ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളുടെ പിതാവാണ് വിക്രം സാരാഭായ്.
ഇന്ത്യയുടെ കൊടിക്കൂറ ആകാശത്തിന്റെ അനന്തതകള്‍ക്ക് അപ്പുറത്തും ഉയരണമെന്നാഗ്രഹിച്ച ശാസ്ത്രജ്ഞന്. അതിനു വേണ്ടി അക്ഷീണം പ്രയത്നിച്ച ദേശസ്നേഹി.
വിക്രം സാരാഭായിയുടെ ജന്മദിനമാണ് ഓഗസ്റ്റ് 12.
അഹമ്മദാബാദിലെ ഒരു സമ്പന്ന കുടുംബത്തില്‍ 1919-ല്‍ ആയിരുന്നു വിക്രം അംബാലാല്‍ സാരാഭായിയുടെ ജനനം. ഒരു സ്വകാര്യ സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭാസത്തിന്റെ തുടക്കം.
മാതാപിതാക്കള്‍ ദീര്‍ഘ വീക്ഷണത്തോടെ നല്കിയ വിദ്യാഭ്യാസം വിക്രം സാരാഭായിയിലെ പ്രതിഭയെ ഉണര്‍ത്തുകയും, ശാസ്ത്രകൗതുകം വളര്‍ത്തുകയും ചെയ്തു.
സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സാരാഭായി കോളജ് വിദ്യാഭ്യാസത്തിനായി കേംബ്രിഡ്ജിലേക്കുപോയി.1940-ല്‍ സെന്റ് ജോണ്‍സ് കോളജില്‍ നിന്നും അദ്ദേഹം ബിരുദം നേടി. രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ വിക്രം സാരാഭായി സര് സി.വി രാമനു കീഴില്‍ ഗവേഷണ വിദ്യാര്‍ഥിയായി.
കോസ്മിക് രശ്മികളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനം. 1945-ല്‍ കെംബ്രിഡ്ജിലേക്ക് മടങ്ങിയ സാരാഭായി 1947-ല്‍ പി.എച്ച്.ഡി നേടി. അഹമ്മദാബാദില്‍ തിരിച്ചെത്തിയ സാരഭായി 1947 നവംബറില്‍ എം.ജി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുറച്ച് മുറികള്‍ ഉപയോഗപ്പെടുത്തി
ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി സ്ഥപിച്ചു. ശാസ്ത്ര ലോകത്തിന്റെ അനന്ത വിഹായസിലേക്ക് സാരാഭായി പറന്നുയരുകയായിരുന്നു.
തെളിഞ്ഞ ചിന്തയും, ഭാവനയും, സ്വപ്നങ്ങളും അദ്ദേഹത്തെ മുന്നോട്ടു നയിച്ചു. സ്വപ്നങ്ങള്‍ പൊരുതി നേടുന്നതിനുള്ള വാശി സാരാഭായിയുടെ കരുത്തായിരുന്നു. കോസ്മിക് രശ്മികളെ കുറിച്ചുള്ള പഠനം തുടര്‍ന്ന സാരാഭായി അഹമ്മദാബാദിലും കൊടൈക്കനാലിലും തിരുവനന്തപുരത്തും ഗവേഷണ കേന്ദ്രങ്ങള്‍ തുറന്ന
കോസ്മിക് രശ്മികളുടെ വ്യതിയാനങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളിലൂടെ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയൊരു വാതില്‍ തുറക്കുകയായിരുന്നു സാരാഭായി.
1957-ല്‍ ദേശീയ ബഹിരാകാശ ഗവേഷണ സമിതിക്കു രൂപം നല്കിയപ്പോള് സാരാഭായി അതിന്റെ ചെയര്‍മാനായി. ഹോമി ഭാഭയുടെ ഉറച്ച പിന്തുണയോടെ ഗവേഷണ പരിപാടികളുമായി മുന്നോട്ടു പോയ സാരാഭായി തിരുവനന്തപുരത്തിനടുത്തുള്ള തുമ്പയില്‍ രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിനു മുന്നണിയില്‍ നിന്നു പ്രയത്നിച്ചു..
