മാണ്ഡ്യ ജില്ലയിലെ ബൂകനാകെരെയില്‍ 1943 ഫെബ്രുവരി 27 ന് കര്‍ഷക കുടുംബത്തിലാണ് യദ്യൂരപ്പ ജനിച്ചത്. സൂര്യരാശി പ്രകാരം പീസീയെന്‍ ആണ് അദ്ദേഹം. യദ്യൂരപ്പയുടെ കുടുംബം മാണ്ഡ്യയില്‍ നിന്ന് ഷിമോഗയിലേക്ക് മാറുകയും അവിടെ അദ്ദേഹം രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിക്കുകയും ചെയ്തു.
കര്‍ഷകരുടെയും ഭൂരഹിത തൊഴിലാളികളുടെയും പ്രശ്നങ്ങളില്‍ ഇടപെട്ട് യദ്യൂരപ്പ കര്‍ണ്ണാടകത്തിന്‍റെ മുക്കിലും മൂലയിലും സഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. രണ്ട് തവണ പാര്‍ട്ടിയുടെ സംസ്ഥാന നേതാവായ അദ്ദേഹം സാമാന്യ ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്ക് വേരുറപ്പുണ്ടാക്കി. ശിക്കാരിപ്പുരയില്‍ നിന്ന് ആറ് തവണ തെരഞ്ഞെടുക്കപ്പെട്ട യദ്യൂരപ്പ 1972 ല്‍ മുമ്പത്തെ ജനസംഘത്തിന്‍റെ ശിക്കാരിപുര പ്രസിഡന്‍റായാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.
1983 ല്‍ അദ്ദേഹം അടക്കം 18 ബി.ജെ.പിക്കാര്‍ നിയമസഭാംഗങ്ങളായി. അന്നാദ്യമായി കര്‍ണ്ണാടകത്തില്‍ രാമകൃഷ്ണ ഹെഗ്‌ഡേയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ ഉണ്ടാവുകയും ചെയ്തു. ബി.ജെ.പി യുടെ പിന്തുണയോടെയായിരുന്നു ആ സര്‍ക്കാര്‍ അധികാരത്തിലേറിയത്.
ബി.ജെ.പി-ജെ.ഡി.എസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് ഉപമുഖ്യമന്ത്രിയായിരുന്ന യദ്യൂരപ്പ സ്ത്രീകളേയും മുതിര്‍ന്നവരേയും പാവപ്പെട്ടവരേയും ലക്‍ഷ്യമാക്കി നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തി.