ജ്യോതിബസു, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിപദത്തിലിരുന്ന കമ്യൂണിസ്റ്റ് താത്വികാചാര്യന്‍ 2010 ജനുവരി 17 ന് ജീവിതപ്പോരാട്ടം അവസാനിപ്പിച്ചു. രണ്ടായിരത്തില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശിയായി തുടരുകയായിരുന്നു അദ്ദേഹം. ജ്യോതിബസുവിന്റെ ജീവിതത്തിലെ പ്രധാന കാലഘട്ടങ്ങളിലൂടെ ഒരു എത്തിനോട്ടം;
1914 ജൂലൈ 8 ന് കൊല്‍ക്കത്തയില്‍ ജനിച്ചു.
പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ഓണേഴ്സ് ബിരുദം നേടിയ അദ്ദേഹം നിയമം പഠിക്കാനായി ലണ്ടനില്‍ പോയത് വഴിത്തിരിവായി. ലണ്ടനിലെ പഠനകാലത്ത് മാര്ക്സിസത്തിനോടു തോന്നിയ അഭിനിവേശം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കുള്ള വഴിയായി.
1940 ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (സിപിഐ) ചേര്‍ന്നു. 1944 ല്‍ ബംഗാള്‍ റയില്‍വെ തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തകനായി.
1946 ല്‍ കോണ്‍ഗ്രസിന്റെ ഹുമയൂണ്‍ കബീറിനെ തോല്‍പ്പിച്ച് പശ്ചിമബംഗാള്‍ നിയമസഭയില്‍ എത്തി. പിന്നീട് 1952, 1957, 1962, 1967, 1969, 1971 എന്നീ വര്‍ഷങ്ങളില്‍ ബാരാനഗര്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. എന്നാല്‍, 1972 തെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
1964 ല്‍ സിപിഐ (എം) ന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 1967 ല്‍ പശ്ചിമബംഗാളിലെ തൂക്കുമന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി.
1977 ജൂണ്‍ 21 ന് പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരില്‍ മുഖ്യമന്ത്രിയായ ബസു 2000 നവംബര്‍ 6 വരെ ഇടതുമുന്നണി സര്‍ക്കാരിനെ നയിച്ച് ചരിത്ര നേട്ടത്തിന് ഉടമയായി.
1990 ല്‍ പ്രധാനമന്ത്രിയാവാനുള്ള സാഹചര്യം പാര്‍ട്ടി പിന്തുണ ഇല്ലാത്തതിനാല്‍ നഷ്ടമായി. ബസു ഇതിനെ “ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിച്ചു. 2000 ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രിപദം ഉപേക്ഷിച്ചു. 2006 ല്‍ പിബിയില്‍ നിന്ന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിച്ചു എങ്കിലും 2008 വരെ തുടര്‍ന്നു.