പുരാതന റോമില്‍ പുതുവര്‍ഷം ആഘോഷിച്ചിരുന്നത് ഏപ്രില്‍ ഒന്നിനായിരുന്നു. മധ്യകാല യൂറോപ്പുകാര്‍ മാര്‍ച്ച് 25-നെ പുതുവര്ഷപ്പിറപ്പായി കണ്ടു. നമ്മുടെ നാട്ടില്‍ വിഷു സംക്രമവുമായി ബന്ധപ്പെട്ടാണ് ഇത് ആഘോഷിച്ചിരുന്നത്. ഇങ്ങനെ ഓരോ നാട്ടുകാരും ഓരോ രീതിയില്‍ പുതുവര്‍ഷത്തെ വരവേറ്റു. അക്കാലങ്ങളില്‍ ലോകമെമ്പാടും പത്തോ ഇരുപതോ തവണ പുതുവര്‍ഷം പിറന്നു. ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമായെന്ന് പറയേണ്ടതില്ലല്ലോ.
അങ്ങനെയിരിക്കേ, പുതുവര്‍ഷത്തിന്റെ കാര്യത്തില്‍ പോലും ലോകത്തിന് ഒരുമയില്ലല്ലോ എന്നോര്‍ത്ത് ഒരാള്‍ വ്യഥിതനും ആകുലചിത്തനുമായി ഭവിച്ചു. വത്തിക്കാന്‍ നഗരത്തിലെ പോപ്പ് ഗ്രിഗറി പതിമൂന്നാമനാണ് ദുഃഖിതനായത്. 1582ല്‍ അദ്ദേഹം തന്റെ സങ്കടത്തിന് പരിഹാരം കണ്ടെത്തി. ജനുവരി ഒന്നിന് പുതുവര്‍ഷം വരുന്ന രീതിയില്‍ അദ്ദേഹം കലണ്ടര്‍ പുനക്രമീകരിച്ചു. ഈ കലണ്ടറിനെയാണ് ഗ്രിഗറി കലണ്ടര്‍ എന്നു വിളിക്കുന്നത്. നമ്മളത് മാതൃഭൂമി കലണ്ടറെന്നും മനോരമാ കലണ്ടറെന്നും പേരുമാറ്റി.
അതേവര്‍ഷം തന്നെ ഫ്രാന്‍സ് പുതിയ കലണ്ടര്‍ സ്വീകരിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ പാരമ്പര്യവാദികളായ ചിലര്‍ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ പഴയ കലണ്ടറില്‍ പഞ്ചാംഗം നോക്കിയും രാഹുകാലം നോക്കിയും കഴിഞ്ഞുകൂടാന്‍ തന്നെ തീരുമാനിച്ചു. പുതിയ കലണ്ടര്‍ അവര്‍ പഠിച്ചില്ല. പാരമ്പര്യവാദികളായ ആളുകളെ അങ്ങനെ വെറുതെ വിടാന്‍ പുത്തങ്കൂറ്റുകാര്‍ തയ്യാറായതുമില്ല. ഏപ്രില്‍ ഒന്നിന് പുതുവര്‍ഷപ്പുലരിയിലേക്ക് കണ്ണ് തുറക്കാന്‍ നിശ്ചയിച്ചവരെ പുതിയ തലമുറ കളിയാക്കാന്‍ തുടങ്ങി. അവരെ ഫൂളാക്കുന്ന സന്ദേശങ്ങള്‍ അയച്ചു.
ഈ ഏര്‍പ്പാട് യൂറോപ്പിലാകമാനം പടര്‍ന്നു. ഇപ്പോഴും ഏപ്രില്‍ 1 എന്ന ദിവസത്തെക്കുറിച്ച് ബോധമില്ലാത്തവര് പരസ്യമായോ രഹസ്യമായോ കബളിപ്പിക്കപ്പെടുന്നു. കഴിഞ്ഞ ദിവസത്തില്‍ നിന്നുണര്‍ന്ന് പുതിയ ദിവസത്തിന്റെ ജാഗ്രതയില്‍ ജീവിക്കുവാന്‍ വിഡ്ഢിദിനം ഓര്‍മിപ്പിക്കുന്നു. ഈ വിവരിച്ചത് വിഡ്ഢിദിനത്തെകുറിച്ചുള്ള മിത്തുകളില്‍ ഒന്ന് മാത്രമാണ്. ഇങ്ങനെ നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. ഒന്നും നിങ്ങള്‍ വിശ്വസിച്ചു പോകരുത്!
