കേരളത്തില്‍ ജീവന് വിലയുണ്ട്, ‘പുല്ലുവില’!

ജോണ്‍ കെ ഏലിയാസ്

DHRM
PRO
PRO
കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളും കാണിച്ച അബദ്ധമാണ് കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയ്ക്ക് പിന്നില്‍. രാഷ്ട്രീയ നേതാക്കളെ സഹായിക്കുന്നതിനാലും പൊലീസിനെ ‘വേണ്ടവണ്ണം’ കാണുന്നതിനാലും ക്വട്ടേഷന്‍ സംഘങ്ങളെ പനപോലെ വളരാന്‍ സര്‍ക്കാരുകള്‍ അനുവദിച്ചു. നക്സല്‍ ഗ്രൂപ്പുകള്‍ക്ക് ശക്തിയില്ല എന്ന അബദ്ധധാരണയും ജാതീയ തീവ്രവാദ സംഘടനകളെ തൊടാന്‍ ധൈര്യമില്ലാത്ത അവസ്ഥയും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വളമായി.

കേരളത്തില്‍ സാന്നിധ്യം അറിയിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഡിഎച്ച്ആര്‍എം എന്ന സംഘടന നിലവില്‍ വന്ന് മൂന്ന് വര്‍ഷം ആയതേയുള്ളൂ. അസൂയാവഹമായ പുരോഗതിയാണ് സംഘടന കൈവരിച്ചിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പറവൂരാണ് സംഘടനയുടെ ആസ്ഥാനം. ലിറ്റില്‍ ബോയ് എന്ന ടാബ്ലോയ്ഡും സ്വതന്ത്ര നാട്ടുവര്‍ത്തമാനം എന്ന മാസികയും ഇവര്‍ പുറത്തിറങ്ങുന്നുണ്ട്. ഒപ്പം അണികളെ ഉദ്‌ബുദ്ധരാക്കാനായി ‘ഉയിരുണര്‍വ്’ എന്ന പേരിലൊരു സിഡി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

ബ്രാഞ്ച് യൂണിറ്റ് മുതല്‍ സംസ്ഥാന കമ്മറ്റി വരെ പോകുന്ന രീതിയില്‍ അടിയുറച്ചൊരു ഘടന ഈ സംഘടനയ്ക്കുണ്ട്. പ്രാഥമിക യൂണിറ്റായ ബ്രാഞ്ച് കമ്മിറ്റി ആഴ്ചയില്‍ രണ്ടു ദിവസം ചേരും. അംഗങ്ങളുടെ കായികക്ഷമതക്കായി യോഗയും മറ്റും സംഘടന പരിശീലിപ്പിക്കുന്നുണ്ട്. ഇടക്കിടെ ഇവര്‍ കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

മതങ്ങള്‍ക്ക് അതീതമാണ് ഡിഎച്ച്ആര്‍എം എന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പലപ്പോഴും ആര്‍‌എസ്‌എസ് പ്രവര്‍ത്തകരുമായും ഡി‌വൈ‌എഫ്‌ഐ/സിപി‌‌എം പ്രവര്‍ത്തകരുമായും ഡിഎച്ച്ആര്‍എം കൊമ്പുകോര്‍ക്കുകയുണ്ടായിട്ടുണ്ട്. ‘പല്ലിന് പല്ല്’ എന്നാണ് സംഘടനയുടെ നയം. മധ്യകേരളത്തിലെ പട്ടികജാതിക്കാര്‍ക്കിടയില്‍ നിര്‍ണായക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഈ സംഘടനക്ക് 3,000 കാഡര്‍മാര്‍ ഉള്ളതായി അറിയുന്നു.

ഗുണ്ടകളും ജാതീയ/രാഷ്ട്രീയ തീവ്രവാദികളും കേരളത്തിന്റെ ഉറക്കം കെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വിശ്വസിച്ച് വീട്ടിലിരിക്കാനോ വീടിന് വെളിയില്‍ പോകാനോ പറ്റാത്ത അവസ്ഥ! ഗുണ്ടകള്‍ ആളുമാറി നമ്മെ വെട്ടാം. ശക്തി തെളിയിക്കാനായി രാഷ്ട്രീയ തീവ്രവാദ സംഘടനകള്‍ നമ്മെ കൊലപ്പെടുത്താം. ജാതിയോ മതമോ മറ്റൊന്നായതിനാല്‍ ‘വര്‍ഗീയ’ സംഘടനകള്‍ നമ്മെ ഉന്മൂലനം ചെയ്യാം. ഇതൊക്കെയാണ് നമ്മുടെ കേരളം!

WEBDUNIA|
തീവ്രവാദ സംഘടനയ്ക്ക് മതമായും രാഷ്ട്രീയപ്പാര്‍ട്ടിയുമായും ബന്ധമുണ്ടാവട്ടെ, ഗുണ്ടയ്ക്ക് മന്ത്രിപുത്രനുമായി ബന്ധമുണ്ടാവട്ടെ. ഇതൊക്കെയും മറികടന്ന് നടപടിയെടുക്കാന്‍ നട്ടെല്ലുള്ള, അവിഹിതബന്ധങ്ങളില്ലാത്ത, ഉശിരന്‍ സര്‍ക്കാരാണ് നമുക്ക് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമുക്കില്ലാത്തതും അതുതന്നെ. അപ്പോള്‍ പിന്നെ, ‘കേരളത്തില്‍ ജീവന് വിലയുണ്ട്’ എന്ന് ഉറക്കെപ്പറഞ്ഞ്, പിന്നാലെ ‘പുല്ലുവില’ എന്ന് മെല്ലെപ്പറഞ്ഞ് നമുക്ക് ആശ്വസിക്കാം. നമ്മുടെ ജീവനായി ഗുണ്ടകളോ തീവ്രവാദ സംഘടനകളോ വരും വരെ കാത്തിരിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :