ജനനായകന്‍റെ ഓര്‍മ്മയില്‍...

PROPRO
വിശേഷണങ്ങള്‍ക്ക് അതീതനായ കേരള മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം - ഇ കെ നായനാര്‍. നര്‍മ്മം വിതറിയ സംഭാഷണവുമായി മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രാഷ്ട്രീയ കേരളത്തിലെ ജനനായകനായി മാറിയ നായനാര്‍ ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം തികയുന്നു.

കമ്മ്യൂണിസ്റ്റുകള്‍ക്കിടയിലെ മനുഷ്യസ്നേഹിയ്ക്ക് മലയാള മണ്ണ് നല്‍കിയ വിടവാങ്ങല്‍ ദൃശ്യങ്ങള്‍ ഇന്നും ജനമനസുകളില്‍ തങ്ങി നില്‍ക്കുന്നു. കണ്ണൂരിന്‍റെ വിപ്ളവ വീര്യവുമായെത്തി ജനപ്രിയനായി മാറിയ നായനാരുടെ വിയോഗം തീര്‍ത്ത വിടവ് നികത്തപ്പെടാതെ കിടക്കുമെന്നുറപ്പാണ്. രാഷ്ട്രീയ ശത്രുക്കളെപ്പോലും കുടുംബ സുഹൃത്തുക്കളാക്കി മുന്നേറിയ നായനാര്‍ കേരളീയര്‍ക്ക് വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നില്ല.

സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്നും സി പി എമ്മിന്‍റെ പൊളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ന്ന നായനാര്‍ക്ക് രാഷ്ട്രീയ ഉയര്‍ച്ചയിലൊരിടത്തും തിരിച്ചടികളെ നേരിടേണ്ടിവന്നില്ല. ജനപിന്തുണയോടെ മുന്നേറിയ കയ്യൂര്‍ സമരനായകന്‍ കേരളീയനായ ഏതൊരു കമ്മ്യൂണിസ്റ്റ് നേതാവിനൊപ്പം തലയെടുപ്പ് അവകാശപ്പെടാവുന്ന വ്യക്തിയാണ്. എ കെ ജിയ്ക്കും ഇ എം എസിനും ശേഷം മലയാളിയുടെ മനമറിഞ്ഞ വിപ്ളവ നേതാവും നായനാരായിരുന്നു.

മരിക്കുന്നതിനു തൊട്ടുമുമ്പു പോലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു നായനാര്‍. ഒരു തുറന്ന പുസ്തകം പോലെ മുന്നേറിയ നായനാരുടെ പ്രവര്‍ത്തികള്‍ സ്വന്തം പാര്‍ട്ടിയായ സി പി എമ്മിനെപ്പോലും കുഴച്ചിരുന്നെങ്കിലും ജനനായകന്‍റെ നിഷ്കളങ്കത ഏവരും അംഗീകരിച്ചു.

വടക്കന്‍ മലബാറിന്‍റെ മലയാള സംസാര ശൈലിയിലൂടെ എതിരാളികളെ വാക്കുകളാല്‍ തോല്‍പ്പിച്ച നായനാര്‍ മികച്ച പ്രാസംഗികനും വാഗ്മിയുമായിരുന്നു. എഴുത്തുകാരനായും മാധ്യമ പ്രവര്‍ത്തകനായും കഴിവു തെളിയിച്ച നായനാര്‍ രാഷ്ട്രീയത്തിലെ തമാശക്കാരനായും തമാശക്കാരിലെ രാഷ്ട്രീയക്കാരനായും അറിയപ്പെട്ടു.

WEBDUNIA|
മൂന്നു തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ചപ്പോഴും അതിന്‍റെ ഭാവ ഭേദങ്ങള്‍ നായനാരില്‍ പ്രകടമായിരുന്നില്ല. 2004ലെ മേയ് 19 ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നായനാരുടെ മരണ വാര്‍ത്തയെത്തി. പിന്നീടുള്ള മണിക്കൂറുകള്‍ മലയാളികള്‍ വിപ്ളവ നായകന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വിതുമ്പി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :