പിറവത്തിന് ശേഷം പിണറായി മുഖ്യമന്ത്രിയാകും?

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
കേരളരാഷ്ട്രീയം വലിയ കൊടുങ്കാറ്റിനെ അഭിമുഖീകരിക്കാന്‍ പോകുന്നതായി സൂചന. ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനെതിരായ അട്ടിമറി നീക്കങ്ങള്‍ ശക്തമാക്കാന്‍ എല്‍ ഡി എഫ് അണിയറ നീക്കങ്ങള്‍ ആരംഭിച്ചു. മേയ് മാസത്തോടെ സര്‍ക്കാരിനെ വീഴ്ത്താനാണ് ശ്രമമെന്ന് അറിയുന്നു.

സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്, പിറവം ഉപതെരഞ്ഞെടുപ്പ് എന്നിവയ്ക്ക് ശേഷം യു ഡി എഫ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ ശക്തമാകും. യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫിലേക്ക് ചേക്കേറാന്‍ തക്കം പാര്‍ത്തുനില്‍ക്കുകയാണ് പി ജെ ജോസഫും മാണി കോണ്‍ഗ്രസിലെ ചില എം എല്‍ എമാരും.

പിറവം ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് പരാജയപ്പെടുമെന്നാണ് ഔദ്യോഗികമായുള്ള ചില റിപ്പോര്‍ട്ടുകള്‍. അങ്ങനെയുണ്ടായാല്‍ യു ഡി എഫ് സര്‍ക്കാരിന്‍റെ വീഴ്ച കൂടുതല്‍ വേഗത്തിലാവും. മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍‌ചാണ്ടിക്ക് രാജിവയ്ക്കേണ്ടിവരും. പിറവത്ത് യു ഡി എഫ് ജയിച്ചാലും പി ജെ ജോസഫിനെയും കൂട്ടരെയും എല്‍ ഡി എഫ് ക്യാമ്പിലെത്തിച്ച് ഭരണം പിടിക്കാനാണ് ഇടതുമുന്നണി ഒരുങ്ങുന്നത്.

യു ഡി എഫിനെ വീഴ്ത്തി ഇടതുമുന്നണി അധികാരത്തിലേറിയാല്‍ ഭൂമിദാനക്കേസിന്‍റെ പശ്ചാത്തലത്തില്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകില്ല. പകരം, പിണറായി വിജയന്‍ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തും. പിണറായി മുഖ്യമന്ത്രിയാകുകയും കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറിയാകുകയും ചെയ്യും. പിണറായി ധര്‍മ്മടത്തുനിന്ന് ജനവിധി തേടുമെന്നും സൂചനകളുണ്ട്.

എന്തായാലും പിറവം തെരഞ്ഞെടുപ്പിന് ശേഷം വലിയ അട്ടിമറികള്‍ക്കാണ് കേരള രാഷ്ട്രീയം സാക്‍ഷ്യം വഹിക്കാന്‍ പോകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :