എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിയെ പ്രതിരോധിക്കാനായി കേരള സമൂഹത്തിന്റെ ഒരു വിഭാഗമെങ്കിലും മുന്നോട്ട് വന്നതില്‍ നമുക്ക് അഭിമാനിക്കാം. എന്നാല്‍, ആഗോള നിരോധനം സാധ്യമായപ്പോഴും ഒരു പിടി ജീവന് വില പറഞ്ഞ് പ്രശ്നത്തില്‍ രാഷ്ട്രീയ വിഷം കലര്‍ത്തിയവരെ ഓര്‍ത്ത് നമുക്ക് അപമാനത്താല്‍ തലതാഴ്ത്തുകയും ചെയ്യാം.
കേരളത്തില്‍ വിവിധ സംഘടനകള്‍ സഹജീവികളോടുള്ള കരുണയുമായി സമരമുഖത്ത് നിലയുറപ്പിച്ചപ്പോള്‍, പ്രശ്നത്തിന്റെ രൂക്ഷത വര്‍ദ്ധിച്ചപ്പോള്‍, ഇടതുപക്ഷവും ബിജെപിയും അനുഭാവവുമായി രംഗത്ത് എത്തി. വി എസ് നിരാഹാര സമരം നടത്തിയപ്പോള്‍, പാര്‍ട്ടിയിലെ പോരോ എന്തോ, എല്‍ഡിഎഫിന്റെ വക ഒരു ഹര്‍ത്താലും നടന്നു. ഒന്നിനെയും എതിര്‍ക്കണ്ട, താമസിച്ചാണെങ്കിലും നല്ല കാര്യങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതു തന്നെ.
പക്ഷേ, വി എസ് നിരാഹാരം കിടന്നപ്പോള്‍ കേരളത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് എന്തു ചെയ്യുകയായിരുന്നു. കാസര്‍ഗോട് വിഷം തളിക്കുന്നതു മൂലം ഗര്‍ഭസ്ഥ ശിശുക്കളുടെ മുഖം കാണുന്നതിനു മുമ്പ് ഗര്‍ഭച്ഛിദ്രം നടത്തുന്ന അമ്മമാരോട്, വര്‍ഷങ്ങളായി ശരീരം തളര്‍ന്ന് ബുദ്ധിവികാസമില്ലാതെ കഴിയുന്ന മുതിര്‍ന്നവരും അല്ലാത്തവരുമായ കുട്ടികളോട് ഇവര്‍ക്ക് എന്തു പറയാന്‍ കഴിയും. ഇനിയും ഭരണത്തില്‍ വരികയാണെങ്കില്‍ അവര്‍ ഈ ജനതയെയും അവരുടെ ദൈന്യത നെഞ്ചിലേറ്റിയ ഒരു വിഭാഗം ജനങ്ങളെയും ഏതു തരത്തില്‍ അഭിമുഖീകരിക്കും.
എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് എന്ന വയോധികന്‍ നിരാഹാരം കിടന്നു. ഈ സമയം എന്‍ഡോസള്‍ഫാനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ കാത്തിരിക്കുകയായിരുന്നു. പ്രധാനമന്ത്രി പ്രശ്നം അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന വാര്‍ത്തയാണ് ഇവര്‍ പിന്നീട് കേരള ജനതയെ അറിയിച്ചത് - എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ഇതു കേട്ട് പുളകം കൊണ്ടോ എന്തോ!
എന്തായാലും, സ്റ്റോക്‍ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി ജനീവയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യന്‍ നിലപാട് എന്‍ഡോസള്‍ഫാന്‍ ഇരകളെ അനുകൂലിക്കുന്ന വിധത്തിലായിരുന്നില്ല എന്നത് സത്യം! ആദ്യം നിരോധനത്തിനെതിരെ നിന്ന രാജ്യം മേഖലയിലെ മറ്റു രാജ്യങ്ങളും വിദേശ രാജ്യങ്ങളും ഉയര്‍ത്തിയ സമ്മര്‍ദ്ദത്തില്‍ പെട്ടുഴലുകയായിരുന്നു എന്നതും സത്യം. അവസാനം, നിലപാടില്‍ അല്‍പ്പമൊരു മാറ്റം വരുത്തിയ ഇന്ത്യ വിഷംനിരോധിക്കാന്‍ ഇളവുകള്‍ക്ക് വേണ്ടി കെഞ്ചി എന്നതും ശ്രദ്ധേയം! ഇളവുകളോടെ ഉള്ള നിരോധനം കാരണം അടുത്ത അഞ്ച് വര്‍ഷത്തേക്കു കൂടി വിഷം ഉപയോഗിക്കാം. അതിനു ശേഷം ഇറക്കുമതിയും ഉപയോഗവും നിര്‍ത്തിയാല്‍ മതി.
