ബിജെപി രാമക്ഷേത്രം പണിയുമോ?

PTI
രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച്‌ എന്‍.ഡി.എ.യിലെ സഖ്യകക്ഷികള്‍ക്ക്‌ അത്ര അനുകൂലമല്ലാത്ത നിലപാടുള്ള സാഹചര്യത്തില്‍ തങ്ങള്‍ക്ക്‌ ആശങ്കയുണ്ടെന്നു വ്യക്‌തമായ സൂചന നല്‍‌കുന്നതായിരുന്നു ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥിന്റെ പ്രസംഗം. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ക്ഷേത്രനിര്‍മ്മാണത്തിനു വേണ്ടി നിയമം കൊണ്ടുവരുമെന്നാണ് രാജ്‌നാഥ്‌ സിംഗിന്റെ വാഗ്ദാനം.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് ബിജെപിയുടെ തുറുപ്പുഗുലാന്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യമായിരുന്നു. ഷെയര്‍ മാര്‍ക്കറ്റുകള്‍ കുതിച്ചുകയറിയിട്ടും ഐടി നഗരങ്ങള്‍ ഉയര്‍ന്നുവന്നിട്ടും ആ മുദ്രാവാക്യത്തിന് പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ പിന്നെ അധികാരം പിടിച്ചെടുക്കാന്‍ ‘രാമക്ഷേത്ര നിര്‍മാണം’ എന്ന പഴയ മുദ്രാവാക്യം തന്നെ ഉയര്‍ത്തിയാല്‍ മതിയെന്ന തീരുമാനത്തിനുപിന്നില്‍ ഭീകരാക്രമണങ്ങളെ നേരിട്ടല്ലാതെ ഉപയോഗിക്കാമെന്ന ചിന്തയുമാവാം.

എന്നാല്‍ അധികാരത്തില്‍ കയറും വരെ രാമക്ഷേത്രം നിര്‍മിക്കും എന്ന് ആണയിട്ട്, അധികാരത്തിലെത്തിയാല്‍ മറവിയിലാഴുന്ന സ്വഭാവം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് ബി.ജെ.പി നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. ഏകപക്ഷീയമായി രാമക്ഷേത്രം പണിയില്ലെന്ന അദ്വാനിയുടെ നിലപാടുതന്നെ ഇപ്പോള്‍ മാറിയിട്ടുണ്ട്. ആരാധനാലയം സംബന്ധിച്ച തര്‍ക്കം പരിഹരിച്ചശേഷം സമവായത്തിലൂടെ മാത്രമേ ക്ഷേത്രം നിര്‍മിക്കൂ എന്നായിരുന്നു നേരത്തേ അദ്വാനിയുടെ നിലപാട്‌.

എന്തായാലും അധികാരം കിട്ടുകയാണെങ്കില്‍ ബിജെപി നേതൃത്വം ഈ പറഞ്ഞതെല്ലാം നടത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍. അതോ പഴയതു പോലെ, അധികേരത്തിലേറിയാല്‍ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുന്ന ഒന്നും ചെയ്യില്ലെന്ന് നിലപാടില്‍ തന്നെ മുറുകെപ്പിടിക്കുമോ പാര്‍ട്ടി എന്നും കണ്ടറിയണം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :