അവധിയില്‍ കഴിയുന്ന സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിക്കെതിരെ നടപടിവരുമെന്ന് സൂചന. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടാവുക. ഐസ്ക്രീം പാര്‍ലര്‍ കേസ് ഉയര്‍ന്നു വന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് നീക്കം.
എത്രയും പെട്ടെന്ന് ശശിക്കെതിരെ നടപടിയെടുക്കണമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്കി. ശശിക്കെതിരെ നടപടിയെടുക്കാന്‍ വൈകിയാല്‍ ഈ കേസുമായി ബന്ധപ്പെട്ട് സി പി എമ്മിനും പഴി കേള്‍ക്കേണ്ടി വരുമെന്നാണ് സെക്രട്ടേറിയറ്റിന്റെ മുന്നറിയിപ്പ്. വരുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെയും യു ഡി എഫിനെയും അടിക്കാന്‍ ഇപ്പോള്‍ കിട്ടിയിരിക്കുന്ന അവസരം ശശിയെ സംരക്ഷിച്ചാല്‍ തിരിച്ചടിയായി മാറുമെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം കരുതുന്നു.
ഐസ്ക്രീം കേസ് അട്ടിമറിച്ചത് പി ശശിയാണെന്ന് ആരോപണമുന്നയിച്ചത് ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയല്ല. മുന്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ കല്ലട സുകുമാരനാണ്. അതുകൊണ്ടുതന്നെ ശശിയെ കൂടുതല്‍ കാലം സംരക്ഷിച്ചു നിര്‍ത്താനാകില്ല. പി ശശി ഇപ്പോള്‍ നിര്‍ബന്ധിത അവധിയിലാണ്. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം പാര്‍ട്ടിയില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ഐസ്ക്രീം കേസിലെ വെളിപ്പെടുത്തലുകള്‍ വിഘാതമായി മാറിയിരിക്കുന്നത്.
ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് വിശദീകരണം നല്കാന് പി ശശി നേതൃത്വത്തിന്റെ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ ഇതിന് അനുമതി നല്കുന്നതില് ജില്ലാ നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് സൂചന.