ഒടുവില്‍ സി ബി ഐ രംഗത്തെത്തുകയാണ്. മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് കൊലപാതകക്കേസ് സി ബി ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായിരിക്കുന്നു. കേരളത്തെ ഇളക്കിമറിച്ച ഒരു കൊലപാതകക്കേസ് ഇതോടെ പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. സര്‍ക്കാരിനെയും പൊലീസിനെയും നക്ഷത്രമെണ്ണിച്ച ഈ കേസ് ഇനിയും ഏറെക്കാലം ചര്‍ച്ചകളും വാദങ്ങളും കണ്ടെത്തലുകളുമായി മലയാളിയെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും ഉറപ്പായിരിക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 21ന് രാത്രിയില്‍ പോള്‍ കൊല്ലപ്പെട്ടതു മുതല്‍ കേരളത്തിലെ ജനങ്ങള്‍ ആവശ്യപ്പെട്ടതാണ് ഇന്ന് ഹൈക്കോടതി ഉത്തരവിലൂടെ നടപ്പായിരിക്കുന്നത്. ഈ കേസില്‍ കേരളാ പൊലീസിന്റെ അന്വേഷണരീതി നമ്മള് കണ്ടു, അടുത്തറിഞ്ഞു, മതിയാവുകയും ചെയ്തു. ഇനിയും ഇത് കേരളപൊലീസിന് തട്ടിക്കളിക്കാന്‍ വിട്ടുകൊടുത്താല്‍ ‘പോള്‍ എന്നൊരാള്‍ കൊല്ലപ്പെട്ടിട്ടേ ഇല്ല’ എന്നൊരു റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിച്ചാലും അത്ഭുതപ്പെടാനില്ല.
ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ പോങ്ങ ജ്യോതി ജങ്ഷനില്‍ പോള്‍ എം ജോര്‍ജ്ജ് കുത്തേറ്റു മരിച്ചു എന്ന സത്യമല്ലാതെ, പൊലീസ് കണ്ടെത്തിയ ‘സത്യങ്ങള്‍’ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ജനങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതു തന്നെ വലിയ കാര്യമാണ്. ഈ കേസ് കൈകാര്യം ചെയ്തത്ര അലസമായി, ഉത്തരവാദിത്ത രഹിതമായി കേരളത്തിലെ പൊലീസ് അടുത്തകാലത്തൊന്നും ഒരു കേസിനെയും സമീപിച്ചിട്ടില്ല. ആരോപണ ശരങ്ങള്‍ക്കു മുന്നില്‍ ഇത്രയും അപമാനിതരായി പൊലീസ് മേധാവികള്‍ക്ക് ഇതിനു മുമ്പ് നില്‍ക്കേണ്ടിയും വന്നിട്ടില്ല.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൃത്യം എങ്ങനെ സംഭവിച്ചു എന്നും ആരാണ് കുറ്റവാളികള്‍ എന്നുമുള്ള വിശദീകരണവുമായി ഐ ജി വിന്‍സന്റ് എം പോള്‍ പത്രസമ്മേളനം നടത്തിയതു മുതല്‍ സംസ്ഥാന പൊലീസ് ഈ കേസില്‍ നടത്തിയ മലക്കം മറിയലുകള്‍ എത്രയാണ്? ‘എസ്’ ആകൃതിയിലുള്ള കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും യാദൃശ്ചിക സംഭവങ്ങളുടെ അവസാനം പെട്ടെന്നുണ്ടായ പ്രകോപനത്താല്‍ സംഭവിച്ച കുറ്റകൃത്യമാണിതെന്നും ഐ ജി വിശദീകരിച്ചു. ഈ വാര്‍ത്താസമ്മേളനം വിവാദങ്ങളുടെ കൊടുങ്കാറ്റാണ് ഇളക്കിവിട്ടത്.
‘എസ്’ ആകൃതിയിലുള്ള കത്തി ആര് എസ് എസുകാരുടെ കൈവശമാണ് കാണാറുള്ളതെന്നും പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുള്ള കാരി സതീശ് ആര് എസ് എസ് ബന്ധമുള്ളയാളാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയതോടെ കേസിന് രാഷ്ട്രീയമാനവും കൈവന്നു. പിന്നീട് ഒരു പൂരം തന്നെയാണ് നടന്നത്. ആരോപണ - പ്രത്യാരോപണങ്ങളാല്‍ കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം പുകഞ്ഞു. കാരി സതീഷിന്റെ വീട്ടില്‍ നിന്ന് എസ് കത്തി കണ്ടെടുത്തതും ഓംപ്രകാശ്, രാജേഷ് എന്നീ പ്രതികളെ അറസ്റ്റു ചെയ്തതിലെ നാടകീയതുമെല്ലാം മാധ്യമങ്ങളും ആഘോഷിച്ചു.
പൊലീസും ഭരണപക്ഷവും മാധ്യമങ്ങള്‍ക്കെതിരെ ഏറ്റവുമധികം ആക്രമണം നടത്തിയ കേസുകൂടിയാണിത്. എസ് കത്തി പൊലീസ് പണിയിച്ചതാണെന്ന മാധ്യമങ്ങളുടെ കണ്ടെത്തല്‍ സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലാക്കി. ഈ ആരോപണത്തില്‍ നിന്ന് രക്ഷപെടാനോ ഇത് തെറ്റാണെന്ന് തെളിയിക്കാനോ പൊലീസിനോ സര്‍ക്കാരിനോ ഇതുവരെയും കഴിഞ്ഞിട്ടില്ല.
പോള്‍ വധം നാടിനെ ഇളക്കിമറിച്ച് മുന്നേറവേ ഏറ്റവും ഒടുവിലാണ് കൊലപാതകത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോളിന്റെ പിതാവും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ എം ജി ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്. കേസ് സി ബി ഐക്ക് വിടാന്‍ കോടതി ഉത്തരവിറക്കുകയും ചെയ്തിരിക്കുന്നു. പോള്‍ മുത്തൂറ്റ് വധക്കേസ് അന്വേഷണം സി ബി ഐക്ക് കൈമാറിയ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചിട്ടുണ്ട്.
കേസ് സി ബി ഐ ഏറ്റെടുക്കുമ്പോള്‍ സത്യം വെളിച്ചത്തുവരണമെന്ന് ആഗ്രഹമുള്ള ജനങ്ങള്‍ സന്തോഷത്തിലാണ്. എന്നാല്‍ സി ബി ഐ മുമ്പ് അന്വേഷിച്ചിട്ടുള്ള ചില കേസുകള്‍ പോലെ മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജിന്റെ കൊലപാതകക്കേസും എങ്ങും എത്താതെ അവസാനിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. എല്ലാ അശങ്കകള്ക്കും പരിഹാരവുമായി സത്യം കണ്ടെത്താന്‍ സി ബി ഐക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.