1963 നവംബര്‍ 21 ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചു. ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ അനര്‍ഘ നിമിഷമായിരുന്നു അത്. നിരവധി ശാസ്ത്രജ്ഞന്മാരിലും ജോലിക്കാരിലും ആത്മവീര്യം പകര്ന്നുനല്കി സാരാഭായി മുന്നോട്ടു നീങ്ങി.
തുമ്പയെ മികച്ച ബഹിരാകാശ കേന്ദ്രമായി വികസിപ്പിച്ച അദ്ദേഹം അഹമ്മദാബാദില്‍ എക്സ്പെരിമെന്റല്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ എര്‍ത്ത് സ്റ്റേഷന് സ്ഥാപിക്കുന്നതിനും മുന്‍കൈയെടുത്തു.. 1965 തുമ്പ കേന്ദ്രത്തിനു അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.
വിമാനപകടത്തില്‍ ഹോമി ഭാഭ മരിച്ചതിനെ തുടര്‍ന്ന് 1966-ല്‍ സാരാഭായി ആറ്റോമിക് എനര്‍ജി കമ്മീഷന് ചെയര്‍മാനായി നിയമിതനായി. ഭാഭയെ പോലെ ശാസ്ത്രത്തെ സാധാരണ ജനങ്ങള്‍ക്കു പ്രാപ്യമാക്കുക എന്ന ലക്ഷ്യവുമായാണ് സാരാഭായിയും നീങ്ങിയത്.
ബഹിരാകാശ ഗവേഷണം, കാലാവസ്ഥ, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അനന്ത സാധ്യത തുറക്കുന്നതായി സാരാഭായി മനസിലാക്കിയിരുന്നു. ഒരു ഇന്ത്യന്‍ ഉപഗ്രഹം ബഹിരാകാശത്തെത്തിക്കുക എന്ന നേട്ടത്തിനായി സാരാഭായി മനസര്‍പ്പിച്ചു. 1975- ആര്യഭട്ട-1 ഭ്രമണപഥത്തിലെത്തുമ്പോള്‍ അതു കാണാന്‍ സാരാഭായി ഉണ്ടായിരുന്നില്ല.
ഇന്ത്യന്‍ ബഹിരാകാശ സ്വപ്നത്തിനു ചിറകുകള് നല്കി 1971 ഡിസംബര്‍ 31 ന് സാരാഭയി വിടവാങ്ങിയിരുന്നു. തിരുവനന്തപുരത്ത് കോവളത്തെ ഹോട്ടലില്‍ സാരാഭായ് മരിച്ചത് ദുരൂഹതകള്‍ക്കിട നല്കി. സാരാഭായുടെ മരണം കൊലപാതകമാണെന്നുപോലും ആരോപണമുയര്‍ന്നിരുന്നു.
പ്രശ്സത നര്‍ത്തികിയും മലയാളിയുമായ മൃണാളിനി സാരഭായിയായിരുന്നു ഭാര്യ. മകള്‍ മല്ലിക സാരഭായിയും അറിയപ്പെടുന്ന നര്‍ത്തകിയാണ്.
ഭട്നാഗര്‍ മെഡല്‍(1962), പത്മഭൂഷണ്‍(1966) പുരസ്കാരങ്ങള്‍ നേടിയ സാരാഭായി നിരവധി അന്താരാഷ്ട്ര പദവികളും വഹിച്ചിട്ടുണ്ട്. ഇന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം മുന്നോട്ടുനീങ്ങുന്നത് സാരാഭായി തെളിച്ചിട്ട വഴിയിലൂടെയാണ്.
T SASI MOHAN|
ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ന് രാജ്യം സ്വയം പര്യാപ്തമായിരിക്കുന്നു. വിക്രം സാരാഭായി സ്പേസ് റിസേര്‍ച്ച് സെന്റര്‍ അന്താരാഷ്ട്ര കീര്‍ത്തി സ്വന്തമാക്കി മുന്നേറുകയാണ്.