വി‌എസിനെതിരെ ഷാജഹാനും മാതൃഭൂമിയും ഒരുമിച്ച്!

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
മനസാക്ഷി സൂക്ഷിപ്പുകാരനെപ്പോലെ ഒപ്പം നടന്നയാള്‍. ഇപ്പോള്‍ ഏറ്റവും വലിയ ശത്രുവെന്നോ അതോ വിമര്‍ശകനെന്നോ വിശേഷിപ്പിക്കേണ്ടത്? അതെന്തായാലും രൂക്ഷ വിമര്‍ശനവുമായി രംഗത്തിറങ്ങാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് ഒരിക്കല്‍ വി‌ എസ്സിന് പ്രിയങ്കരനായിരുന്ന കെ എം ഷാജഹാന്‍. അതും മാതൃഭൂമിയുടെ കയ്യും‌പിടിച്ച്.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഷാജഹാന്‍ വി എസ് അച്യുതാനന്ദന്റെ രണ്ട്‌ മുഖങ്ങളെക്കുറിച്ചുള്ള പുസ്‌തകം തയ്യാറാക്കുന്ന തിരക്കിലാണ്. 2001നും 2011നും ഇടയില്‍ വി എസ്സിലുണ്ടായ മാറ്റമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഒരിക്കല്‍ ജനകീയനായ പ്രതിപക്ഷനേതാവായി സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടിരുന്ന വി‌ എസ് മുഖ്യമന്ത്രിയായപ്പോള്‍ നിലപാട് മാറ്റിയതിനെ വിമര്‍ശിക്കുന്നതായിരിക്കും പുസ്തകം. അതായത് വി‌ എസിന്‍റെ ഇരട്ടത്താപ്പ് വിശദീകരിക്കുന്ന പുസ്തകം തന്നെ. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുക. പുസ്‌തകത്തിന്റെ പേരും പ്രകാശനവും മറ്റും പിന്നീട്‌ തീരുമാനിക്കുമെന്ന് ഷാജഹാനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

കേരള രാഷ്‌ട്രീയത്തിലും സിപിഎമ്മിലും വലിയ പൊട്ടിത്തെറികളുണ്ടാക്കാവുന്ന വെളിപ്പെടുത്തലുകള്‍ പുസ്തകത്തിലുണ്ടാ‍കുമെന്നാണ് സൂചന. പാര്‍ട്ടി വലിയ പ്രതിസന്ധിയും വിമര്‍ശനങ്ങളും നേരിടുമ്പോഴും അത്‌ പരിഹരിക്കാന്‍ വി എസ്‌ യാതൊരു ഇടപെടലുകളും നടത്തുന്നില്ലെന്ന്‌ പുസ്‌തകത്തില്‍ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും പാര്‍ട്ടിയുമായുള്ള യുദ്ധത്തില്‍ വി എസ്‌ ഏതറ്റം വരെയും പോയിരുന്നു എന്നു തെളിയിക്കുന്ന രേഖകളും പുസ്‌തകത്തിലുണ്ടാകും. സ്‌ത്രീ പീഡന കേസുകളിലെ പ്രതികളെ കയ്യാമം വച്ച്‌ തെരുവില്‍ക്കൂടി നടത്തും എന്നതുള്‍പ്പെടെ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടത്തിയ പല പ്രഖ്യാപനങ്ങളും മുഖ്യമന്ത്രിയായ ശേഷം വി എസ്‌ മറന്നതുപോലെ പ്രവര്‍ത്തിച്ചുവെന്ന് പുസ്‌തകം കുറ്റപ്പെടുത്തുന്നു‌. അധികാരം നിലനിര്‍ത്തുക മാത്രം ലക്‍ഷ്യമാക്കിയാണ്‌ വി എസ്‌ പ്രവര്‍ത്തിക്കുന്നതെന്നും പുസ്തകത്തില്‍ ഷാജഹാന്‍ ആരോപിക്കുന്നു.

വി എസ്‌ പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ്‌ കെ എം ഷാജഹാന്‍ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്നത്‌. സി പി എം എകെജി സെന്റര്‍ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായിരുന്ന ഷാജഹാനെ പിന്നീട്‌ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. വാര്‍ത്ത ചോര്‍ത്തലുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയെത്തുടര്‍ന്ന് മറ്റു ചിലര്‍ക്കൊപ്പം ഷാജഹാനെതിരേയും അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.

പാര്‍ട്ടിക്ക്‌ പുറത്തായെങ്കിലും വി എസിന്‌ ഷാജഹാന്‍ പ്രിയങ്കരനായിരുന്നു. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ ചുമതലയുള്ള വെബ്‌ സര്‍വീസ്‌ ടീം ലീഡറായി ഷാജഹാനെ നിയമിക്കുകയും ചെയ്‌തു. വി എസിനെ പിന്തുണയ്ക്കാനായി ഷാജഹാന്‍ ഒരു ന്യൂസ് പോര്‍ട്ടല്‍ വരെ തുടങ്ങിയിരുന്നു.

പക്ഷേ, അടുത്തകാലത്ത് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഷാജഹാന്‍ രംഗത്തെത്തുകയായിരുന്നു. വി എസിന്‍റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്ന് നിഷ്കര്‍ഷിക്കുവാന്‍ ഷാജഹാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നും പല വേദികളിലും വി എസിനെ വിമര്‍ശിച്ച് ഷാജഹാന്‍ രംഗത്തെത്തി. ഏറ്റവും ഒടുവിലായി വി എസിനെ തിരുത്തുവാനും വിമര്‍ശിക്കുവാനും പുസ്തകരചന മാര്‍ഗമായി സ്വീകരിച്ചിരിക്കുകയാണ് ഷാജഹാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :