ഈ സിനിമയിലെ ഒരു ഡയലോഗ് പോലെ “ബോംബെയില്‍ നിന്ന് മുംബൈയായി“ മാറിയ നഗരത്തിലാണ് ഈ സിനിമയുടെ രംഗങ്ങള്‍ നടക്കുന്നത്. പതിവ് തിരക്കേറിയ നഗരദൃശ്യങ്ങളില്‍ നിന്നൊഴിഞ്ഞ്, ഗലികളുടെ ദശസന്ധികളായി തീരുന്ന പാതയിലൂടെയാണ് ഇതിലെ കഥയുടെയും കഥാപത്രങ്ങളുടെ സഞ്ചാരം ഓരോ ഗലികളും നമ്മോട് എന്താണ് സന്നിവേശിക്കുന്നതെന്ന് വെട്ടിതുറന്നു തന്നെ ചലച്ചിത്രകാരന്‍ കാട്ടുന്നു. അത് ജീവിതത്തിന്റെ നിറങ്ങളിലൂടെ കലര്‍പ്പുകള്‍ ഒന്നുമില്ലാതെ.
ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് ചരിത്രം സൃഷ്ടിച്ച കോന്‍ ബനേഗ കരോര്‍പതിയുടെ യതാര്‍ത്ഥപതിപ്പായ ഹൂ വാണ്ട്‌സ് ടു ബി എ മില്ല്യണര്‍ എന്ന ഷോയാണ് സിനിമയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. അനില്‍ കപൂറിന്റെ അവതാരകന്‍ ചോദിക്കുന്ന ഓരോ ചോദ്യവും നായകനായ ജമാല്‍ മാലിക്കിന്റെ ജീവിതത്തിന്റെ ചരിത്രമാകുന്നു.
ഓരോ ഇന്ത്യക്കാരനും പറയാന്‍ മടിക്കുന്ന എന്നാല്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാകുന്നു. ചുരുക്കത്തില്‍ ഓരോ ചോദ്യവും സമകാലിക ഇന്ത്യയുടെ മേക്കപ്പിടാത്ത മുഖമാകുന്നു.കലാപങ്ങളും കെടുതികളും വേശ്യത്തെരുവും അഴുക്കുചാലുകളും മാഫിയ തലവന്മാരും പുഴുക്കളെപോലെ ചത്തുവീഴുന്ന മനുഷ്യരുടെയും മുഖമാകുന്നു. ഓരോ കലാപങ്ങളും ചേരികളും എങ്ങനെ ഭിക്ഷക്കാരെയും വേശ്യകളെയും കൊലപാതകികളെയും സൃഷ്ടിക്കുന്നുവെന്ന് ഈ ചിത്രം ഓരോ ഫ്രയിമിലും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഒപ്പം നമ്മെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.
കഥയുടെ ഒഴുക്കിനായി ഒരു പ്രണയവും നായികയേയും ഉള്‍ച്ചേര്‍ത്തിട്ടുണ്ടെങ്കിലും അവ സംവിധായകന് പറയാനുള്ള കാര്യങ്ങള്‍ക്ക് ഒരിക്കലും വിഘാതമായിമാറുന്നില്ല. ജമാല്‍ മാലിക്കും സലിം മാലിക്കും ലതികയുമെല്ലാം പ്രതീകങ്ങളാക്കി മാറ്റുകയാണ് ഡാനി ബോയ്‌ല്‍. സ്വാതന്ത്ര്യത്തിന്റെ 60 വര്‍ഷങ്ങള്‍ പതാകയുയര്‍ത്തിയും ലഡു നുണഞ്ഞും ഒരു ജനത വെറുതെ ആഘോഷിക്കുകയായിരുന്നുവെന്നും യാഥാര്‍ത്ഥ്യം മറ്റൊന്നാണ് എന്നും കാട്ടിത്തരാന്‍ മറ്റൊരു ബ്രിട്ടീഷ്കാരന്‍ വേണ്ടി വന്നത് ചരിത്രത്തിലെ വിരോധാഭാസമാകും.
തങ്ങളുടെ സിംഹാസനങ്ങളുടെ ആണിക്കല്ലിലേക്കാണ് ഈ സിനിമാ ആഴ്ന്നിറങ്ങുന്നതെന്നും അതിനെ തകിടം മറിക്കാന്‍ ഈ ചെറിയ ഇതിവൃത്തത്തിന് കഴിയുമെന്നും ബോളിവുഡിലെ സിനിമാമാഗസീനുകളും റെഡ്‌കാര്‍പ്പറ്റുകളും ഊതിവീര്‍പ്പിച്ച താര സിംഹാസങ്ങളും വളരെ വേഗം മനസിലാക്കി അതുകോണ്ടാണല്ലോ ഈ ചിത്രത്തെ അങ്ങേയറ്റം പുച്ഛിച്ച് തള്ളി താരരാജാക്കന്‍മാര്‍ തീട്ടൂരം പുറപ്പെടുവിച്ചത്.