കേരളത്തില്‍ നിന്നുള്ള പ്രക്ഷോഭത്തിന്റെ അലകള്‍ ജനീവയില്‍ വരെ എത്തിയപ്പോള്‍ വി എസ് എന്ന രാഷ്ട്രീയക്കാരന് മാനുഷിക മുഖമുണ്ടായി. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയുടെ അക്ഷീണ പ്രയത്നം വിസ്മരിക്കുകയല്ല ഇവിടെ മറിച്ച് എന്‍ഡോസള്‍ഫാന്‍ വിഷത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ കാട്ടാളത്തെ വിമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്. യുഡിഎഫിന് തങ്ങളുടെ വോട്ട് യന്ത്രങ്ങള്‍ക്ക് എണ്ണയിട്ടു നല്‍കുന്ന അനായാസതയോടെയെങ്കിലും പ്രശ്നത്തില്‍ ഇടപെടാമായിരുന്നു. അതല്ലാതെ കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന ഒറ്റക്കാരണത്താല്‍ പുറംതിരിഞ്ഞ് നില്‍ക്കരുതായിരുന്നു.
എന്‍ഡോ സള്‍ഫാന്‍ ഉപയോഗിക്കാന്‍ ഇളവുകള്‍ വാങ്ങിയ ശേഷം ദുരിതബാധിതര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുന്ന യുഡിഎഫ് നയത്തെ എന്തുപറഞ്ഞ് പരിഹസിക്കണം. ശനിയാഴ്ച നടന്ന യുഡിഎഫ് യോഗത്തില്‍ മുന്നണി വിഷത്തിനെതിരാണ് എന്ന് പ്രഖ്യാപിച്ചു. എല്‍ഡിഎഫ് നടത്തിയ സമരം കാപട്യമാണെന്നും യോഗം നിശ്ചയിച്ചു. എന്നാല്‍, ഇതൊക്കെ പൊതുജനങ്ങള്‍ക്ക് മനസ്സിലാകുമോ എന്തോ?
ഇനിയുമൊരു കാര്യം കൂടി, വി എസിന്റെ നിരാഹാര സമരം നടന്നതിന് പിന്നാലെ പിണറായി വിജയന്‍ അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിനെതിരെ നടത്തിയ പ്രസ്താവനയും കേരളത്തെ ചെറുതായൊന്നു നടുക്കി - അരാഷ്ട്രീയമായ കാര്യങ്ങളെ മഹത്തരമായി ചിത്രീകരിക്കാനാണ് ഇത്തരം ആളുകള്‍ ശ്രമിക്കുന്നതെന്ന പിണറായിയുടെ പ്രസ്താവന ജനകീയ മുന്നേറ്റങ്ങള്‍ വേണ്ട എന്നും പാര്‍ട്ടികളുടെ കോര്‍പ്പറേറ്റ് യോഗങ്ങളില്‍ തീരുമാനിക്കുന്ന തരം പ്രക്ഷോഭങ്ങള്‍ മാത്രം മതി എന്നുമുള്ള സൂചനയല്ലാതെ മറ്റെന്താണ്?
എന്‍ഡോസള്‍ഫാന്‍ മൂലം നരകയാതന അനുഭവിക്കുന്നവര്‍ മനുഷ്യരാണ്. അവര്‍ക്കായി നാം ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചാല്‍, ചെറിയ ചെറിയ സുഖങ്ങള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചാല്‍ അതു തെറ്റാണോ? അത് നമ്മുടെ വരും തലമുറയ്ക്ക് കൂടി വിഷലിപ്തമല്ലാത്ത ഒരു തുള്ളി ജലം അല്ലെങ്കില്‍ ഒരു വറ്റ് നല്‍കുന്നതിന് തുല്യമല്ലേ?