വധശിക്ഷ വിധിക്കാന്‍ സി പി എമ്മിന് ‘പാര്‍ട്ടിക്കോടതി’?

WEBDUNIA|
PRO
കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഒരു പതിവ് രാഷ്ട്രീയ കൊലപാതകം എന്ന് വിലയിരുത്തിയവര്‍ ഇപ്പോള്‍ ഞെട്ടലിലാണ്. ഈ സംഭവത്തിന് പിന്നില്‍ സി പി എമ്മിന്‍റെ ‘പാര്‍ട്ടിക്കോടതി’ക്ക് പങ്കുണ്ടോ? പാര്‍ട്ടിക്കോടതിയുടെ വിധിപ്രകാരം ലീഗ് പ്രവര്‍ത്തകന് വധശിക്ഷ നടപ്പാക്കുകയായിരുന്നോ?

ലീഗ്‌ പ്രവര്‍ത്തകന്‍റെ കൊലപാതക കേസില്‍ പാര്‍ട്ടിക്കോടതി ഉണ്ടെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫിസ്‌ സൃഷ്ടിച്ച കള്ളക്കഥയാണെന്നാണ് സി പി എം ആരോപിക്കുന്നത്. പിറവം ഉപതിരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടാണ്‌ ഇത്തരം കഥകള്‍ മധ്യമങ്ങള്‍ക്ക്‌ വിതരണം ചെയ്യുന്നതെന്ന്‌ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു.

എന്നാല്‍ തളിപ്പറമ്പ് അരിയിലെ ലീഗ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത് പതിവ്‌ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുപരി അതീവ ഗൌരവമുള്ളതാണെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. കുറ്റവാളിയെന്ന് ആരോപിച്ച് പിടികൂടിയ ആളെ പട്ടാപ്പകല്‍ വിചാരണ നടത്തിയ ശേഷം സി പി എം ‘വധശിക്ഷ’ നടപ്പാക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം.

പി ജയരാജനും ടി വി രാജേഷ് എം എല്‍ എയും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഫെബ്രുവരി 20നാണ് ലീഗ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂല്‍ കൊല്ലപ്പെടുന്നത്. അബ്ദുള്‍ ഷുക്കൂര്‍ ഉള്‍പ്പടെ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ നടന്നുപോകുമ്പോള്‍ ഒരു സംഘം ആളുകള്‍ അവരെ പിന്തുടരുകയായിരുന്നു. അഞ്ചുപേരും അടുത്തുള്ള ഒരു വീട്ടിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറി. അക്രമികള്‍ ഇവരെ വീടുവളഞ്ഞ് പിടികൂടി.

ഈ അഞ്ചുപേരുടെയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി എംഎംഎസ് വഴി അക്രമികള്‍ ആരുടെയൊക്കെയോ മൊബൈലുകളിലേക്ക് അയച്ചുവത്രെ. ജയരാജനെയും രാജേഷിനെയും ആക്രമിച്ചവരില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനായിരുന്നത്രെ ഇത്. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് മറുപടി മെസേജുകള്‍ കിട്ടി. മെസേജ് കിട്ടിയയുടന്‍ അബ്ദുള്‍ ഷുക്കൂറിനെയും സഖറിയ എന്ന പ്രവര്‍ത്തകനെയും ഒഴികെ മറ്റുള്ളവരെ അക്രമികള്‍ ‘വെറുതെ വിട്ടു’.

പിന്നീട് സഖറിയയെയും അബ്ദുള്‍ ഷുക്കൂറിനെയും വീട്ടില്‍ നിന്ന് പുറത്തിറക്കി അടുത്തുള്ള ഒരു വയലിലേക്ക് കൊണ്ടുപോയി. സഖറിയയെ തലയ്ക്ക് അടിച്ചുവീഴ്ത്തി. പിന്നീട് അബ്ദുള്‍ ഷുക്കൂറിനെ കുത്തിക്കൊലപ്പെടുത്തി. ഇരുവരുടെയും കുറ്റങ്ങള്‍ക്ക് അനുസരിച്ചുള്ള ശിക്ഷ നല്‍കുകയായിരുന്നു ഇതിലൂടെ അക്രമികള്‍ ചെയ്തത് എന്നാണ് പൊലീസ് വിലയിരുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :