“ഞാന്‍ വഴിവിട്ട് സഹായിച്ചു, ബ്ലാക്‍മെയിലിംഗിന് വഴങ്ങി”

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനം വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിയേക്കുമെന്ന് സൂചന. താന്‍ അധികാരത്തിലിരുന്നപ്പോള്‍ പലര്‍ക്കും വഴിവിട്ട് സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നും ബ്ലാക് മെയിലിംഗിന് വഴങ്ങിയിട്ടുണ്ടെന്നുമാണ് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയത്. മന്ത്രിക്കസേരയിലിരുന്നപ്പോള്‍ പലരെയും വഴിവിട്ടു സഹായിച്ചു എന്ന ഏറ്റുപറച്ചില്‍ ലീഗിനുള്ളിലും യു ഡി എഫിലും പൊട്ടിത്തെറികള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

തന്‍റെ ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവ് കെ എ റൌഫ് തന്നെ വധിക്കാന്‍ മംഗലാപുരത്തുനിന്ന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി എന്നാണ് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയത്. യു ഡി എഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ തന്നില്‍ നിന്നും അവിഹിതമായ സഹായം റൌഫ് പ്രതീക്ഷിച്ചിരുന്നു. അത് നടക്കില്ലെന്ന് ബോധ്യമായപ്പോള്‍ റൌഫ് തന്നെ വധിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.

തന്നെ പല തവണ റൌഫ് ബ്ലാക് മെയില്‍ ചെയ്തിട്ടുണ്ട്. ഭീഷണിക്ക് താന്‍ വഴങ്ങിയിട്ടുമുണ്ട്. അധികാരത്തിലിരിക്കുമ്പോള്‍ റൌഫ് അടക്കം പലര്‍ക്കും വഴിവിട്ട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഇനി അതുണ്ടാവില്ല - കുഞ്ഞാലിക്കുട്ടി പറയുന്നു.

സ്വന്തം പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കും വിധമുള്ള തുറന്നുപറച്ചിലാണ് കുഞ്ഞാലിക്കുട്ടി നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്‍റെ ഗൌരവം വര്‍ദ്ധിക്കുന്നു. ആത്‌മഹത്യാപരമായ ഇങ്ങനെയൊരു നീക്കത്തിന് കുഞ്ഞാലിക്കുട്ടി എന്തിന് ശ്രമിച്ചു? വധഭീഷണിയെ ഭയന്നു മാത്രമാണോ അത്? അതോ, ഇതിന്‍റെ പിന്നില്‍ വലിയൊരു സത്യം മറഞ്ഞിരിപ്പുണ്ടോ? ചോദ്യങ്ങള്‍ ഏറെയാണ്.

‘ആരോടും വിവേചനം കാട്ടില്ല, ആരോടും പ്രത്യേക താല്‍പ്പര്യം കാട്ടില്ല’ എന്നുള്ളത് ഒരു മന്ത്രിയുടെ സത്യപ്രതിജ്ഞയില്‍ ഉള്ളതാണ്. താന്‍ അധികാരത്തിലിരുന്നപ്പോള്‍ പലരെയും വഴിവിട്ടു സഹായിച്ചു എന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍ അതുകൊണ്ടുതന്നെ സത്യപ്രതിജ്ഞാ ലംഘനമായി ചൂണ്ടിക്കാട്ടാവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :