലയെടുപ്പുള്ളയാളല്ലെന്നതും വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഘടകമാണെന്നാണ് സി പി എം നേതൃത്വം കരുതുന്നത്.
തൃശൂരില്‍ മത്സരിക്കുന്ന സി പി ഐ സ്ഥാനാര്‍ത്ഥി സി എന്‍ ജയദേവന് ക്ലീന്‍ ഇമേജാണെങ്കിലും ഇത്തവണ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ കാറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് മര്മങ്ങളറിയുന്ന പി സി ചാക്കോയെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കിയതു തന്നെ മണ്ഡലം തിരിച്ചുപിടിക്കാനാണ്. ആദ്യത്തെ ചെറിയ വിവാദങ്ങള്‍ക്ക് ശേഷം മണ്ഡലമാകെ ഇളക്കിമറിച്ചാണ് പി സി ചാക്കോ വോട്ടുതേടുന്നത്. ജയദേവനെ മറികടന്ന് ചാക്കോ ഫിനിഷിംഗ് പോയന്റിലെത്തുമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടല്‍.
ഘടകകക്ഷികളുടെ സീറ്റിന്റെ കാര്യത്തില്‍ മാത്രമല്ല, സ്വന്തം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലുമുണ്ട് സി പി എമ്മിന് വ്യക്തമായ നിഗമനങ്ങള്‍. പത്തനംതിട്ടയില്‍ സി പി എം സ്ഥാനാര്‍ത്ഥി കെ അനന്തഗോപന്‍ വളരെക്കുറവ് വിജയസാധ്യതമാത്രമാണ് പാര്‍ട്ടി കല്‍പ്പിക്കുന്നത്. പത്തനംതിട്ടയിലൊഴിച്ചാല് പാര്‍ട്ടി മത്സരിക്കുന്ന ബാക്കി മണ്ഡലങ്ങളിലെല്ലാം, കഠിനാദ്ധ്വാനം ചെയ്താല്‍ വിജയം സുനിശ്ചിതമാണെന്നും സി പി എം വിലയിരുത്തുന്നു.