പല തന്ത്രങ്ങളാണ് ഏപ്രില്‍ ഒന്നിന് രാവിലെ ആളുകള്‍ പയറ്റുക. ഉറക്കമെണീറ്റു വരുന്നതിന്റെ നിഷ്കളങ്കമായ മാനസികാവസ്ഥയില്‍ പലതും ഏല്ക്കുകയും ചെയ്യും. അടുത്ത വീട്ടിലെ അപ്പൂപ്പന് മരിച്ചുപോയെന്നു തുടങ്ങി റോമാ സാമ്രാജ്യം തകര്‍ന്നു പോയെന്നുവരെ നമ്പറുകളിടും. അതെല്ലാം പരമ്പരാഗത രീതികള്‍. പരമ്പരാഗതത്വത്തെ തകര്‍ക്കുക എന്നത് വിഡ്ഢിദിനത്തിന്റെ ജന്മസ്വഭാവമാണെന്ന് നമ്മള് കണ്ടുകഴിഞ്ഞല്ലോ. പുതിയ രീതികള്‍ വ്യത്യസ്തമാണ്.
ആധുനിക സാങ്കേതികതയില്‍ ഊന്നിയ വ്യവസായ സംരംഭങ്ങള്‍ പലതും ഭയപ്പാടോടെയാണ് വിഡ്ഢിദിനത്തെ കാണുന്നത്. ഓണ്‍ലൈന്‍ പറ്റിപ്പുകള്‍ വന്‍ നഷ്ടങ്ങള്‍ തങ്ങള്‍ക്ക് വരുത്തിവെക്കാന്‍ പര്യാപ്തമാണെന്ന് കമ്പനികള്‍ക്കറിയാം. ഓണ്‍ലൈന്‍ ട്രസ്റ്റ് അലയന്‍സ് എന്ന സംഘടന ബിസിനസ്സുകാര്‍ക്ക് പത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് വിഡ്ഢിദിനം ആഘോഷിച്ചത്. മാല്‍വെയര്‍ പ്രതിരോധമില്ലാത്ത ബ്രൌസര്‍ ഉപയോഗിച്ച് സൈറ്റില്‍ കയറുന്നതിനെ വിലക്കുക, ഈമെയില്‍ ഓതന്റിക്കേഷനോടെ മാത്രം സന്ദേശങ്ങള്‍ സൈറ്റുകളില്‍ സ്വീകരിക്കുക തുടങ്ങിയ പത്തു നിര്‍ദ്ദേശങ്ങള്‍ പാലിക്കാനായി മാത്രം കമ്പനികള്‍ക്ക് ഒരു വിഡ്ഢിദിനം മാറ്റി വെക്കേണ്ടതായി വരും.
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ട്വിറ്റര്‍ അംഗങ്ങളുടെ ഓരോ കുറുകലിനും പണം ഈടാക്കുവാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഓണ്‍ലൈനായി പ്രചരിച്ചിരിക്കുന്ന പുതിയ വിഡ്ഢിദിന സന്ദേശം. ട്വിറ്റര്‍ കമ്പനിയിലെ നിക്ഷേപകരുടെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് പുതിയ തീരുമാനമെടുത്തതെന്ന് ട്വിറ്റര്‍ അധികാരികളെ “ഉദ്ധരിച്ചു”കൊണ്ട് വാര്‍ത്ത പറയുന്നു. ആദ്യത്തെ അഞ്ചു കുറുകല്‍ ഫ്രീയാണെന്ന ഔദാര്യവും വിഡ്ഢിദിനക്കാരന് അനുവദിക്കുന്നുണ്ട്.
വിഡ്ഢിദിനത്തിലെ ഏറ്റവും വലിയ ദുരന്തം പാളിപ്പോകുന്ന ഉദ്യമങ്ങളാണ്. വിഡ്ഢിയാക്കാന്‍ ശ്രമിച്ചവന് വിഡ്ഢിയായിത്തീരുന്ന ആ അസുലഭമോഹന നിമിഷമാണ് വിഡ്ഢിദിനത്തിന്റെ സൌന്ദര്യം.